Connect with us

Kerala

പകര്‍ച്ചവ്യാധി നിയന്ത്രണം: കേന്ദ്ര ഫണ്ട് പാഴാക്കി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് പൂര്‍ണമായി ചെലവഴിക്കുന്നതില്‍ ആരോഗ്യ വകുപ്പ് വീഴ്ച വരുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ പദ്ധതി വിഹിതത്തിന്റെ 32 ശതമാനം തുകയും സംസ്ഥാന ആരോഗ്യ വകുപ്പിന് ചെലവഴിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് രേഖകള്‍ തെളിയിക്കുന്നത്. അതേസമയം, കടുത്ത ചൂടിനൊപ്പം വന്ന വേനല്‍മഴക്കു പിന്നാലെ സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമെന്ന ഭീതി നിലനില്‍ക്കുകയാണ്. ഈ മാസം ഇതുവരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സംസ്ഥാനത്ത് 15 പേര്‍ക്ക് മലേറിയയും പത്ത് പേര്‍ക്ക് എലിപ്പനിയും 177 പേര്‍ക്ക് മഞ്ഞപ്പിത്തവും 34 പേര്‍ക്ക് ടൈഫോയിഡും 200 പേര്‍ക്ക് മന്തുരോഗവും 538 പേര്‍ക്ക് ചിക്കന്‍പോക്‌സും രണ്ട് പേര്‍ക്ക് സ്‌ക്രബ് ടൈഫസും സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ 45,304 പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ പനിബാധിതരായി ചികിത്സ തേടിയെത്തിയതെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള സംയോജിത രോഗപ്രതിരോധ വിഭാഗത്തിന് ഇക്കാര്യത്തില്‍ വന്‍ തോതില്‍ പാളിച്ച സംഭവിച്ചതായാണ് വിലയിരുത്തല്‍. ചരിത്രത്തിലാദ്യമായി ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയ കഴിഞ്ഞ വര്‍ഷം കേന്ദ്ര പദ്ധതിയായ എന്‍ ആര്‍ എച്ച് എം വഴി സംസ്ഥാനത്തെ സംയോജിത രോഗപ്രതിരോധ വിഭാഗത്തിന് അനുവദിച്ചുകിട്ടിയത് 77.5 കോടി രൂപയാണ്. ഇതില്‍ ഒരു വര്‍ഷം കൊണ്ട് ചെലവഴിച്ചത് വെറും 53 കോടി മാത്രം. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ നിയന്ത്രണത്തിനുള്ള തുകയില്‍ 1.33 കോടിയിലധികം രൂപ ചെലവഴിക്കാതെ കിടക്കുകയാണ്. ജപ്പാന്‍ ജ്വരം നിയന്ത്രിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ട ഫണ്ടില്‍ ഒമ്പത് ലക്ഷം രൂപ ബാക്കിയാണ്. മന്തുരോഗ ഗുളിക വാങ്ങേണ്ട തുകയില്‍ 9.4 കോടി രൂപയാണ് ചെലവഴിക്കാതിരുന്നത്. രോഗം പടര്‍ന്ന് മരണങ്ങള്‍ കൂടിയിട്ടും സംയോജിത രോഗപ്രതിരോധ സെല്‍ അഥവാ ഐ ഡി എസ് പി തുക ചെലവഴിക്കാന്‍ തയ്യാറായില്ലെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. പ്രതിരോധപ്രവര്‍ത്തനങ്ങളിലുണ്ടായ പാളിച്ചയാണ് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ ഇടയാക്കിയതെന്ന് ഇതില്‍ നിന്ന് വ്യക്തമാകും. എന്നാല്‍, കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട തുകയില്‍ കുറച്ച് ലഭിക്കാന്‍ കാലതാമസം നേരിട്ടതാണ് ഫണ്ട് ചെലവഴിക്കാന്‍ കഴിയാതിരുന്നതിന് ഐ ഡി എസ് പി നല്‍കുന്ന വിശദീകരണം.
തലസ്ഥാന ജില്ലയില്‍ മാത്രം ഈ മാസം 11 വരെ 26 പേര്‍ക്കു കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചതാണ് ആശങ്കക്കിടയാക്കിയിട്ടുള്ളത്. ഒരാള്‍ മരിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലും പഞ്ചായത്തുകളിലും ആരോഗ്യ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി. ഡെങ്കിക്ക് പുറമെ എലിപ്പനി, സ്‌ക്രബ് ടൈഫസ്, മലേറിയ തുടങ്ങിയ രോഗങ്ങളും പടരുന്നതായാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ മാസം തോറും മൂന്നക്ക സംഖ്യ കടന്നിരുന്ന ഡെങ്കിപ്പനി ജനുവരി മുതല്‍ തലസ്ഥാന ജില്ലയില്‍ ഏകദേശം നിയന്ത്രണവിധേയമായിരുന്നു. വേനല്‍ മഴയോടെ ആരോഗ്യ വകുപ്പിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നിഷ്ഫലമായിരിക്കുന്നുവെന്നാണ് ഡെങ്കിബാധിതരുടെ കണക്കുകള്‍ നല്‍കുന്ന സൂചന. ഈ മാസം ആദ്യ പത്ത് ദിവസങ്ങളില്‍ സര്‍ക്കാര്‍ ലാബുകളില്‍ നടത്തിയ പരിശോധനകളിലാണ് 26 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രികളുടെ കണക്കുകൂടി എടുത്താല്‍ ഇതിന്റെ മൂന്നിരട്ടിയെങ്കിലും വരും. ഡെങ്കിപ്പനി സ്ഥിരീകരിക്കുന്ന സ്ഥലങ്ങളില്‍ 48 മണിക്കൂറിനകം ഊര്‍ജിത പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രാഥമിക, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. കോര്‍പറേഷന്‍ വാര്‍ഡുകളില്‍ മഴക്കാലപൂര്‍വ പ്രതിരോധപ്രവര്‍ത്തനം ഉടന്‍ തുടങ്ങണമെന്നാവശ്യപ്പെട്ട് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

---- facebook comment plugin here -----

Latest