കര്‍സായിയുമായി അബ്ദുല്ല അബ്ദുല്ല അനുരഞ്ജനത്തിന്

Posted on: April 15, 2014 7:51 am | Last updated: April 15, 2014 at 7:51 am

കാബൂള്‍: പ്രസിഡന്റ് ഹാമിദ് കര്‍സായിയുമായി അനുരഞ്ജനത്തിന് ശ്രമിക്കുമെന്ന് അഫ്ഗാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മുന്നിലെത്തിയ സ്ഥാനാര്‍ഥി അബ്ദുല്ല അബ്ദുല്ല. കള്ളവോട്ടിലൂടെയാണ് കര്‍സായി 2009 പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതെന്ന് അബ്ദുല്ല ആരോപിച്ചിരുന്നു. കര്‍സായി രാഷ്ട്രീയ പ്രവര്‍ത്തനത്തിലുണ്ടാകണമെന്നും അദ്ദേഹം തന്റെ ശത്രുവല്ലെന്നും അബ്ദുല്ല മാധ്യമങ്ങളോട് പറഞ്ഞു. 2001 – 2005 കാലയളവില്‍ കര്‍സായി മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായിരുന്നു. അബ്ദുല്ലയും മുന്‍ ലോക ബേങ്ക് സാമ്പത്തിക വിദഗ്ധന്‍ അശ്‌റഫ് ഗീലാനിയുമാണ് രണ്ടാം ഘട്ടം തിരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നത്.
മോശം കാലാവസ്ഥയിലും താലിബാന്‍ ഭീഷണിക്കിടയിലുമാണ് അഫ്ഗാന്‍ ജനത കഴിഞ്ഞ ആഴ്ച വോട്ട് ചെയ്തത്. മൂന്നാം പ്രാവശ്യം മത്സരിക്കാന്‍ വിലക്കുള്ളതിനാല്‍ തിരഞ്ഞെടുപ്പ് മത്സരത്തില്‍ നിന്ന് പിന്‍മാറിയ ഹാമിദ് കര്‍സായി തുടര്‍ന്നും അഫ്ഗാന്‍ രാഷ്ട്രീയത്തില്‍ പ്രമുഖ സ്ഥാനം ആഗ്രഹിക്കുന്നുണ്ടെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. കര്‍സായിയുടെ സഹോദരന്‍ ഖയ്യൂമിനെ തിരഞ്ഞെടുപ്പിനിറക്കിയെങ്കിലും അദ്ദേഹം മത്സരത്തില്‍ നിന്ന് പിന്‍മാറിയിരുന്നു. അതോടൊപ്പം തന്റെ പിന്‍ഗാമിയായ സല്‍മായി റസൂല്‍ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് കരുതുന്നതിനാലും അബ്ദുല്ലയുമായുളള അനുരഞ്ജനം വലിയ പ്രധാന്യമര്‍ഹിക്കുന്നതാണ്. രാജ്യത്തിന്റെ പ്രധാനകാര്യങ്ങളിലെല്ലാം കര്‍സായിയുടെ ഇടപെടല്‍ ഉണ്ടാകുമെന്നും അബ്ദുല്ല വ്യക്തമാക്കിയിട്ടുണ്ട്.