Connect with us

Gulf

ജമാഅത്ത് ചാനലിനെതിരെ സംഘടനാ നേതാവിന്റെ വിമര്‍ശം

Published

|

Last Updated

മസ്‌കത്ത്: പാര്‍ട്ടി ചാനലിനെതിരെ പരസ്യ വിമര്‍ശവുമായി ഒമാനിലെ ജമാഅത്തെ ഇസ്‌ലാമി സംഘടനാ നേതാവ് രംഗത്ത്. കെ ഐ എ ഒമാന്‍ കേന്ദ്ര കമ്മിറ്റിയുടെ മുന്‍ പ്രസിഡന്റും ഇപ്പോള്‍ സമിതി അംഗവുമായ ഇ യാസിര്‍ ആണ് മീഡിയ വണ്‍ ചാനലിനു നേതൃത്വം നല്‍കുന്ന ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിനെതിരെ മുന്നറിയിപ്പു നല്‍കുന്നത്. ഫേസ് ബുക്കില്‍ അദ്ദേഹം നടത്തിയ പ്രതികരണത്തില്‍ “തിരുത്താന്‍ സന്നദ്ധമല്ല എങ്കില്‍ ഇസ്‌ലാമിക പ്രവര്‍ത്തര്‍ക്കിടയില്‍ നിന്ന് ധാര്‍മികതയുടെയും സസ്‌കാരത്തിന്റെയും അവസാനത്തെ ആണിക്കല്ലും ഇളക്കിയവര്‍ എന്ന് കാലം നിങ്ങളെ മുദ്ര കുത്തി വിളിക്കും” എന്നാണ് അദ്ദേഹം കുറിക്കുന്നത്. എന്നാല്‍ വിമര്‍ശം വിവാദമാകുന്നുവെന്നും സംഘടനാ നടപടിക്കു സാധ്യതയുണ്ടെന്നും തിരിച്ചറിഞ്ഞാകണം വൈകുന്നേരം പോസ്റ്റ് വിന്‍വലിച്ചു. പോസ്റ്റ് പിന്‍വലിച്ചതു സംബന്ധിച്ചു പ്രതികരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു.
“നേരും നന്മയും നട്ടു വളര്‍ത്താന്‍ നമ്മള്‍ തുടങ്ങിയ ഒരു സ്ഥാപനം നേരിനെയും നന്മയെയും തച്ചു തകര്‍ക്കുന്ന വിധം അവതരിക്കുന്നു. പരസ്യങ്ങളും അവതാരികമാരും എന്നല്ല സംപ്രേഷണം ചെയ്യുന്ന പല പരിപാടികളും തന്നെ ചാനലിന്റെ കര്‍ത്താക്കള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്ക് പരിക്കേല്‍പ്പിക്കുന്നു എന്ന് മാത്രമല്ല കേരളീയ പൊതു സമൂഹത്തിന്റെ സാംസ്‌കാരിക പരിസര ത്തെ തന്നെ മലിനമാക്കുന്നവയാണ്” എന്നും “എല്ലാം ന്യായീകരിക്കല്‍ പ്രസ്ഥാന പ്രവര്‍ത്തകന്റെ ബാധ്യതയാണ് എന്നു തെറ്റിദ്ധരിക്കരുത്” എന്നും അദ്ദേഹം തുറന്നു വിമര്‍ശിക്കുന്നു. “ലജ്ജയില്ലെങ്കില്‍ പിന്നെ നിനക്കെന്തുമാവാം” എന്ന തിരുനബി വചനം ഉദ്ധരിച്ചു കൊണ്ടാണ് യാസിര്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
സംഘടനയുടെ ഉള്ളില്‍ നിന്നു കൊണ്ടു തന്നെയാണ് വിമര്‍ശം ഉന്നയിച്ചിരിക്കുന്നതെന്നും വിഷയത്തില്‍ കൂടുതല്‍ സംഭാഷണം നേരിട്ടു നടത്താമെന്നും യാസിര്‍ അറിയിച്ചു. യാസിറിന്റെ പരസ്യ വിമര്‍ശം ഒമാനിലെ ജമാഅത്ത് പ്രവര്‍ത്തകരെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. ഫേസ്ബുക്കില്‍ തന്നെ പലരും അദ്ദേഹത്തെ ചോദ്യം ചെയ്യാനെത്തി. സംഘടനക്കകത്ത് ഉന്നയിക്കേണ്ട വിഷയമാണിതെന്നും നിങ്ങള്‍ ചെയ്യുന്ന രീതി ശരിയല്ലെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ചില ജമാഅത്ത് അംഗങ്ങള്‍ രൂക്ഷമായ ഭാഷയില്‍ യാസിറിനെ വിമര്‍ശിച്ചിട്ടുമുണ്ട്. ഇസ്‌ലാമിക പ്രസ്ഥാനം എന്ന രീതിയില്‍ പരിചയപ്പെടുത്തുന്ന ജമാഅത്തെ ഇസ്‌ലാമി ചാനല്‍ ഉള്ളടക്കത്തില്‍ പുലര്‍ത്തുന്ന സാംസ്‌കാരിക അച്ചടക്കം സംബന്ധിച്ച് ജമാഅത്ത് പ്രവര്‍ത്തകര്‍ക്ക് ചാനല്‍ മേധാവി ഡോ. അബ്ദുസ്സലാം നേരത്തെ നല്‍കിയിരുന്ന ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് യാസിര്‍ തന്നെ തന്റെ കമന്‍ഡില്‍ സമ്മതിക്കുന്നുണ്ട്.
ചാനല്‍ ഉള്ളടക്കത്തിനെതിരെ ജമാഅത്ത് അണികളില്‍ നേരത്തെ രൂപം കൊണ്ട അമര്‍ഷമാണ് യാസിറിലൂടെ പുറത്തു വരുന്നത്. നേരത്തെ ചാനല്‍ സാമ്പത്തിക സമാഹരണം കൂടി ലക്ഷ്യംവെച്ച് അമീര്‍ ടി ആരിഫലി ഒമാന്‍ സന്ദര്‍ശിച്ച വേളയില്‍ പ്രവര്‍ത്തകര്‍ ഈ വിമര്‍ശം മുന്നോട്ടു വെച്ചിരുന്നു. എന്നാല്‍ യു എ ഇയില്‍ നടന്ന വാര്‍ഷിക പരിപാടിയുടെ ഉള്ളടക്കമുള്‍പെടെ ഉറപ്പു നല്‍കിയ മൗലികതകള്‍ കൂടുതല്‍ കയ്യൊഴിയപ്പെടുകയാണെന്ന വിമര്‍ശമാണ് അംഗങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പുലര്‍ത്തുന്നത്. ജമാഅത്ത് ഘടകങ്ങളില്‍ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന വിമര്‍ശനം ചാനലിനു വേണ്ടിയുള്ള ധന സമാഹരണത്തെയും ബാധിക്കുന്നുവെന്നാണ് വിവരം.

 

---- facebook comment plugin here -----