Connect with us

Kozhikode

മര്‍കസ് നോളജ് സിറ്റിയും ഡോ. മൂസ ഹാര്‍ട്ട്ഫൗണ്ടേഷനും ധാരണയായി

Published

|

Last Updated

കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ തുടങ്ങുന്നത് സംബന്ധിച്ച് മര്‍കസ് നോളജ് സിറ്റിയും ഡോ. മൂസ ഫൗണ്ടേഷനും തമ്മില്‍ ധാരണയായി. വിദ്യാഭ്യാസ, ആരോഗ്യ, ആവാസ മേഖലയിലെ ബഹുമുഖ പദ്ധതിയായ മര്‍കസ് നോളജ് സിറ്റിയില്‍ അന്തര്‍ദേശീയ നിലവാരവും അത്യന്താധുനിക സൗകര്യങ്ങളുമുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ നിര്‍മിക്കുന്നതാണ് പദ്ധതി. നോളജ് സിറ്റിയിലെത്തുന്ന വിദേശികളടക്കമുള്ളവര്‍ക്ക് രാജ്യാന്തര നിലവാരമുള്ള ആരോഗ്യപരിചരണമാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ലക്ഷ്യമാക്കുന്നത്. റിസര്‍ച്ച് സെന്റര്‍, മെഡിക്കല്‍, നഴ്‌സിംഗ് സ്‌കൂള്‍ എന്നിവയും ഇതിന്റെ ഭാഗമായി സ്ഥാപിക്കും.
ബൈപ്പാസ് ഓപ്പറേഷനിലെ അഡ്വാന്‍സ് ടെക്‌നോളജി ഇന്ത്യയിലാദ്യമായി പരിചയപ്പെടുത്തിയ പ്രമുഖ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. മൂസക്കുഞ്ഞി ചെയര്‍മാനായുള്ള മെഡിക്കല്‍ ട്രസ്റ്റാണ് ഡോ. മൂസ ഹാര്‍ട്ട് ഫൗണ്ടേഷന്‍. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ നിര്‍മാണത്തിനും പ്രവര്‍ത്തനത്തിനും മേല്‍നോട്ടം വഹിക്കുന്നത് സംബന്ധിച്ചാണ് ഫൗണ്ടേഷനുമായി മര്‍കസ് നോളജ് സിറ്റി ധാരണയായത്.
ഇത് സംബന്ധിച്ച ധാരണാ പത്രത്തില്‍ നോളജ് സിറ്റി ചെയര്‍മാന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും ഡോ. മൂസ ഹാര്‍ട്ട് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. മൂസകുഞ്ഞിയും ഒപ്പു വെച്ചു. ചടങ്ങില്‍ മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍, സി മോയിന്‍കുട്ടി എം എല്‍ എ, നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം, ആപ്‌കോ ഗ്രൂപ്പ് സി എം ഡി എ പി അബ്ദുല്‍ കരീം ഹാജി, മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി, സി ഒ ഒ. ഇ വി അബ്ദുര്‍റഹ്മാന്‍, കൈക ഗ്രൂപ്പ് സി എം ഡി എസ് എസ് എ ഖാദര്‍ ബംഗളുരു, ലാന്‍ഡ് മാര്‍ക്ക് എം ഡി അന്‍വര്‍ സാദാത്ത്, ബനിയാസ് ഗ്രൂപ്പ് സി എം ഡി അബ്ദുര്‍റഹ്മാന്‍ ഹാജി, എം കെ സി ലീഗല്‍ കണ്‍സല്‍ട്ടന്റ് അഡ്വ. ഹസന്‍, എം കെ സി അഡ്മിന്‍ മാനേജര്‍ ശൗക്കത്ത് അലി സംബന്ധിച്ചു.