Connect with us

Ongoing News

വാഹനത്തിലെ ബീക്കണ്‍ ലൈറ്റുകള്‍ സംബന്ധിച്ച് ഉത്തരവായി

Published

|

Last Updated

തിരുവനന്തപുരം: സുപ്രീം കോടതി ഉത്തരവനുസരിച്ച് സംസ്ഥാനത്ത് വാഹനങ്ങളില്‍ ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇതനുസരിച്ച് ഗവര്‍ണര്‍, മുഖ്യമന്ത്രി, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, നിയമസഭാ സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, കേരള സംസ്ഥാന മന്ത്രിമാര്‍, സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍, ഹൈക്കോടതി ജഡ്ജിമാര്‍ എന്നിവര്‍ക്ക് വാഹനത്തില്‍ ഫഌഷറോടുകൂടിയ ചുവന്ന ബീക്കണ്‍ലൈറ്റ് ഉപയോഗിക്കാം.
നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് സെക്രട്ടറി, അഡ്വക്കേറ്റ് ജനറല്‍, സംസ്ഥാന ഇലക്ഷന്‍ കമ്മീഷണര്‍, കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാന്‍, ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍, പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ എന്നീ വ്യക്തികള്‍ക്ക് വാഹനത്തില്‍ ഫഌഷറില്ലാതെ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാം. മേല്‍സൂചിപ്പിച്ച വ്യക്തികള്‍ക്കുള്ളതിന് തുല്യമായ പദവിയും അന്തസ്സും പ്രത്യേക അവകാശങ്ങളും ഉണ്ടെന്ന് ഔപചാരികമായി നിശ്ചയിക്കപ്പെട്ടിട്ടുള്ള വിശിഷ്ട വ്യക്തികള്‍ക്ക്, അതതു സംഗതി പോലെ, ഫഌഷറോടു കൂടിയതോ ഫഌഷര്‍ ഇല്ലാത്തതോ ആയ ചുവന്ന ലൈറ്റ് വാഹനങ്ങളില്‍ ഉപയോഗിക്കാം.
പോലീസിന്റെ പൈലറ്റ് എസ്‌കോര്‍ട്ട് വാഹനങ്ങള്‍ക്ക് ഫഌഷറോടു കൂടിയതോ ഫഌഷര്‍ ഇല്ലാത്തതോ ആയ നീല ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാം. ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ്, അത്യാവശ്യമായി അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള വിവിധ ഏജന്‍സികള്‍ എന്നിങ്ങനെ റോഡില്‍ യാതൊരു തടസ്സവും ഉണ്ടാകാതെ അടിയന്തരമായി കൃത്യനിര്‍വഹണം നടത്തേണ്ടതായ ഓപ്പറേഷനല്‍ ഏജന്‍സികളുടെ വാഹനങ്ങള്‍, ക്രമസമാധാനപാലന കര്‍ത്തവ്യത്തിലേര്‍പ്പെട്ടിട്ടുള്ള പോലീസ് വാഹനങ്ങള്‍ എന്നിവക്ക് ചുവപ്പ്, നീല, വെള്ള എന്നീ നിറങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബഹുവര്‍ണ ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കാം.

---- facebook comment plugin here -----

Latest