Connect with us

Kerala

പതിനാല് സീറ്റില്‍ ജയിക്കും: സി പി എം

Published

|

Last Updated

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 14 സീറ്റില്‍ ജയിക്കുമെന്ന് സി പി എം സെക്രട്ടേറിയറ്റ് വിലയിരുത്തല്‍. നാല് മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് മത്സരമാണ് നടന്നതെന്നും രണ്ടിടത്ത് തോല്‍ക്കുമെന്നും തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, ഇടുക്കി, മാവേലിക്കര, ആലപ്പുഴ, തൃശൂര്‍, ചാലക്കുടി, പാലക്കാട്, ആലത്തൂര്‍, കോഴിക്കോട്, വടകര, കണ്ണൂര്‍, കാസര്‍കോട് സീറ്റുകളിലാണ് ജയിക്കുമെന്ന് വിലയിരുത്തിയത്. മലപ്പുറവും വയനാടുമാണ് തോല്‍ക്കുന്ന മണ്ഡലങ്ങള്‍. പൊന്നാനി, എറണാകുളം, കോട്ടയം, കൊല്ലം സീറ്റുകളില്‍ കടുത്ത മത്സരമാണ് നടന്നത്. ഈ സീറ്റുകളില്‍ ഇരു മുന്നണികള്‍ക്കും സാധ്യതയുണ്ടെന്നുമാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍. പ്രാദേശിക ഘടകങ്ങളില്‍ നിന്ന് ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ് സി പി എം ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. മുന്നണിക്ക് ജയിക്കാന്‍ കഴിയാത്ത മണ്ഡലങ്ങളിലും ശക്തമായ മത്സരം നടന്നു . പാര്‍ട്ടി ഒറ്റക്കെട്ടായി നിന്നതും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ പോരായ്മകള്‍ പ്രചാരണരംഗത്ത് ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞതും നേട്ടമാകുമെന്നാണ് പാര്‍ട്ടിയുടെ നിഗമനം. മലബാറില്‍ മികച്ച വിജയം നേടാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍.
ആര്‍ എസ് പിയുടെ മുന്നണി മാറ്റം തുടക്കത്തില്‍ ക്ഷീണമുണ്ടാക്കിയെങ്കിലും ജെ എസ് എസും സി എം പിയും മുന്നണിയുമായി സഹകരിച്ചതിലൂടെ ഈ കുറവ് നികത്താന്‍ കഴിഞ്ഞു. പ്രാദേശികമായി കൊല്ലത്ത് ബി ജെ പിയുമായി ആര്‍ എസ് പി നീക്ക് പോക്കുണ്ടാക്കി. ആര്‍ എസ് എസിന്റെ കൊല്ലം ജില്ലാനേതാവായ എന്‍ കെ പ്രേമചന്ദ്രന്റെ ഭാര്യസഹോദരനുമായി ചേര്‍ന്നാണ് ഇതിനുള്ള കരുക്കള്‍ നീക്കിയത്. കൊല്ലത്തെ ബി ജെ പി സ്ഥാനാര്‍ഥി ദുര്‍ബലനായിരുന്നത് ഈ നീക്കങ്ങള്‍ക്ക് കരുത്ത് പകര്‍ന്നു. നായര്‍ സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള കൊല്ലത്ത് പ്രേമചന്ദ്രന്‍ മാത്രമാണ് ഈ സമുദായത്തില്‍ നിന്ന് സ്ഥാനാര്‍ഥിയായത്. സാഹചര്യങ്ങള്‍ ഇതൊക്കെയാണെങ്കിലും അവസാനം എം എ ബേബിക്ക് ജയിച്ച് കയറാന്‍ കഴിയുമെന്ന നിഗമനത്തില്‍ തന്നെയാണ് പാര്‍ട്ടി.
ഇടുക്കിയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സജീവമായ പ്രവര്‍ത്തനം ഗുണം ചെയ്യും. യു ഡി എഫിലെ തര്‍ക്കങ്ങളാണ് പത്തനംതിട്ടയില്‍ പ്രതീക്ഷ നല്‍കുന്നത്. കോട്ടയത്ത് മാത്യു ടി തോമസിന്റെ സാന്നിധ്യം കടുത്ത മത്സരത്തിന് അരങ്ങൊരുക്കി. തിരുവനന്തപുരത്ത് ബെന്നറ്റ് എബ്രഹാം ജയിക്കുമെന്നും ശശി തരൂര്‍ മൂന്നാം സ്ഥാനത്തായാല്‍ അത്ഭുതപ്പെടേണ്ടെന്നുമാണ് പാര്‍ട്ടി കണക്ക്. മുസ്‌ലിം ലീഗിന് സാധ്യതയുള്ള മണ്ഡലമാണെങ്കിലും പൊന്നാനിയില്‍ അനുകൂലമായ ഘടകങ്ങള്‍ ഏറെ ഉണ്ടായിരുന്നു. ലീഗിനെതിരെ ഈ മേഖലയില്‍ കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന പൊതുവികാരം അനുകൂലമാകും. രാഷ്ട്രീയമായ സാധ്യതകളില്ലാത്ത മണ്ഡലങ്ങളാണ് പൊന്നാനിയും വയനാടും. ഈ രണ്ട് സീറ്റുകളിലെയും സ്ഥാനാര്‍ഥികള്‍ക്ക് മികച്ച മത്സരം കാഴ്ച്ച വെക്കാന്‍ കഴിഞ്ഞില്ലെന്ന് യോഗം വിലയിരുത്തി. വടകരയിലെ കടുത്ത വെല്ലുവിളി മറികടക്കാന്‍ കഴിയും. വിലക്കയറ്റം, പൊതുസമൂഹത്തില്‍ സ്വാധീനം ചെലുത്തിയ അഴിമതിയും സംസ്ഥാന സര്‍ക്കാറിനെതിരെയുണ്ടായ വിവാദങ്ങളും ഇടതുമുന്നണിക്ക് അനുകൂലമായി. വി എസിന്റെ നിലപാടുകള്‍ പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടാണെന്ന പ്രതീതിയുണ്ടാക്കി. ഇതുവഴി കഴിഞ്ഞ തവണയുണ്ടായ തിരിച്ചടിക്ക് പരിഹാരമായെന്നും വിലയിരുത്തിയിട്ടുണ്ട്. അഞ്ച് സ്വതന്ത്രരെ നിര്‍ത്തിയ തീരുമാനം തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ശരിയാകുമെന്നും പാര്‍ട്ടി കണക്ക് കൂട്ടുന്നു.