വോട്ട് പെട്ടിയിലായതോടെ മഅ്ദനിയെ ജയിലിലേക്ക് മടക്കി

Posted on: April 19, 2014 12:30 am | Last updated: April 19, 2014 at 12:30 am

madaniകോഴിക്കോട്:കേരളത്തിലും കര്‍ണാടകയിലും തിരഞ്ഞെടുപ്പ് കഴിയുംവരെ മഅ്ദനിക്ക് ചികിത്സ നല്‍കിയ സര്‍ക്കാറുകള്‍ വോട്ട് പെട്ടിയിലായതോടെ മഅ്ദനിയെ ജയിലിലേക്ക് മാറ്റി. സുപ്രീം കോടതി നിര്‍ദേശം പോലും കാറ്റില്‍പ്പറത്തി ചികിത്സ പൂര്‍ത്തിയാക്കാതെയാണ് മഅ്ദനിയെ ആശുപത്രിയിലേക്ക് മാറ്റിയത്. എട്ടാഴ്ചത്തെ ചികിത്സ നല്‍കണമെന്നും ഇതിനിടയില്‍ നേത്ര ശസ്ത്രക്രിയ ചെയ്യാനാകും വിധം ആരോഗ്യസ്ഥിതി വീണ്ടെടുക്കും വരെ കരുതല്‍ വേണമെന്നുമായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം. എന്നാല്‍ 19 ദിവസത്തെ ചികിത്സ നല്‍കി തുടര്‍ പരിശോധനക്ക് അവസരം നിഷേധിച്ചാണ് ജയിലിലേക്ക് മാറ്റിയത്. നേരത്തെ മഅ്ദനിക്ക് ചികിത്സ നല്‍കുന്നതിനെയും ചികിത്സക്കായി ജാമ്യം നല്‍കുന്നതിനെയും കര്‍ണാടക സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. സുപ്രീം കോടതിയുടെ നിര്‍ദേശമുണ്ടായിട്ടുപോലും ചികിത്സ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ മഅ്ദനി ജയിലിലെത്തിയതിന് ശേഷം ഏറ്റവും കൂടുതല്‍ ദിവസം ജയിലിന് പുറത്ത് ചികിത്സ നല്‍കാന്‍ തയാറായത് ഇത്തവണയാണ്. ഇത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയായിരുന്നു എന്ന് ബോധ്യപ്പെടുന്നതാണ് ജയിലധികൃതരുടെ പുതിയ നീക്കം.

മഅ്ദനിക്ക് തിരഞ്ഞെടുപ്പ് സമയത്ത് ചികിത്സ നല്‍കുന്നത് കേരളത്തിലും കര്‍ണാടകയിലും കോണ്‍ഗ്രസിന് ഗുണകരമായിരിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. കഴിഞ്ഞ ദിവസം കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ മഅ്ദനിയെ ജയിലിലെത്തിക്കുകയും ചെയ്തു. ഇതോടെ മഅ്ദനി വിഷയത്തില്‍ കര്‍ണാടക സര്‍ക്കാറിന്റെ മുന്‍ നിലപാടില്‍ മാറ്റമില്ലെന്നാണ് വ്യക്തമാക്കുന്നത്.
പി ഡി പി ഇത്തവണ യു ഡി എഫിന് പിന്തുണ നല്‍കിയാല്‍ മഅ്ദനി വിഷയത്തില്‍ അനുകൂല നിലപാടുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വവും നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഹൈക്കമാന്‍ഡ് വഴി കര്‍ണാടക സര്‍ക്കാറില്‍ സ്വാധീനം ചെലുത്തി മഅ്ദനിക്ക് ആദ്യ ഘട്ടത്തില്‍ ചികിത്സയും അടുത്ത ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കുന്ന ഘട്ടത്തില്‍ അനുകൂല സമീപനവും ഉണ്ടാകുമെന്നായിരുന്നു ഉറപ്പ്.
ഇതേ തുടര്‍ന്ന് യു ഡി എഫിന് പിന്തുണ നല്‍കാന്‍ പി ഡി പി സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നതോടെ മനസ്സാക്ഷി വോട്ടിന് ആഹ്വാനം നല്‍കി തങ്ങള്‍ക്ക് താത്പര്യമുള്ള മണ്ഡലങ്ങളില്‍ രഹസ്യമായി യു ഡി എഫിനെ സഹായിക്കുന്ന സമീപനമായിരുന്നു പി ഡി പി സ്വീകരിച്ചിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ നല്‍കിയ ഉറപ്പുകളെല്ലാം ലംഘിച്ച് കോടതി വിധി പോലും മാനിക്കാതെയാണ് മഅ്ദനിയെ മാറ്റാന്‍ തയ്യാറായത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കാലിന്റെ പേശികളിലെ മരവിപ്പും സന്ധികളിലെ വേദനയും നിലനില്‍ക്കുകയാണ്. ഇതിനുള്ള ചികിത്സ നല്‍കി കൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി ജയിലിലേക്കു മടക്കിയത്. രോഗിയായ മഅ്ദനിക്ക് ചികിത്സ നല്‍കുക എന്നതിനേക്കാളേറെ ഏറെ അനുയായികളുള്ള മഅ്ദനിയുടെ വോട്ട് ബേങ്കായിരുന്നു ആശുപത്രിവാസത്തിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിട്ടിരുന്നത്.
രോഗം ഭേദമാകാതെ സുപ്രീം കോടതി വിധി ലംഘിച്ച് മഅ്ദനിയെ ജയിലിലേക്ക് മാറ്റിയത് ഞെട്ടിക്കുന്നതാണെന്നും ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വെച്ചിരുന്നത് എന്താണെന്ന് ബോധ്യമായെന്നും പി ഡി പി വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാഹി പറഞ്ഞു.