ചീഫ് വിപ്പിനെ മാറ്റാന്‍ സോണിയക്ക് പരാതി

Posted on: April 13, 2014 6:11 am | Last updated: April 14, 2014 at 9:24 am

georgeകോട്ടയം: പത്തനംതിട്ട ലോക്‌സഭാ മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആന്റോ ആന്റണിക്കെതിരെ രൂക്ഷവിമര്‍ശം നടത്തിയ ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജിനെതിരെ കോണ്‍ഗ്രസ്- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം തുടരുന്നു.
കോട്ടയത്ത് ഡി സി ഓഡിറ്റോറിയത്തില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ ജോര്‍ജിനെതിരെ മുദ്രാവാക്യം വിളികളുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. കേരള കോണ്‍ഗ്രസ് നേതാവായിരുന്ന അഡ്വ. ടി വി ഏബ്രഹാം ഫൗണ്ടേഷന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ജോര്‍ജ്.
മുദ്രാവാക്യം വിളികളുമായി എത്തിയ പത്തോളം പ്രവര്‍ത്തകര്‍ സമ്മേളന വേദിയിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ചു. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഈ സമയം മന്ത്രിമാരായ കെ എം മാണിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സമ്മേളന വേദിയിലുണ്ടായിരുന്നു.
ചങ്ങനാശേരിയില്‍ സ്വകാര്യ ചടങ്ങിനെത്തിയ ജോര്‍ജിനെ ഒരു വിഭാഗം കോണ്‍ഗ്രസ്- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ഇതിനിടെ ജോര്‍ജിന്റെ നിലപാടുകളെ തള്ളി കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണി രംഗത്തെത്തി.

പത്തനംതിട്ടയില്‍ ആന്റോ ആന്റണിയുടെ വിജയം സുനിശ്ചിതമാണെന്ന് മാണി പറഞ്ഞു. വിവാദങ്ങളിലേക്ക് തന്നെ വലിച്ചിഴക്കരുത്. ജോര്‍ജുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ കൂടുതല്‍ ചര്‍ച്ചക്കില്ലെന്നും മാണി കോട്ടയത്ത് പറഞ്ഞു. ആന്റോ ആന്റണിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയ ജോര്‍ജിനെതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ട് പൂഞ്ഞാര്‍, മുണ്ടക്കയം കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികള്‍ ഇന്നലെ യോഗം ചേര്‍ന്നു.
പി സി ജോര്‍ജ് ചതിയനെന്ന് കോണ്‍ഗ്രസ് പൂഞ്ഞാര്‍ ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധി, മുഖ്യമന്ത്രി, കെ പി സി സി പ്രസിഡന്റ് എന്നിവര്‍ക്ക് കത്ത് നല്‍കാനും യോഗം തീരുമാനിച്ചു.
ഇതിനിടെ കോണ്‍ഗ്രസ് നേതാവും പൂഞ്ഞാര്‍ യു ഡി എഫ് നിയോജകമണ്ഡലം കമ്മിറ്റി ചെയര്‍മാനുമായ ജോര്‍ജ് ജേക്കബ് പി സി ജോര്‍ജിനെ പിന്തുണച്ച് രംഗത്ത് എത്തിയത് കോണ്‍ഗ്രസ് ക്യാമ്പുകളെ ഞെട്ടിക്കുകയും ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജോര്‍ജിനെ ഒഴിവാക്കാന്‍ ഒരു വിഭാഗം ശ്രമം നടത്തിയതായി അദ്ദേഹം ആരോപിച്ചു.