ബി ജെ പി പ്രകടന പത്രികയിലെ ഒളിയജന്‍ഡകള്‍

Posted on: April 18, 2014 6:00 am | Last updated: April 17, 2014 at 10:03 pm

BJPതിരഞ്ഞെടുപ്പ് കഴിഞ്ഞു പ്രകടന പത്രിക ഇറക്കുന്നത് സ്റ്റേഷന്‍ വിട്ടുകഴിഞ്ഞ വണ്ടിക്ക് ടിക്കറ്റ് നല്‍കുന്നതു പോലുള്ള ഏര്‍പ്പാടാണ്. പൊതു തിരഞ്ഞെടുപ്പിന്റെ പ്രഥമഘട്ടം പിന്നിട്ടപ്പോഴാണ് ബി ജെ പി പ്രകടനപത്രിക പുറത്തിറക്കിയത്. പ്രകടന പത്രികയിലെ എന്തെങ്കിലും ചിലത് ഉയര്‍ത്തിക്കാട്ടി സഖ്യകക്ഷികളായി പ്രതീക്ഷിക്കുന്ന ആരെങ്കിലും വിട്ടുപോകുമോ എന്ന ആശങ്കയാണ് നാഗ്പൂരിലെ ആര്‍ എസ് എസ് ഓഫീസില്‍ പണ്ടേ തന്നെ എഴുതിവെച്ചിരുന്ന പ്രകടന പത്രിക പുറത്തിറക്കാന്‍ ഇത്രയും കാലതാമസം വരുത്താന്‍ കാരണം. തിരഞ്ഞെടുപ്പ് ഫലം വന്നുകഴിഞ്ഞാല്‍ പിന്നെയെന്തു പ്രകടന പത്രിക? അധികാരത്തില്‍ കാര്യമായ പങ്ക് ലഭിക്കുമെങ്കില്‍ ഏത് ചെകുത്താനൊപ്പവും അന്തിയുറങ്ങാന്‍ തയ്യാറായി എത്രയെത്ര പ്രാദേശിക പാര്‍ട്ടികളാണ് ‘ഞാന്‍ മുമ്പേ, ഞാന്‍ മുമ്പേ’ എന്ന മട്ടില്‍ തയ്യാറായി നില്‍ക്കുന്നത്.
ബി ജെ പിയുടെ പ്രകടനപത്രികയെ വിമര്‍ശിക്കാനല്ല നരേന്ദ്ര മോദിയുടെ നാമനിര്‍ദേശ പത്രികയിലെ പിഴവ് ചൂണ്ടിക്കാട്ടി സ്വന്തം കച്ചവടം കൊഴുപ്പിക്കാന്‍ കഴിയുമോ എന്നാണ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മോദിയുടെ എതിര്‍ സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധി ആലോചിക്കുന്നത്. മോദി വിവാഹിതനാണെന്ന കാര്യം മുമ്പ് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളില്‍ മറച്ചുവെച്ചുവെന്നാണാരോപണം. വിവാഹിതനാകാതെ തന്നെ വിവാഹിതനെപ്പോലെ വിദേശ വനിതയുമായി ഉല്ലാസ കേന്ദ്രങ്ങളില്‍ രാപ്പാര്‍ത്ത് ജനസേവനത്തിന്റെ ക്ഷീണം തീര്‍ക്കാറുള്ള രാഹുല്‍ ഗാന്ധിക്കീ കാര്യത്തില്‍ മോദിയെ കുറ്റപ്പെടുത്താനുള്ള ധാര്‍മികാവകാശം ചോദ്യം ചെയ്യപ്പെടുക തന്നെ വേണം. അലഞ്ഞു നടക്കുന്ന അമ്പലക്കാള സ്വന്തം തൊഴുത്തിലെ പുല്‍തൊട്ടിയില്‍ നിന്നു പുല്ല് തിന്നുന്ന മൂരിക്കുട്ടനോട് കാട്ടുന്ന കുശുമ്പായിട്ടേ നാട്ടുകാരീ വിമര്‍ശത്തെക്കാണൂ. നരേന്ദ്ര മോദിയില്‍ ആരോപിതമായ മറ്റൊട്ടേറെ തകരാറുകളെ ലളിതവത്കരിക്കാനേ രാഹുല്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ഇപ്പോഴത്തെ ഈ വിവാഹ വിവാദം സഹായകമാകുകയുള്ളൂ.
