ഒരേ വീട്ടില്‍ 30 കൊല്ലം; വീട്ടുവേലക്കാരെ ആദരിച്ചു

Posted on: April 18, 2014 8:54 pm | Last updated: April 18, 2014 at 9:08 pm

Housemades

റാസല്‍ഖൈമ: മനുഷ്യത്വരഹിതമായി വീട്ടുവേലക്കാരോടും തിരിച്ചുംപെരുമാറുന്ന ധാരാളം വാര്‍ത്തകള്‍ക്കിടയില്‍ ഇതാ കൗതുകമുള്ള ഒരു വൃത്താന്തം! വീട്ടുവേലക്കാരെ കുടുംബാംഗത്തെപ്പോലെ കാണുന്ന ഒരു പറ്റം സ്വദേശി കുടുംബങ്ങള്‍.

രോഗം ബാധിച്ചാല്‍ കുടുംബാംഗത്തെപ്പോലെ പരിചരിക്കുകയും ആവശ്യമായ ചികിത്സ ഉറപ്പാക്കുകയും രാജ്യത്തിനു പുറത്ത് ചികിത്സ വേണ്ടിവന്നാല്‍ മുഴുവന്‍ ചെലവും വഹിച്ച് പുറത്ത് ചികിത്സക്ക് കൊണ്ടുപോകുകയും ചെയ്യുന്ന സ്വദേശികള്‍. വേലക്കാരിക്ക് വിവാഹ സമയമായാല്‍ അനുയോജ്യനായ ഇണയെ തരപ്പെടുത്തിക്കൊടുക്കുകയും കല്യാണച്ചിലവുകള്‍ മുഴുവന്‍ വഹിക്കുകയും ചെയ്യുന്ന വലിയ മനസ്സുള്ള വീട്ടുകാര്‍.
മുതലാളിമാരാണെന്ന നാട്യമോ അര്‍ബാബാണെന്ന ഭാവങ്ങളോ ഒന്നുമില്ലാതെ വേലക്കാരുടെ കൂടെനിന്ന് വേലയെടുത്ത് പരസ്പരം സ്‌നേഹവും അലിവും കൈമാറുന്ന ഒരുപറ്റം മനുഷ്യര്‍. റാസല്‍ ഖൈമയില്‍ രണ്ട് ദിവസം മുമ്പ് നടന്ന ചടങ്ങില്‍ സ്വദേശി വീടുകളില്‍ തുടര്‍ച്ചയായി 30 കൊല്ലം സേവനം ചെയ്ത ഏതാനും വീട്ടുവേലക്കാര്‍ ആദരിക്കപ്പെടുകയുണ്ടായി. ആദരിക്കപ്പെട്ടവരില്‍ ആണും പെണ്ണും വിവിധ രാജ്യക്കാരുമുണ്ട്.
പരസ്പരം പരാതികളും പരിഭവങ്ങളുമില്ലാതെ മൂന്നു പതിറ്റാണ്ടു അന്യന്റെതാണെങ്കിലും സ്വന്തമെന്നപോലെ അടുക്കളയില്‍ ഭക്ഷണമുണ്ടാക്കിയും വാഹനത്തിന്റെ വളയം പിടിച്ചും കാലം കഴിച്ചവര്‍ അര്‍ഹിക്കുന്നത് തന്നെയാണ് ഇത്തരം ആദരം. അതോടൊപ്പം വീട്ടുവേലക്കാരെ മനുഷ്യരായി കാണാന്‍ കണ്ണില്ലാത്ത ഒരു പറ്റം അര്‍ബാബുമാര്‍ക്കും അവകാശപ്പെട്ടത് അല്‍പമൊന്ന് വൈകുമ്പോള്‍ അക്രമാസക്തമാകുന്ന ചില വീട്ടുവേലക്കാര്‍ക്കും തികച്ചും മാതൃകയുമാണ് ഈ ആദരം.
ആദരിക്കപ്പെട്ട വീട്ടുവേലക്കാരിലൊരാളായ ആഇശയുടെ വീട്ടുടമസ്ഥ ഉമ്മു ഹുമൈദ് പറയുന്നതിങ്ങനെ: ’37 വര്‍ഷമായി ഇവള്‍ എന്റെ കൂടുംബത്തില്‍ ജോലി ചെയ്യുന്നു. ഒരു വീട്ടുവേലക്കാരി എങ്ങിനെ ആകണമെന്നതിന് ആഇശ തികച്ചും മാതൃകയാണ്. ഇവര്‍ ഞങ്ങളുടെ കുടുംബാംഗമാണ്. എന്റെ കുടുംബാംഗങ്ങളുടെ നല്ല പെരുമാറ്റം അവളെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചു. അവള്‍ അങ്ങിനെ ആഇശയായി.’ മറ്റൊരു വീട്ടുടമസ്ഥ ഉമ്മു ഖാലിദ് തന്റെ വേലക്കാരിയെ പരിചയപ്പെടുത്തുന്നതിങ്ങനെ. ‘കഴിഞ്ഞ 30 വര്‍ഷമായി ഇവള്‍ ഞങ്ങളോടൊപ്പമുണ്ട്. വിവാഹിതയായപ്പോള്‍ ഭര്‍ത്താവിന്റെ കൂടെ താമസിക്കാന്‍ ഞങ്ങള്‍ തന്നെ അവള്‍ക്ക് വീടൊരുക്കി. ഞങ്ങളോടൊപ്പം ഹജ്ജിനവസരം നല്‍കി. ഇവള്‍ ഇന്നും ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണ്.’
റാസല്‍ ഖൈമയിലെ എമിറേറ്റ്‌സ് സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റിയാണ് 30 കൊല്ലം പൂര്‍ത്തിയാക്കിയ വീട്ടുവേലക്കാരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചത്. ‘അവര്‍ക്കവകാശമുണ്ട്’ എന്ന പ്രമേയത്തില്‍ നടത്തിയ ബോധവത്കരണത്തിന്റെ ഭാഗമായാണ് ആദരിക്കല്‍ ചടങ്ങ്. റാസല്‍ഖൈമയില്‍ മാത്രം ഇരുപതിനായിരത്തോളം വീട്ടുവേലക്കാര്‍ ഉണ്ടെന്നാണ് ഇമിഗ്രേഷന്‍ രേഖകളിലുള്ളത്.