ലൈന്‍മാന്‍മാരുടെ ജീവന് സുരക്ഷ നല്‍കണം

Posted on: April 18, 2014 6:00 am | Last updated: April 17, 2014 at 10:12 pm

പാലക്കാട്: ജില്ലയില്‍ നാല് ദിവസത്തിനുള്ളില്‍ രണ്ട് വൈദ്യുതി ജീവനക്കാര്‍ മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടുന്ന അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള ഇലക്ട്രിസിറ്റി എക്‌സിക്യൂട്ടീവ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ (കീസോ) സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു.
സുരക്ഷിതമായി ജോലി ചെയ്യുന്നതിനുള്ള അടിസ്ഥാന ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ പറ്റിയ പാളിച്ചയാണ് തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് കാരണം. സേഫ്റ്റി റൂള്‍സ് അനുസരിച്ച് ജോലി ചെയ്യാന്‍ നിര്‍ദ്ദേശമുണ്ടെങ്കിലും നിയമം പാലിച്ച് ജോലി ചെയ്യാനുള്ള സാഹചര്യമില്ല. മോഡല്‍ പരിഷ്‌ക്കരണത്തിലൂടെ വര്‍ക്ക്‌നോം ഇല്ലാതാക്കിയതോടുകൂടി ജോലി ഭാരം ഇരട്ടിയായതും നിശ്ചിത സമയത്തുനുള്ളില്‍ പരാതികള്‍ പരിഹരിക്കാന്‍ സാധിക്കാത്തതിലുള്ള മാനസിക പിരിമുറുക്കവും സേഫ്റ്റി റൂള്‍സ് പാലിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കി.
തുടരുന്ന അപകടങ്ങളെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഒരു വിദഗ്ദ അന്വേഷണ കമ്മീഷനെ നിയമിക്കണമെന്നും അപകടങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പി ജി പ്രസാദ് അധ്യക്ഷത വഹിച്ചു. കെ വി ശിവദാസ്, പി മോഹന്‍രാജ്, മോഹനന്‍, അജി, ടെറന്‍സ്, രാമകൃഷ്ണന്‍,ജയനാഥ്, മണിധരന്‍ എന്നിവര്‍ സംസാരിച്ചു.