രത്തന്‍ ടാറ്റ ബി എഫ് എയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി

Posted on: April 12, 2014 7:42 am | Last updated: April 12, 2014 at 7:42 am

rathan tattaബീജിംഗ്: ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റ ചൈനയുടെ പിന്തുണയുള്ള ബൊയാവോ ഫോറം ഫോര്‍ ഏഷ്യ(ബി എഫ് എ)യുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി നിയമിതനായി. ഒരു ഇന്ത്യക്കാരന് ഈ ഫോറത്തില്‍ ആദ്യമായി ലഭിക്കുന്ന അപൂര്‍വ അംഗീകാരമാണിത്. ചൈനയിലെ ഹൈനാന്‍ പ്രവിശ്യയിലെ ബോയാവോയിലാണ് ഫോറം. ഗുവാംഗ്ഷുവിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ കെ നാഗ്‌രാജ് നായിഡുവാണ് ഇക്കാര്യം അറിയിച്ചത്.
15 അംഗ ബോര്‍ഡില്‍ ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി യാസുവോ ഫുക്കുഡ, മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി അബ്ദുല്ലാ അഹ്മദ് ബദാവി, സിംഗപ്പൂര്‍ മുന്‍ പ്രധാനമന്ത്രി ഗോ ചോ ടോംഗ്, ഫ്രഞ്ച്് മുന്‍ പ്രധാനമന്ത്രി ജീന്‍ പിയറി റഫാറിന്‍, യു എസ് മുന്‍ ട്രഷറി സെക്രട്ടറി ഹെന്റി പോള്‍സണ്‍ തുടങ്ങിയവര്‍ അംഗങ്ങളാണ്. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ഡാവോസിന്റെ മാതൃകയില്‍ 2001ലാണ് ബൊയാവോ ഫോറം രൂപവത്കരിച്ചത്. ഓരോ വര്‍ഷവും ആഗോള രാഷ്ട്രീയ, ബിസിനസ് ഉന്നതര്‍ ഇവിടെ ചേര്‍ന്ന്് രാഷ്ട്രീയ, സാമ്പത്തിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് (ഫിക്കി) ഫോറത്തിലെ ഒരു സാധാരണ അംഗമാണ്.