യുവതിയുടെ കൊലപാതകം: അയല്‍വാസി അറസ്റ്റില്‍

Posted on: April 18, 2014 6:00 am | Last updated: April 17, 2014 at 10:10 pm

ആലത്തൂര്‍: പള്ളുരുത്തി നമ്പ്യാപുരം കോളനിയില്‍ കൊറ്റശേരി ജയന്റെ ഭാര്യ സിന്ധു (38)വിനെ കൊലപ്പെടുത്തിയ പ്രതി ആലത്തൂര്‍ പോലീസിന്റെ പിടിയിലായി. അയല്‍വാസിയായ കടയംഭാഗം വേണാട്ടുപറമ്പില്‍ മധു (34)വിനെയാണ് ദേശീയപാത വാനൂര്‍ ജംഗ്ഷനില്‍ കെ എസ്ആര്‍ ടി സി ബസില്‍നിന്നും ആലത്തൂര്‍ പോലീസ് പിടികൂടിയത്.

ബുധനാഴ്ച വൈകുന്നേരം അഞ്ചോടെ മകളുമൊത്ത് റേഷന്‍സാധനങ്ങള്‍ വാങ്ങി പോകുമ്പോഴായിരുന്നു കൊലപാതകം. സിന്ധുവിന്റെ കഴുത്തിലെ മാല പൊട്ടിക്കാന്‍ ശ്രമിച്ചത് സിന്ധു ചെറുത്തതോടെ കൈയില്‍ കരുതിയ കത്തികൊണ്ട് കുത്തുകയായിരുന്നു.
മകള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി സിന്ധുവിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവശേഷം ഒളിവില്‍പോയ പ്രതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു.
അഗളി-എറണാകുളം കെ എസ് ആര്‍ടി സി ബസില്‍ പ്രതി യാത്ര ചെയ്യുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ആലത്തൂര്‍ പോലീസ് ബസില്‍നിന്നും ഇന്നലെ രാവിലെ 10.20ന് പ്രതിയെ പിടികൂടിയത്.
ഗ്രേഡ് എസ് ഐമാരായ എസ് രാധാകൃഷ്ണന്‍, അച്യുതന്‍കുട്ടി, എ എസ് ഐ ഹംസ, സീനിയര്‍ സി പി ഒ. എ രാമചന്ദ്രന്‍, സി പി ഒമാരായ അരുണ്‍കുമാര്‍, സലീം, വിവേക് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് പള്ളുരുത്തി പോലീസിനു കൈമാറി.