മോദി മാത്രമല്ല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഒട്ടേറെ സ്ത്രീ പുരുഷന്മാര്‍ ശൈശവ വിവാഹത്തിന്റെ ഇരകളാണ്. മോദിയും അദ്ദേഹത്തിനു വേണ്ടി കുഴലൂത്ത് നടത്തുന്ന സംഘ്പരിവാര്‍ പ്രഭൃതികളും ഏറെ പ്രകീര്‍ത്തിക്കുന്ന ഹിന്ദുത്വ സംസ്‌കാരത്തിന് കീഴില്‍ അറിഞ്ഞും അറിയാതെയും ഇരകളാക്കപ്പെട്ടവരാണ് സ്വന്തം ഇഷ്ടത്തിനു വിരുദ്ധമായി അടിച്ചേല്‍പ്പിക്കപ്പെട്ട ശൈശവ വിവാഹത്തിന്റെയും സതിയനുഷ്ഠാനം പോലുളള പ്രാകൃതാചാരങ്ങളുടെയും ദുരന്തഫലങ്ങള്‍ അനുഭവിക്കുന്ന അനേകായിരങ്ങള്‍. സ്വന്തം നിലയില്‍ പിന്നാക്ക ജാതിക്കാരനായിരുന്നിട്ടും, പ്രാകൃത ഹിന്ദുത്വാനുഷ്ഠാനങ്ങളുടെ കയ്പ്പ് ധാരാളം അനുഭവിച്ചിട്ടുള്ള ആളായിരുന്നിട്ടും അത്തരം ഒരു വ്യക്തിയെ തന്നെ മുന്നില്‍ നിര്‍ത്തിക്കൊണ്ട്, ഹിന്ദുത്വ പുനരുജ്ജീവനത്തിനു വേണ്ടിയുള്ള തോറ്റു പോയ യുദ്ധം വിജയിപ്പിക്കാന്‍ കഴിയുമെന്ന് കണക്കുകൂട്ടിയെടുത്തിടത്താണ് സംഘപരിവാര്‍ ശക്തികളുടെ ബുദ്ധി കാണേണ്ടത്. അഡ്വാനിയുടെ പിന്‍മാറ്റവും മോദിയുടെ മുന്നേറ്റവും ഒക്കെ ഈ ബ്രാഹ്മണ ബുദ്ധിയുടെ മികച്ച ആവിഷ്‌കാരങ്ങളാണ്.
