ജുമുഅക്ക് മുന്‍പുള്ള പ്രസംഗം അനിസ്‌ലാമികം: പൊന്മള

Posted on: April 12, 2014 12:44 pm | Last updated: April 12, 2014 at 12:44 pm

പട്ടാമ്പി: ജുമുഅക്ക് മുന്‍പുള്ള തറപ്രസംഗം അനിസ്‌ലാമികമാണെന്നും മതപ്രാമാണിക ഗ്രന്ഥങ്ങളില്‍ തെളിവില്ലെന്നും എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ വ്യക്തമാക്കി. ആമയൂര്‍ പെട്രോള്‍പമ്പ് പരിസരത്ത് പണിത സുന്നി മസ്ജിദില്‍ ജുമുഅ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്തയുടെ പ്രസിഡന്റായിരുന്ന കണ്ണിയത്ത് അഹ്മ്മദ് മുസ്‌ലിയാരും സെക്രട്ടറിയായിരുന്ന ഇ കെ അബുബക്കര്‍ മുസ്‌ലിയാരും ജുമുഅക്ക് മുന്‍പുള്ള പ്രസംഗം കടുത്ത തെറ്റാണെന്ന് മതവിധി പുറത്തിറക്കിയിട്ടുണ്ട്.
പള്ളികളില്‍ നിന്ന് ഒരുതരത്തിലുള്ള അപസ്വരങ്ങളും കേള്‍ക്കാതിരിക്കുമ്പോള്‍ മാത്രമേ പള്ളികള്‍ ശാന്തി ഗേഹങ്ങളാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മതബോധനങ്ങളാലും ആരാധനാ കര്‍മങ്ങളാലും പള്ളികള്‍ സജീവമാക്കണമെന്നും ഒരുനിലക്കും അടച്ചുപൂട്ടാനുള്ളതല്ല പള്ളികളെന്നും അദ്ദേഹം ഉണര്‍ത്തി.
എസ് ജെ എം സംസ്ഥാന സെക്രട്ടറി കെ ഉമര്‍ മദനി വിളയൂര്‍ അധ്യക്ഷത വഹിച്ചു. മൊയ്തീന്‍കുട്ടി അല്‍ ഹസനി, അലിയാര്‍ അഹ്‌സനി, റസാഖ് മിസ്ബാഹി ആമയൂര്‍, ത്വാഹിര്‍ സഖാഫി, യൂസുഫ് സഖാഫി വിളയൂര്‍, ഖാദര്‍ ചുണ്ടമ്പറ്റ, കുഞ്ഞുണ്ണി, ഹാഫിസ് ഉസ്മാന്‍ വിളയൂര്‍, സയ്യിദ് മുജീബ് തങ്ങള്‍, സലാം അഹ്‌സനി, റശീദ് ബാഖവി, സഈദ് കൈപ്പുറം, ഒ പി പരീക്കുട്ടി ഹാജി, ഒ പി മൊയ്തീന്‍, ഒ പി ശറഫുദ്ദീന്‍, ഒ പി അബൂബക്കര്‍, അബ്ദുസ്സലാം ഹാജി പ്രസംഗിച്ചു.