ഉമ്മന്‍ ചാണ്ടി വന്‍കിടക്കാരുടെ സംരക്ഷകന്‍: അരവിന്ദാക്ഷന്‍

Posted on: April 15, 2014 12:41 am | Last updated: April 15, 2014 at 12:41 am

ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം യു ഡി എഫിന് ഏറ്റവും വലിയ പ്രഹരമായിരിക്കുമെന്ന് സി എം പി അരവിന്ദാക്ഷന്‍ വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ആര്‍ അരവിന്ദാക്ഷന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ധാര്‍മികതയുടെ പേരില്‍ എ കെ ആന്റണി, കെ കരുണാകരന്‍ ഉള്‍പ്പെടെയുള്ളവരെ രാജി വെപ്പിച്ച ഉമ്മന്‍ ചാണ്ടി, തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായാല്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കില്ലെന്നുറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തെ വലയം ചെയ്തിരിക്കുന്നത് വന്‍കിട വ്യവസായികളാണ്. അവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ചേ ഉമ്മന്‍ ചാണ്ടിക്ക് ചലിക്കാനാകൂ. സാധാരണക്കാരെ സംരക്ഷിക്കുന്നതിന് പകരം വമ്പന്‍ പദ്ധതികളുടെ പിന്നാലെ പായുകയാണ് ഉമ്മന്‍ ചാണ്ടിയെന്ന് സി എം പി നേതാവ് ചൂണ്ടിക്കാട്ടി.