Connect with us

Kerala

കൊച്ചി ആഴക്കടല്‍ തുറമുഖ നിര്‍മാണം അനിശ്ചിതത്വത്തില്‍

Published

|

Last Updated

കൊച്ചി: കടുത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ട് കൊച്ചി തുറമുഖത്തിന്റെ ഭാവി വികസനം ലക്ഷ്യമാക്കിയുള്ള ആഴക്കടല്‍ തുറമുഖ(ഔട്ടര്‍ ഹാര്‍ബര്‍) നിര്‍മാണ പദ്ധതിക്ക് ഭീഷണിയാകുന്നു.
മുംബൈ ആസ്ഥാനമായുള്ള സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്‌റ്റേഷന്‍ പദ്ധതിയെക്കുറിച്ച് നടത്തിയ പാരിസ്ഥിതിക പഠനം സംബന്ധിച്ച റിപ്പോര്‍ട്ടാണ് പദ്ധതിയെ അനിശ്ചിതത്വത്തിലാക്കുന്നത്. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തുറമുഖ നിര്‍മാണത്തിനായുള്ള ടെന്‍ഡര്‍ നടപടിപോലും അവതാളത്തിലായിരിക്കുകയാണ്.
പുറം കടലില്‍ പുതിയ തുറമുഖം നിര്‍മിക്കുമ്പോള്‍ വെള്ളത്തിന്റെ ഒഴുക്ക് കുറയുമെന്നും ഭൂമിശാസ്ത്രപരമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നുമാണ് പഠന റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് കഴിഞ്ഞ ഡിസംബറിലാണ് ബന്ധപ്പെട്ട മന്ത്രാലയത്തിന് സമര്‍പ്പിച്ചത്. കൊച്ചിക്ക് പടിഞ്ഞാറ് പുറങ്കടലിലാണ് ആഴക്കടല്‍ തുറമുഖം നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്നത്. കടല്‍ നികത്തി 2600 ഏക്കര്‍ വിസ്തീര്‍ണമുള്ള പുതിയൊരു തുറമുഖം നിര്‍മിക്കാനാണ് പദ്ധതി. 8,000 കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതുമാണ്.
കൊച്ചിയില്‍ പുതുവയ്പിനടുത്തായി കടലിലേക്ക് ആറ് കിലോമീറ്റര്‍ നീളത്തില്‍ രണ്ട് പുലിമുട്ടുകള്‍ സ്ഥാപിച്ച് അതിന് നടുവില്‍ കൊച്ചിയേക്കാള്‍ വലിയ തുറമുഖനഗരം രൂപപ്പെടുത്താനാണ് പദ്ധതി ലക്ഷ്യമിട്ടത്.
കൊച്ചി തുറമുഖം സ്ഥിതിചെയ്യുന്നത് കായലിനോട് ചേര്‍ന്നാണ്. 14.5 മീറ്ററാണ് നിലവില്‍ കായലിന്റെ ആഴം. ഈ ആഴം നിലനിര്‍ത്തുന്നതിന് നിരന്തരം ഡ്രഡ്ജ് ചെയ്യേണ്ടതായി വരുന്നുണ്ട്. തുറമുഖ ട്രസ്റ്റിന്റെ വരുമാത്തിന്റെ പ്രധാന പങ്ക് ഇതിനായി ചെലവഴിക്കുകയാണ്. പ്രതിവര്‍ഷം 110 കോടി രൂപവരെ ഇതിനായി ചെലവഴിക്കുന്നു. ഇത് തുറമുഖ വകുപ്പിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ആഴക്കടല്‍ തുറമുഖം പ്രാവര്‍ത്തികമാകുന്നതോടെ ഡ്ര്ജിംഗിനായി ചെലവിടുന്ന തുക ലാഭിക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. കടലില്‍ 20 മീറ്റര്‍ വരെ ആഴം ലഭിക്കും. കാര്യമായ ഡജിംഗ് ആവശ്യമില്ല. കൂറ്റന്‍ കപ്പലുകള്‍ക്കും അനായാസം തുറമുഖത്തേക്ക് അടുക്കാനാകും.
വിദേശരാജ്യങ്ങളില്‍ ആഴക്കടല്‍ തുറമുഖങ്ങള്‍ നിര്‍മിച്ചിരിക്കുന്നത് ഈയൊരു കാരണത്താലാണ്. പ്രമുഖ തുറമുഖങ്ങളെല്ലാം കടലില്‍തന്നെ സ്ഥിതിചെയ്യുമ്പോള്‍ കൊച്ചിയില്‍ മാത്രമാണ് കായലോരത്ത് തുറമുഖം നിര്‍മിച്ചിരിക്കുന്നത്.
ഇതിനാല്‍ പല വലിയ കപ്പലുകള്‍ക്കും തുറമുഖത്ത് എത്താന്‍ പാടുപെടേണ്ടിവരുന്നുണ്ട്. ബാര്‍ജറുകളുടെ സഹായമില്ലാതെ ഇത്തരം കപ്പലുകള്‍ക്കു തുറമുഖത്ത് എത്തിച്ചേരാനാകുന്നില്ല. ഈ സാഹചര്യത്തിലാണ് “ഔട്ടര്‍ ഹാര്‍ബര്‍” പദ്ധതിയെ കുറിച്ച് ആലോചിച്ചത്.
കടലില്‍ നിന്ന് വീണ്ടെടുത്ത പ്രദേശത്ത് തുറമുഖം നിര്‍മിക്കുന്നതിനാല്‍ നിര്‍മാണത്തിനായി വന്‍തോതില്‍ ഭൂമി ഏറ്റെടുക്കേണ്ടിവരില്ല. ആഴക്കടല്‍ തുറമുഖം വരുന്നതോടെ നിലവിലെ തുറമുഖത്തെ തിരക്ക് കുറയുകയും കൂടുതല്‍ വിദേശകപ്പലുകള്‍ കൊച്ചിയില്‍ എത്തുമെന്നും പ്രതീക്ഷിച്ചിരുന്നു.
ഈ പ്രതീക്ഷകളെ തകിടം മറിച്ചാണ് പാരിസ്ഥിതിക പഠന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.