അല്‍മഖര്‍ സില്‍വര്‍ ജൂബിലി സമ്മേളനത്തിന് ഉജ്ജ്വല സമാപനം

Posted on: April 14, 2014 9:05 am | Last updated: April 14, 2014 at 9:05 am

തളിപ്പറമ്പ്: രണ്ട് ദിവസം നീണ്ടുനിന്ന അല്‍മഖര്‍ സില്‍വര്‍ ജൂബിലി സമ്മേളനത്തിന് പ്രൗഢോജ്ജ്വല സമാപനം. അറിവ്, അനുകമ്പ, അര്‍പ്പണം എന്ന ശീര്‍ഷകത്തില്‍ തളിപ്പറമ്പ് നാടുകാണി ദാറുല്‍ അമാന്‍ താജുല്‍ ഉലമ നഗറിലാണ് സമ്മേളനം നടന്നത്. ഇന്നലെ വൈകിട്ട് 5.30ന് ദാറുല്‍ അമാനില്‍ പതിനായിരങ്ങള്‍ സംബന്ധിച്ച സമാപന പൊതു സമ്മേളനം സമസ്ത മുശാവറ അംഗം സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിച്ചു.
സമസ്ത വൈസ് പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ബുഖാരി കുറാ സനദ് ദാനം നടത്തി. അല്‍മഖര്‍ ശരീഅത്ത് കോളജ് പ്രിന്‍സിപ്പല്‍ കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി സനദ്ദാന പ്രസംഗം നടത്തി. ദഅ്‌വാ കോളജ് പുതിയ ബ്ലോക്ക് ശിലാസ്ഥാപനം നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു. അല്‍മഖര്‍ നിര്‍മിക്കുന്ന സ്‌നേഹഭവന്‍ പ്രഖ്യാപനം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു.
അല്‍മഖര്‍ മുദര്‍രിസ് കയരളം മുഹ്‌യിദ്ദീന്‍ മുസ്‌ലിയാരെ കാന്തപുരം ആദരിച്ചു. അന്താരാഷ്ട്ര ബുര്‍ദ പാരായണ മത്സര വിജയികള്‍ക്കുള്ള അവാര്‍ഡ് സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, പി ഹസന്‍ മുസ്‌ലിയാര്‍ വയനാട് എന്നിവര്‍ നല്‍കി. റേഷന്‍ പദ്ധതി ഉദ്ഘാടനം യേനപ്പോയ അബ്ദുല്ലക്കുഞ്ഞി ഹാജി നിര്‍വഹിച്ചു. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ജലീല്‍ സഖാഫി കടലുണ്ടി, അബൂദബി ഒയാസിസ് ഗ്രൂപ്പ് എം ഡി. ഷാജഹാന്‍ അബ്ബാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്നു നടന്ന ദിക്ര്‍ ദുആ മജ്‌ലിസിനും സമാപന പ്രാര്‍ഥനക്കും സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പൊസോട്ട് നേതൃത്വം നല്‍കി. അല്‍മഖര്‍ ജനറല്‍ സെക്രട്ടറി കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം സ്വാഗതവും കെ പി കമാലുദ്ദീന്‍ മൗലവി നന്ദിയും പറഞ്ഞു.
രാവിലെ നടന്ന ഫിഖ്ഹ് സെമിനാര്‍ മര്‍കസ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു. കുടക് ജില്ലാ ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മഹ്മൂദ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഇസ്‌ലാമിക കര്‍മശാസ്ത്രം: പ്രസക്തിയും അനിവാര്യതയും എന്ന വിഷയത്തില്‍ എം അബ്ദുര്‍റഹ്മാന്‍ ബാവ മുസ്‌ലിയാര്‍ കോടമ്പുഴ പ്രസംഗിച്ചു.
ആറളം അബ്ദുല്‍ഖാദിര്‍ ഫൈസി, എന്‍ അശ്‌റഫ് സഖാഫി കടവത്തൂര്‍, അബ്ദുറശീദ് ദാരിമി നൂഞ്ഞേരി പ്രസംഗിച്ചു. മുഹ്‌യിദ്ദീന്‍ സഖാഫി മുട്ടില്‍ സ്വാഗതവും എ പി ഉനൈസ് സഖാഫി നന്ദിയും പറഞ്ഞു. തുടര്‍ന്ന് മഹല്ല് നേതൃ സംഗമം, എലൈറ്റ് മീറ്റ് എന്നിവ നടന്നു. ഈ വര്‍ഷം പുറത്തിറങ്ങുന്ന അമാനികള്‍ക്കുള്ള സ്ഥാനവസ്ത്ര വിതരണ ചടങ്ങ് വി പി എം ഫൈസി വില്യാപ്പള്ളി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഗഫൂര്‍ കാമില്‍ സഖാഫി അധ്യക്ഷത വഹിച്ചു.