Connect with us

Ongoing News

വാസ്തുവിന്റെ പേരില്‍ വോട്ടിംഗ് യന്ത്രത്തിന്റെ സ്ഥാനം മാറ്റി പരിഹാരം!

Published

|

Last Updated

കോളാര്‍: വാസ്തു നോക്കി സ്ഥാനാര്‍ഥി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ സ്ഥാനം മാറ്റി. കര്‍ണാടകയിലെ കോളാര്‍ ലോക്‌സഭാ മണ്ഡലത്തിലാണ് സംഭവം. മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും കേന്ദ്ര സഹ മന്ത്രിയുമായ കെ എച്ച് മുനിയപ്പ വാസ്തു നോക്കിയാണ് വോട്ടിംഗ് യന്ത്രത്തിന്റെ സ്ഥാനം മാറ്റണമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോട് നിര്‍ദേശിച്ചത്. കെ എച്ച് മുനിയപ്പയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വാസ്തു അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഹരോഹല്ലി പോളിംഗ് സെന്ററില്‍ വോട്ടിംഗ് യന്ത്രം മാറ്റി സ്ഥാപിച്ചതായി കോളാര്‍ ഡെപ്യൂട്ടി കമ്മീഷണറും റിട്ടേണിംഗം ഓഫീസറുമായ ഡി കെ രവി പറഞ്ഞു. വോട്ടിംഗ് യന്ത്രം മാറ്റി സ്ഥാപിച്ചത് നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
കെ എച്ച് മുനിയപ്പ വോട്ട് രേഖാപ്പെടുത്താനെത്തിയ ശേഷമാണ് വോട്ടിംഗ് യന്ത്രം മാറ്റിയത്. തെക്ക് ഭാഗത്തേക്ക് നില്‍ക്കുന്ന രീതിയിലായിരുന്നു വോട്ടിംഗ് യന്ത്രം ഉണ്ടായിരുന്നത്. മുനിയപ്പയുടെ അനുയായികളുടെ സഹായത്തോടെയാണ് വോട്ടിംഗ് യന്ത്രം വടക്കു കിഴക്ക് ദിശയിലേക്ക് മാറ്റി സ്ഥാപിച്ചത്. സംഭവത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ മാറ്റിയതായി റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു. കോളാര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് 1991 മുതല്‍ തുടര്‍ച്ചയായി ആറ് തവണ വിജയിച്ച കെ എച്ച് മുനിയപ്പ ഇത് ഏഴാം വിജയം തേടിയാണ് മത്സരിക്കുന്നത്. നിലവില്‍ ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാണ് കെ എച്ച് മുനിയപ്പ.