Connect with us

Kozhikode

അമിതാരോഗ്യം ദോഷമെന്ന് സ്വാദിഖലി; പി സി ജോര്‍ജിനെതിരെ യൂത്ത് ലീഗ്

Published

|

Last Updated

കോഴിക്കോട്: ഗവ ചീഫ് വിപ്പ് പി സി ജോര്‍ജിനെതിരെ യൂത്ത് ലീഗ് രംഗത്ത്. കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും കെ എസ് യുവും പി സി ജോര്‍ജിനെതിരെ നിരവധി അവസരങ്ങളില്‍ രംഗത്ത് വന്നിട്ടുണ്ടെങ്കിലും യൂത്ത് ലീഗ് ആദ്യമായാണ് പി സി ജോര്‍ജിനെതിരെ തിരിയുന്നത്. മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇ അഹമ്മദിന്റെ ആരോഗ്യം സംബന്ധിച്ച് പി സി ജോര്‍ജ് അഭിപ്രായം പറഞ്ഞതാണ് യൂത്ത് ലീഗിനെ ചൊടിപ്പിച്ചത്.
ഇ അഹമ്മദിന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മാത്രം പി സി ജോര്‍ജ് വളര്‍ന്നിട്ടില്ലെന്ന് യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സ്വാദിഖലി പറഞ്ഞു.
കേരളത്തിലെ ഏത് സ്ഥാനാര്‍ഥിയേക്കാളും ആരോഗ്യവും ചുറുചുറുക്കും അഹമ്മദിനുണ്ട്. പി സി ജോര്‍ജിന്റെ അമിതാരോഗ്യമാണ് യഥാര്‍ഥത്തില്‍ യു ഡി എഫ് രാഷ്ട്രീയത്തിന് ദോഷം. യു ഡി എഫിലെ ദുര്‍മേദസ്സാണ് പി സി ജോര്‍ജെന്നും സ്വാദിഖലി പറഞ്ഞു. ജോര്‍ജിനെക്കുറിച്ച് കേരളത്തിലെ ജനങ്ങള്‍ക്കറിയാം. ഉത്തരം താങ്ങുന്ന പല്ലിയെ പോലെയാണ് പലപ്പോഴും ജോര്‍ജ് അനാവശ്യമായി പ്രതികരിക്കുന്നത്. നാവു മാത്രം ആയുധമാക്കിയതുകൊണ്ടാണ് ഈ വിധത്തില്‍ ചീര്‍ത്തിരിക്കുന്നത്. ആര്‍ക്കെതിരെയും എന്തും പറയുന്ന പി സി ജോര്‍ജ് ലീഗിലെ ഒരു നേതാവിനെതിരെയും വായില്‍ തോന്നിയതൊക്കെ വിളിച്ച് പറയാമെന്ന് കരുതേണ്ടെന്നും സ്വാദിഖലി മുന്നറിയിപ്പ് നല്‍കി.
തിരഞ്ഞെടുപ്പിനുശേഷം മുന്നണി സംവിധാനത്തെ ദോഷകരമായി ബാധിക്കുന്നതാണ് പി സി ജോര്‍ജിന്റെ പ്രസ്താവനയും യുത്ത് ലീഗിന്റെ പ്രതികരണവും. പലപ്പോഴും മുന്നണിക്കകത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മുന്നില്‍ നിന്ന് നേതൃത്വം നല്‍കുന്ന ലീഗിനെതിരെയുള്ള ജോര്‍ജിന്റെ ഒളിയമ്പ് വരും ദിവസങ്ങളില്‍ യു ഡി എഫിനെ പ്രതിസന്ധിയിലാക്കിയേക്കും.

 

---- facebook comment plugin here -----

Latest