പ്രചാരണം കൊഴുപ്പിക്കുന്നത് കുത്തകകളുടെ പണക്കിഴികള്‍

Posted on: April 15, 2014 9:15 am | Last updated: April 15, 2014 at 9:15 am

പതിനാറാം ലോക്‌സഭയിലേക്ക് നടക്കുന്ന പൊതുതിരഞ്ഞെടുപ്പ് നാല് ഘട്ടങ്ങള്‍ പിന്നിട്ടപ്പോള്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കൊഴുപ്പിക്കുന്നത് കോര്‍പറേറ്റ് കമ്പനികളുടെ പണക്കിഴികളാണെന്ന് കണക്കുകള്‍. രാജ്യത്തെ മിക്ക ദേശീയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ലഭിച്ച സംഭാവനയുടെ പങ്കില്‍ ഏകദേശം 87 ശതമാനവും കോര്‍പറേറ്റ് കുത്തക കമ്പനികളുടെ സംഭാവനയാണെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. എന്‍ സി പി, കോണ്‍ഗ്രസ്, ബി ജെ പി തുടങ്ങിയ പാര്‍ട്ടികളാണ് പ്രധാനമായും തങ്ങളുടെ പാര്‍ട്ടി ഫണ്ടുകള്‍ കോര്‍പറേറ്റ് പണക്കിഴികള്‍ കൊണ്ട് സമ്പന്നമാക്കിയത്. അടിസ്ഥാന വര്‍ഗത്തിന്റെ പാര്‍ട്ടിയായ സി പി എമ്മും സി പി ഐയും ചെറിയ പങ്കോടെയാണെങ്കിലും ഈ പട്ടികയിലുണ്ട്.
2004 മുതല്‍ 2012 വരെയുള്ള എട്ട് വര്‍ഷത്തിനിടെ ബി ജെ പിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്ക് സംഭാവനയായി ലഭിച്ച 435.87 കോടിയില്‍ 378.89 കോടിയും വന്‍കിട കുത്തകകളുടെ വകയായിരുന്നു. ആകെ സംഭാവനയുടെ 87 ശതമാനത്തോളം വരുമിത്. ഇക്കാലയളവില്‍ പതിനഞ്ചാം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്ന 2009ലായിരുന്നു രാഷ്ട്രീയ പാര്‍ട്ടികളുടെ സംഭാവനപ്പെട്ടികളിലേക്ക് കുത്തക കമ്പനികളുടെ പണക്കിഴികള്‍ ഏറ്റവും കൂടുതല്‍ ഒഴുകിയെത്തിയത്. ബി ജെ പിയാണ് കോര്‍പറേറ്റ് കമ്പനികളില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഫണ്ട് സ്വീകരിച്ചിരുന്നത്. വിവിധ മേഖലകളില്‍പെട്ട 1,334 സ്ഥാപനങ്ങളില്‍ നിന്നായി 192.47 കോടിയാണ് ബി ജെ പി ഇക്കാലയളവില്‍ സംഭാവനായി സ്വീകരിച്ചത്. ബി ജെ പിക്ക് ലഭിച്ച പാര്‍ട്ടി ഫണ്ടിന്റെ 85 ശതമാനമാണ് കോര്‍പറേറ്റ് വിഹിതം. എന്നാല്‍, 418 സ്ഥാപനങ്ങളില്‍ നിന്ന് 172.25 കോടി കൈപറ്റിയ കോണ്‍ഗ്രസിന്റെ 92 ശതമാനവും കുത്തകകളുടെ സംഭാവനയാണ്. 108 കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ നിന്ന് 1.78 കോടി വാങ്ങിയ സി പി എമ്മിന്റെ പാര്‍ട്ടി ഫണ്ടിന്റെ 33 ശതമാനവും കുത്തക സഹായമാണ്. പാര്‍ട്ടി ഫണ്ടിലേക്ക് പിരിച്ച തുകയുടെ 99 ശതമാനവും കുത്തകകളില്‍ നിന്ന് സ്വീകരിച്ച എന്‍ സി പിയാണ് കുത്തക വിഹിതം പറ്റിയതില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. എന്‍ സി പി ആകെ പിരിച്ച 12.35 കോടിയില്‍ 12.28 കോടിയും നല്‍കിയത് കുത്തകമ്പനികളായിരുന്നു.പതിമൂന്ന് സ്ഥാപനങ്ങളില്‍ നിന്ന് 11 ലക്ഷം രൂപ സ്വീകരിച്ച സി പി ഐ ആണ് ഏറ്റവും കുറവ് കുത്തക സഹായം സ്വീകരിച്ച സംഘടന. കഴിഞ്ഞ വര്‍ഷത്തെ കണക്ക് കോണ്‍ഗ്രസും സി പി എമ്മും മാത്രമാണ് നല്‍കിയിരിക്കുന്നത്. ഇതുകാരണം പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള 2012-2013 വര്‍ഷത്തെ കണക്കുകള്‍ പൂര്‍ണമായും ലഭ്യമായിട്ടില്ല.
ഐഡിയ ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനി ഉള്‍പ്പെടെ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ കീഴിലുള്ള ജനറല്‍ ഇലക്ട്രല്‍ ട്രസ്റ്റാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത്. 36.41 കോടിയാണ് ഇവര്‍ ഇക്കാലയളവില്‍ സംഭാവനയായി നല്‍കിയത്. ടോറന്റ് പവര്‍-11.85, ഭാരതി ഇലക്ട്രല്‍ ട്രസ്റ്റ്-11 കോടി എന്നീ കമ്പനികളാണ് തൊട്ടു പിറകിലുള്ളത്. ജനറല്‍ ഇലക്ട്രല്‍ ട്രസ്റ്റ് ആകെ സംഭാവന നല്‍കിയ 36.41 കോടിയില്‍ 26.57 കോടിയും ബി ജെ പി ഫണ്ടിലേക്കായിരുന്നു. ടോറന്റ് പവര്‍ പതിമൂന്ന് കോടിയും ഏഷ്യാനെറ്റ് ഹോള്‍ഡിംഗ് പത്ത് കോടിയും ബി ജെ പിക്ക് നല്‍കിയിരുന്നു. എന്‍ സി പിക്ക് അംബുജ സിമന്റ്, ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി, ഇന്‍ഫിന ഫിനാന്‍സ് എന്നീ സ്ഥാപനങ്ങള്‍ ഒരോ കോടി വീതം നല്‍കിയിരുന്നു.
ഇരുപതിനായിരം രൂപക്ക് മേല്‍ സംഭാവന നല്‍കുന്നവരുടെ പേരും, മേല്‍ വിലാസവും പാന്‍ കാര്‍ഡ് നമ്പറും സഹിതമുള്ള വിവരങ്ങള്‍ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമര്‍പ്പിക്കണമെന്നാണ് ചട്ടം. ഇതനുസരിച്ച് പാര്‍ട്ടികള്‍ നല്‍കിയ വിവരങ്ങളെ അടിസ്ഥാനമാക്കി അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോംസ് എന്ന സന്നദ്ധ സംഘടനയാണ് ഈ കണക്കുകള്‍ പുറത്തുവിടുന്നത്.