മോദിയേയും അദ്ദേഹത്തിന്റെ മറച്ചുവെച്ച വിവാഹത്തെയും വിചാരണയില്‍ നിന്ന് നമുക്കൊഴിവാക്കാം. മോദിയെ ഉപയോഗിച്ചു അധികാരത്തില്‍ വന്നാല്‍ തങ്ങള്‍ നടപ്പിലാക്കുമെന്ന് പറഞ്ഞു 2014 ഏപ്രില്‍ എട്ടിന് പ്രസിദ്ധീകരിച്ച പ്രകടന പത്രികയെ ആണ് ജനകീയ വിചാരണക്കു വിധേയമാക്കേണ്ടത്. ഈ പ്രകടന പത്രിക പ്രസിദ്ധീകരണം എന്നൊക്കെപ്പറയുന്നത് രക്തസാക്ഷി കുടീരത്തിലെ പുഷ്പാര്‍ച്ചന പോലെയോ അധികാരമേല്‍ക്കുമ്പോള്‍ ഭരണഘടന തൊട്ട് നടത്തുന്ന സത്യപ്രതിജ്ഞ പോലെയോ ഒക്കെയുള്ള വെറും ഒരു ചടങ്ങാണെന്ന് നമ്മുടെ നാഗ്പൂരിലെ കാര്യവാഹകന്മാര്‍ക്കറിയാം. പ്രകടന പത്രികയെ കേന്ദ്രീകരിച്ചു നടക്കുന്ന ചര്‍ച്ചകളൊന്നുമല്ല ഇന്ത്യന്‍ വോട്ടര്‍മാരുടെ മനസ്സിനെ സ്വാധീനിക്കുന്നതെന്നവര്‍ക്ക് നിശ്ചയമുണ്ട്. വിവേകത്തേക്കാള്‍ വികാരമാണ് ഇന്ത്യക്കാരന്റെ, പ്രത്യേകിച്ചു ഇന്ത്യന്‍ മധ്യവര്‍ഗ പുരുഷനെ നയിക്കുന്നത്. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും വിമോചനത്തെക്കുറിച്ചുമൊക്കെ എന്തൊക്കെ ഒച്ചപ്പാടുകളുണ്ടാക്കിയാലും ഇവിടുത്തെ സ്ത്രീകള്‍ ആകെ മൊത്തം നോക്കിയാല്‍ മേല്‍ സൂചിപ്പിച്ച മധ്യവര്‍ഗ പുരുഷന്റെ പ്രതിരൂപം ഉള്ളിലാവാഹിച്ചവരാണ്. സീത പണ്ട് ലക്ഷ്മണന്‍ വരച്ച വരയൊക്കെ ലംഘിച്ച് വേഷം മാറിയെത്തിയ മാനിന്റെ പിന്നാലെ പോയതൊക്കെ ശരി. അത്രക്ക് പോലും സ്വാതന്ത്ര്യം ഇന്ത്യന്‍ സ്ത്രീകള്‍ക്ക് പുരുഷന്‍മാര്‍ നല്‍കാറില്ല. പിന്നെ ആരെയാണ് പേടിക്കേണ്ടത്? മദാമ്മയും സര്‍ദാര്‍ജിയും ഒക്കെ ചേര്‍ന്നു ഇന്ത്യയുടെ പ്രധാനമന്ത്രിപദം താലത്തില്‍ വെച്ചു നരേന്ദ്ര മോദിക്കു മുമ്പില്‍ വെച്ചു നീട്ടിയിരിക്കുകയല്ലേ? മോദിയും കൂട്ടരും ഒരഞ്ച് വര്‍ഷം ഭരിച്ചു കഴിയുമ്പോഴേക്കും കോണ്‍ഗ്രസിലെ യുവരാജാവിനു രാജ്യഭാരം ഏറ്റെടുക്കാനുള്ള പ്രായവും പക്വതയും എത്തും. ഭരിക്കുന്നത് സര്‍ദാര്‍ജിയായാലും നരേന്ദ്ര മോദിയായാലും ഇന്ത്യയിലെയോ വിദേശത്തെയോ ഉപരിവര്‍ഗ താത്പര്യങ്ങള്‍ക്കോ ആഗോള കുത്തകകള്‍ക്കോ കോര്‍പ്പറേറ്റ് ധനകാര്യ മറിമായങ്ങള്‍ക്കോ ഒന്നും യാതൊരു കുഴപ്പവും സംഭവിക്കാന്‍ പോകുന്നില്ലെന്ന കാര്യം ഇതിനകം ഏറെക്കുറെ നിര്‍ണയിക്കപ്പെട്ടു കഴിഞ്ഞു. അതല്ലേ ഈ വിഭാഗം തിരഞ്ഞെടുപ്പ് രംഗത്ത് രണ്ട് കൂട്ടരെയും നിര്‍ലോഭം സഹായിച്ചു കൊണ്ടിരിക്കുന്നത്. പണത്തിന്റെ ഒഴുക്കു കണ്ടു സാധാരണക്കാരന്‍ അന്തം വിട്ടു നില്‍ക്കുകയല്ലേ.
