ബേപ്പൂരിലേക്കുള്ള യാത്രക്കിടെ കാണാതായ ഉരു കണ്ടെത്തി

Posted on: April 13, 2014 9:53 am | Last updated: April 13, 2014 at 9:53 am

beypoor portഫറോക്ക്: ലക്ഷദ്വീപില്‍ നിന്ന് ബേപ്പൂരിലേക്കുള്ള യാത്രക്കിടെ കാണാതായ ഉരു കണ്ടെത്തി. കോസ്റ്റ്ഗാര്‍ഡ് നടത്തിയ തിരച്ചിലില്‍ ബേപ്പൂര്‍ തീരത്ത് നിന്ന് 90 നോട്ടിക്കല്‍ മൈല്‍ അകലെ വടക്ക്പടിഞ്ഞാറും കണ്ണൂര്‍ തീരത്ത് നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെ പടിഞ്ഞാറുമായിട്ടാണ് ഉരു കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് ശനിയാഴ്ച വൈകീട്ട് അഞ്ചോടെ കോസ്റ്റ്ഗാര്‍ഡ് എയര്‍ക്രാഫ്റ്റ് നടത്തിയ തിരച്ചിലിലാണ് ഉരു കെണ്ടത്തിയത്.കോസ്റ്റ്ഗാര്‍ഡിന്റെ അഭിനവ്, സി 404 എന്നീ കപ്പലുകള്‍ ഉരുവിന് സമീപമെത്തി. തൊഴിലാളികള്‍ സുരക്ഷിതരാണെന്ന് കോസ്റ്റ്ഗാര്‍ഡ് അധികൃതര്‍ അറിയിച്ചു.

അഞ്ച് ജീവനക്കാരുമായി ചെത്ത്‌ലത്ത് ദ്വീപില്‍ നിന്ന് കഴിഞ്ഞ നാലിന് പുറപ്പെട്ട എം എസ് വി നിദ എന്ന ഉരുവാണ് കാണാതായത്. പയ്യാനക്കല്‍ ചക്കുംകടവ് സ്വദേശി കുഞ്ഞിമുഹമ്മദിന്റെ ഉടമസ്ഥതയിലുള്ളതാണ് ഉരു. വടകര സ്വദേശി ടി മൊയ്തീന്‍ (68), തമിഴ്‌നാട് കടലൂര്‍ സ്വദേശികളായ മുരുകന്‍ (42), മനോഹര്‍ (34), ഗുജറാത്തിലെ ജാംനഗര്‍ സ്വദേശികളായ നരേന്‍ നര്‍ഷി കര്‍വ (53), ഹുസൈന്‍ സലീം ചമുദിയ (42) എന്നിവരാണ് ഉരുവിലുണ്ടായിരുന്നത്. കൊപ്ര, മാസ്, കാലി വീപ്പകള്‍ തുടങ്ങി ലക്ഷദ്വീപ് കോ-ഓപറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷനു വേണ്ടിയുള്ള ചരക്കുമായാണ് ഉരു ബേപ്പൂരിലേക്ക് പുറപ്പെട്ടത്.