താരമണ്ണില്‍ ഏറ്റുമുട്ടാനൊരുങ്ങി താരങ്ങളുടെ മക്കള്‍

  Posted on: April 14, 2014 8:01 am | Last updated: April 14, 2014 at 8:01 am

  punamമുംബൈ: ഒരു കാലത്ത് ബോളിവുഡിലെ താരമായിരുന്ന സുനില്‍ ദത്തിന്റെ മകള്‍ ഒരു ഭാഗത്ത്. മറുഭാഗത്ത് മുംബൈയില്‍ നിന്ന് ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയര്‍ന്ന പ്രമോദ് മഹാജന്റെ മകള്‍. സുനില്‍ ദത്തിന്റെ മകള്‍ പ്രിയാ ദത്തും പ്രമോദ് മഹാജന്റെ മകള്‍ പൂനം മഹാജനും നേരിട്ട് ഏറ്റുമുട്ടുന്നതുകൊണ്ടു തന്നെ സംസ്ഥാനത്തിന്റെ മുഴുവന്‍ ശ്രദ്ധയും മുംബൈ നോര്‍ത്ത് സെന്‍ട്രലിലാണ്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും സുരക്ഷിതമായ മണ്ഡലങ്ങളിലൊന്ന്. അതാണ് മുംബൈ നോര്‍ത്ത് സെന്‍ട്രല്‍. എന്നാല്‍, ഇത്തവണ കാര്യങ്ങളുടെ കിടപ്പ് കോണ്‍ഗ്രസിന് അത്ര അനുകൂലമല്ല.

  കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 1.77 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മണ്ഡലത്തില്‍ നിന്ന് പ്രിയാ ദത്ത് അനായാസം ജയിച്ചു കയറിയത്. ഇത്തവണയും പ്രിയാ ദത്തിനെ തന്നെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയത്. ബോളിവുഡ് താരം നാനാ പടേക്കര്‍, മുന്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ സത്യപാല്‍ സിംഗ് ഉള്‍പ്പെടെ നിരവധി പേരെ സമീപിച്ച ശേഷമാണ് അന്തരിച്ച ബി ജെ പി നേതാവ് പ്രമോദ് മഹാജന്റെ മകള്‍ പൂനം മഹാജന്റെ പേരിന് ബി ജെ പി കേന്ദ്ര നേതൃത്വം അന്തിമ അംഗീകാരം നല്‍കിയത്.
  രാജ്യത്ത് നിലനില്‍ക്കുന്ന കോണ്‍ഗ്രസ്‌വിരുദ്ധ തരംഗത്തില്‍ ജയിച്ചു കയറാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് പൂനം മഹാജന്‍ മത്സരരംഗത്തിറങ്ങിയത്. കേന്ദ്രത്തിലെ യു പി എ സര്‍ക്കാറിന്റെ വികസന നയങ്ങള്‍ക്കും സംസ്ഥാനത്തെ കോണ്‍ഗ്രസ്- എന്‍ സി പി സര്‍ക്കാറിന്റെ പദ്ധതികള്‍ക്കുമൊപ്പം മണ്ഡലത്തിലെ എം പി എന്ന നിലയില്‍ താന്‍ കൊണ്ടുവന്ന വികസന പദ്ധതികളും വോട്ടാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് പ്രിയാ ദത്ത്.
  പ്രിയാ ദത്തിന് തിരഞ്ഞെടുപ്പ് രംഗം വളരെ സുപരിചിതമാണ്. മന്‍മോഹന്‍ സിംഗ് സര്‍ക്കാറില്‍ 2004- 2005 വര്‍ഷത്തില്‍ കായിക, യുവജനക്ഷേമ മന്ത്രിയായിരുന്നു പ്രിയയുടെ പിതാവ് സുനില്‍ ദത്ത്. 2005ല്‍ സുനില്‍ ദത്തിന്റെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മുംബൈ നോര്‍ത്ത് വെസ്റ്റില്‍ നിന്നാണ് പ്രിയാ ദത്ത് ലോക്‌സഭയിലേക്ക് ആദ്യം മത്സരിക്കുന്നത്. അന്ന് ജയിച്ചു കയറിയ പ്രിയയെ സ്ഥാനാര്‍ഥിയാക്കാന്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിലും കോണ്‍ഗ്രസിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിരുന്നില്ലെങ്കിലും മണ്ഡലം മുംബൈ നോര്‍ത്ത് സെന്‍ട്രലാക്കി മാറ്റി.
  പിതാവിന്റെ മരണത്തോടെയാണ് പൂനം മഹാജനും മത്സരരംഗത്തിറങ്ങിയതെങ്കിലും കാര്യമായ മുന്നേറ്റം കാഴ്ചവെക്കാന്‍ പൂനത്തിന് സാധിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തിറങ്ങിയെങ്കിലും പൂനം പരാജയപ്പെടുകയായിരുന്നു. 25,000 വോട്ടിനാണ് മുംബൈ നോര്‍ത്ത് ഈസ്റ്റില്‍ നിന്ന് പൂനം പരാജയപ്പെട്ടത്.
  വിലെ പാര്‍ളെ, കലീന, ചാന്ദ്‌വാലി, കുര്‍ള, ബാന്ദ്ര ഈസ്റ്റ്. ബാന്ദ്ര വെസ്റ്റ് എന്നീ ആറ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ ലോക്‌സഭാ മണ്ഡലം. മുംബൈ നോര്‍ത്ത് ഈസ്റ്റ് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായിരുന്ന കുര്‍ള, ചാന്ദ്‌വാലി മണ്ഡലങ്ങള്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്താണ് മുംബൈ നോര്‍ത്ത് സെന്‍ട്രലിന്റെ ഭാഗമായത്. ഇതില്‍ നാല് നിയമസഭാ മണ്ഡലങ്ങളും നിലവില്‍ കോണ്‍ഗ്രസിന്റെ കൈവശമാണ്. കുര്‍ളയില്‍ കോണ്‍ഗ്രസിന്റെ സഖ്യ കക്ഷിയായ എന്‍ സി പിയാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചു കയറിയത്. ബാന്ദ്ര ഈസ്റ്റ് മാത്രമാണ് ഇതിന് ഒരു അപവാദം. എന്‍ ഡി എ ഘടക കക്ഷിയായ ശിവസേനയുടെ കൈവശമാണ് ബാന്ദ്ര ഈസ്റ്റ്. ബോളിവുഡ് താരങ്ങള്‍ ഏറെയുമുള്ള മണ്ഡലമാണ് ബാന്ദ്രാ വെസ്റ്റ്. സഹോദരന്‍ സഞ്ജയ് ദത്തിന്റെ താരമൂല്യം കൂടി തനിക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് പ്രിയ.
  കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും പ്രിയക്ക് ഇത്തവണ കാര്യങ്ങള്‍ എളുപ്പമാകില്ലെന്നാണ് സൂചന. കഴിഞ്ഞ തവണ ബി ജെ പി- ശിവസേന സഖ്യത്തിനെതിരെ എം എന്‍ എസ് മത്സരരംഗത്തുണ്ടായിരുന്നു. ഇത്തവണ എം എന്‍ എസ് സ്ഥാനാര്‍ഥിയെ നിര്‍ത്താത്തത് വോട്ട് ഭിന്നിക്കാതിരിക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി.
  ഇതിനൊപ്പം സമാജ്‌വാദി പാര്‍ട്ടി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതും കോണ്‍ഗ്രസിനെയാകും കൂടുതല്‍ ബാധിക്കുക. ഫര്‍ഹാന്‍ അസ്മിയാണ് എസ് പി സ്ഥാനാര്‍ഥി. പ്രിയക്ക് ലഭിച്ചുകൊണ്ടിരുന്ന മുസ്‌ലിം വോട്ടുകളിലാണ് എസ് പിയുടെ കണ്ണ്.