വെറുതെ പറഞ്ഞു പറഞ്ഞ് ഒരു വിഭാഗം മതഭ്രാന്തന്മാര്‍ക്ക് വൈകാരിക ഉത്തേജനം പകരാം എന്നല്ലാതെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ നടപ്പാക്കാന്‍ സാധ്യത കുറഞ്ഞ ഭംഗിവാക്കുകള്‍ മാത്രമാണ് ബി ജെ പിയുടെ പ്രകടന പത്രികയില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. മൂന്ന് കാര്യങ്ങളാണ് പ്രകടന പത്രികയില്‍ ഊന്നിപ്പറയുന്നത്. ഒന്ന് അയോധ്യയില്‍ രാമക്ഷേത്രം പണിയും. രാമക്ഷേത്രം ഇപ്പോള്‍ കേവലം ഒരമ്പലം എന്നതിലുപരി തീവ്ര ഹിന്ദുത്വത്തിന്റെ ഒരു പ്രതീകമായി മാറിയിരിക്കുന്നു. പൗരാണിക ഇന്ത്യന്‍ സംസ്‌കാരത്തിനും ആധ്യാത്മിക പാരമ്പര്യങ്ങള്‍ക്കും അനുയോജ്യമായ എന്തെങ്കിലും ഒരു പ്രതീകം കൂടിയേ കഴിയൂ എന്നുണ്ടെങ്കില്‍ അതിനു ഈ രാമനും രാമക്ഷേത്രവും അല്ലാതെ മറ്റെന്തെല്ലാം പ്രതീകങ്ങള്‍ വേറെയുണ്ട്. അപ്പോള്‍ ഹിന്ദുത്വമൊക്കെ വെറും പുറം പൂച്ചാണ്. ലക്ഷ്യം രാമനെയെടുത്ത് ബാബറെ അടിക്കുക എന്നത് തന്നെ. അതിന്റെ ലക്ഷ്യം വേറെയാണ്. ചരിത്രം ഇട്ടേച്ചുപോയ അടയാളങ്ങളെ മിത്തുകള്‍ കൊണ്ടു മായിക്കാനാണ് ശ്രമം. ഈ ഭൂതത്തെ കുടത്തില്‍ നിന്ന് തുറന്നുവിട്ടത് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് തന്നെയാണ്. ബാബറിന്റെ പള്ളിയല്ല ഇന്ത്യന്‍ ഹിന്ദുത്വത്തിനു ഭീഷണിയായത്; ഹിന്ദുക്കളുടെ ഇടയിലെ ആഭ്യന്തര വൈരുധ്യങ്ങളായിരുന്നു. ബ്രഹ്മാവിന്റെ തലയറുത്ത് വീരസ്യം പ്രകടിപ്പിച്ച ശിവനെ ശ്മശാനത്തിന്റെ കാവല്‍ ജോലിയേല്‍പ്പിച്ച് വിജയശ്രീലാളിതനായ വിഷ്ണുവിന്റെ ഒടുക്കത്തെ അവതാരങ്ങളിലൊന്നായ ശ്രീരാമന്റെ പ്രധാന ദൗത്യം ഇവിടുത്തെ ബുദ്ധമതാനുയായികളെ കടല്‍ കടത്തുക എന്നതായിരുന്നു. ലങ്കാധിപതിയായ രാവണന്‍ ഒന്നാം തരം ഒരു ബുദ്ധമത രാജഋഷി ആയിരുന്നു. (ഒരേ സമയം രാജാവും സന്യാസിയും ആയിരിക്കുന്ന ആള്‍) അദ്ദേഹം അപഹരിച്ചു കൊണ്ടു പോയത് സീത എന്ന മാദകസുന്ദരിയെ ആയിരുന്നില്ല. നിലം ഉഴുതുമറിച്ചപ്പോള്‍ ഭൂമി തന്റെ ഗര്‍ഭഗൃഹത്തില്‍ അനര്‍ഘ നിധിയായി കാത്തുസൂക്ഷിച്ചിരുന്ന ഇന്ത്യന്‍ ആധ്യാത്മിക സത്തയെ ആണ്. ആ വിലപ്പെട്ട നിധി പ്രകൃതി കനിഞ്ഞു നല്‍കിയത് ജനക മഹാരാജാവിനായിരുന്നെങ്കിലും അദ്ദേഹം അത് അയോധ്യയിലെ ദശരഥപുത്രന്‍ ശ്രീരാമനു സമ്മാനിക്കുകയായിരുന്നു. വിശ്വാമിത്രനെ പോലുള്ള ബ്രാഹ്മണ ദുഷ്പ്രഭുക്കളുടെ തെറ്റായ ഉപദേശങ്ങള്‍ക്ക് വഴങ്ങി ശംബൂകനെപ്പോലുള്ള ദളിതാധ്യാത്മിക ആചാര്യന്മാരുടെ തലയറുക്കാനും രാവണനെ പോലുള്ള ബുദ്ധമത രാജഋഷിമാരെ വകവരുത്താനും സന്നദ്ധനായ ശ്രീരാമനെ ഒരു പാഠം പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ ഉപനിഷത്ത് തത്വങ്ങളുടെ സത്തയും സാരവും ആയ സീതയെ കൈവശമാക്കാനാണ് രാവണന്‍ ശ്രമിച്ചത്.
ഇതാണ് രാമ രാവണയുദ്ധം എന്ന കെട്ടുകഥ ചമക്കാന്‍ വാത്മീകി എന്ന വിശ്വ മഹാകവിയെ പ്രചോദിപ്പിച്ചതെന്നാണ് ശ്രീ വാഗ്ഭടാനന്ദ സ്വാമി അദ്ദേഹത്തിന്റെ’ആത്മവിദ്യ’എന്ന പുസ്തകത്തില്‍പ്പറയുന്നത്. (പേജ് 148 ആത്മവിദ്യ പ്രസിദ്ധീകരണ സമതി, കണ്ണൂര്‍) രാമന് അയോധ്യയില്‍ അമ്പലം പണിയുന്നെങ്കില്‍ പണിയട്ടെ അത് ബാബറുടെ പള്ളി പൊളിച്ചിട്ടാകരുതായിരുന്നു; ഇന്ത്യയിലെ ഒരു സാധാരണ വോട്ടര്‍ക്ക് ഈ വിഷയത്തോടുള്ള പ്രതികരണം ഇതില്‍ കൂടുതലൊന്നും ആകാന്‍ വഴിയില്ല.
പ്രകടന പത്രികയിലെ മറ്റൊരു വാഗ്ദാനം ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കുമെന്നാണ്. നിലവിലുള്ള ഭരണഘടനയെ മുന്‍നിര്‍ത്തി അത് അക്ഷരം പ്രതി സംരക്ഷിക്കുമെന്ന സത്യപ്രസ്താവന നടത്തി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ ഭരണഘടനയിലെ ഒരു പ്രത്യേക വകുപ്പ് എടുത്തു കളയുമെന്നു പരസ്യമായി പറയുന്നതിലെ നിയമ പ്രശ്‌നം നിയമവിശാരദന്മാര്‍ തന്നെ വ്യക്തമാക്കേണ്ടിവരും. ഒരു ഭരണകക്ഷിക്ക് ഏതെങ്കിലും കാലത്ത് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ വേണമെങ്കില്‍ അന്ന് മാത്രം ആലോചിക്കാവുന്ന കാര്യമാണ് ഭരണഘടനക്ക് മേല്‍ നടത്തുന്ന ഈ കുതിര കയറ്റം. അതിനുപകരം ഇന്ത്യയിലെ നാലോ അഞ്ചോ സംസ്ഥാനങ്ങളില്‍ നാമമാത്രം ഭൂരിപക്ഷമുള്ള കക്ഷി, 540 അംഗ പാര്‍ലിമെന്റില്‍ 200ല്‍ താഴെ സീറ്റുകള്‍ക്ക് മാത്രമേ തങ്ങള്‍ക്കര്‍ഹതയുള്ളൂ എന്ന് പരസ്യമായി സമ്മതിക്കുക കൂടി ചെയ്ത ബി ജെ പി, ഒരു വലിയ ഭരണഘടനാ പ്രതിസന്ധിയിലേക്ക് തന്നെ നയിച്ചേക്കാവുന്ന പ്രഖ്യാപനമാണ് അവരുടെ പ്രകടനപത്രികയില്‍ നടത്തിയിരിക്കുന്നത്. ഇത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനം മാത്രമല്ല രാജ്യത്ത് ആഭ്യന്തര കലാപം ഉണ്ടാക്കി, വിദേശ ശക്തികളുടെ ഒത്താശയോടെ രാജ്യത്തെ ശിഥിലമാക്കാനുള്ള നിഗൂഢ നീക്കമായും വ്യാഖ്യാനിക്കാവുന്നതാണ്. കോണ്‍ഗ്രസ് ഇപ്പോള്‍ തന്നെ ഓടുന്ന ഈ പന്നിക്ക് ഒരു മുഴം നീട്ടി എറിഞ്ഞു കഴിഞ്ഞു. അവരുടെ വിദേശകാര്യ വിദഗ്ധനായ ശശിതരൂര്‍, ബി ജെ പി യുടെ ഈ നീക്കത്തിനു അനുകൂലമായി ലേഖനം പ്രസിദ്ധീകരിച്ചു എന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
ഏക സിവില്‍ കോഡ് ആണ് ബി ജെ പി കടിച്ചു പൊട്ടിക്കാന്‍ നോക്കുന്ന പാകമാകാത്ത മറ്റൊരാപ്പിള്‍. കടിക്കുന്നവരുടെ പല്ല് പോകുമെന്നല്ലാതെ, ഈ സാധനം അത്ര എളുപ്പമൊന്നും പൊട്ടുമെന്ന് തോന്നുന്നില്ല. സ്ത്രീകളുടെ അവകാശ സംരക്ഷണമാണ് പോലും ഏകീകൃത സിവില്‍കോഡ് അനിവാര്യമാക്കുന്നത്. ഇത് കേള്‍ക്കുമ്പോള്‍ ആരും പറഞ്ഞുപോകും ആദ്യം സ്വന്തം കണ്ണിലെ കോലെടുക്കൂ; പിന്നീട് ആകാം അന്യരുടെ കണ്ണിലെ കരട് എടുക്കല്‍. ഇങ്ങനെ തലക്കു പിന്നിലൂടെ കൈ വളച്ച് സ്വന്തം മൂക്കില്‍ പിടിക്കാന്‍ ശ്രമിക്കുന്നതിനു പകരം ന്യൂനപക്ഷാവകാശം പൂര്‍ണമായും എടുത്തു കളയും എന്നങ്ങു പറഞ്ഞാല്‍ പോരേ. ഒരു രാജ്യത്തെ ഫെഡറല്‍ സമ്പ്രദായത്തെ കാത്തുസൂക്ഷിക്കാന്‍ കഴിയാത്തവര്‍ ഒരു ജനതയെ ഒന്നാകെ ഏതെങ്കിലും ഒരു കാര്യത്തില്‍ ഒരുമിച്ചു നിറുത്താന്‍ കഴിയാത്തവര്‍, നൂറ്റാണ്ടുകളായി തുടരുന്ന സാമൂഹിക ഉച്ചാനീചാവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ കഴിയാത്തവര്‍, ഏകീകൃത സിവില്‍ കോടുണ്ടാക്കും എന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ നമുക്കോര്‍മ വരിക കുണ്ടുകുളത്തിലെ ആ പാവം തവളയെ ആണ്.’കുണ്ടു കുളത്തില്‍ തവളക്കുഞ്ഞിനു കുന്നിനു മീതെ പറക്കാന്‍ മോഹം!’
(കെ സി വര്‍ഗീസ്, ഫോണ്‍- 9446268581)