Connect with us

Ongoing News

ശുഭ പ്രതീക്ഷയോടെ തരൂര്‍; അട്ടിമറിയുമെന്ന് എല്‍ ഡി എഫ്

Published

|

Last Updated

തിരുവനന്തപുരം: ത്രികോണ മത്സരത്തിലൂടെ ശ്രദ്ധേയമായ തലസ്ഥാന മണ്ഡലം തന്നെ കൈവിടില്ലെന്ന ശുഭപ്രതീക്ഷയിലാണ് യു ഡി എഫ്് സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍. എന്നാല്‍, ഓരോ മണ്ഡലത്തിലെയും വോട്ടിംഗ് നില പരിശോധിക്കുമ്പോള്‍ അട്ടിമറിയിലൂടെ മണ്ഡലം തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ എല്‍ ഡി എഫിന് ഒരു സംശയവുമില്ല. മണ്ഡലത്തിലെ പ്രധാന വോട്ട് ബേങ്കായ നാടാര്‍ വോട്ടുകള്‍ ഏകീകരിക്കാന്‍ കഴിഞ്ഞതും നിര്‍ണായകമായ നായര്‍ വോട്ടുകള്‍ വിഭജിക്കപ്പെട്ടതുമാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി ബെന്നറ്റ് എബ്രഹാമിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നത്. ഒപ്പം ഭിന്നിച്ച് ലത്തീന്‍ കത്തോലിക്കാ വോട്ടുകളില്‍ ഒരു പങ്ക് ലഭിച്ചതും നായര്‍ വോട്ടുകളില്‍ ബി ജെ പി സ്ഥാനാര്‍ഥി ഒ രാജഗോപാല്‍ വിള്ളല്‍ വീഴ്ത്തിയതുമാണ് എല്‍ ഡി എഫ് ഗുണമായി കാണുന്നത്. എന്നാല്‍, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒപ്പം നിന്ന നായര്‍ വോട്ടുകള്‍ വിഭജിക്കപ്പെട്ടതോടൊപ്പം വ്യക്തിപരമായ ആരോപണങ്ങളും ശശി തരൂരിന് തിരിച്ചടിയായി.
അതേസമയം, ഒ രാജഗോപാലിന്റെ സാന്നിധ്യം എല്‍ ഡി എഫിനാണ് ഗുണം ചെയ്യുന്നതെങ്കിലും അടിയൊഴുക്കുകള്‍ ശക്തമായാല്‍ കണക്കുകള്‍ കൈവിടുമെന്നാശങ്കയുണ്ട്. അതോടൊപ്പം ലീഡ് പ്രതീക്ഷിക്കുന്ന കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം സെന്‍ട്രല്‍, നേമം എന്നീ നാല് മണ്ഡലങ്ങളിലും പോളിംഗ് ശതമാനം കുറഞ്ഞത് യു ഡി എഫിന് തിരിച്ചടിയാകും. അതേസമയം, എല്‍ ഡി എഫ് പ്രതീക്ഷിക്കുന്ന നാടാര്‍ വോട്ടുകള്‍ ഏറെയുള്ള നെയ്യാറ്റിന്‍കര, പാറശ്ശാല, കോവളം എന്നിവിടങ്ങളില്‍ പോളിംഗ് നില എഴുപത് ശതമാനത്തിന് മീതെയായിരുന്നു. പോളിംഗ് ശതമാനം ഇങ്ങനെ: കഴക്കൂട്ടം-67.59, വട്ടിയൂര്‍ക്കാവ്-65.06, തിരുവനന്തപുരം സെന്‍ട്രല്‍-63.04, നേമം-68.10, നെയ്യാറ്റിന്‍കര-72.39, പാറശ്ശാല-73.11, കോവളം-70.07.