ഡല്‍ഹിയില്‍ അധികാരമൊഴിഞ്ഞത് തെറ്റായിപ്പോയെന്ന് കെജ്‌രിവാള്‍

Posted on: April 11, 2014 9:49 am | Last updated: April 11, 2014 at 3:47 pm

kejri

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ധൃതിപ്പെട്ട് അധികാരത്തില്‍ നിന്നൊഴിഞ്ഞത് തെറ്റായിപ്പൊയെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. ഒരു ദേശീയ മാധ്യമത്തിന് നല്‍കി അഭിമുഖത്തിലാണ് കെജ്‌രിവാള്‍ തെറ്റ് സമ്മതിച്ചത്. ഈ തെറ്റ് കാരണം ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടിക്ക് ഇപ്പോള്‍ ജനങ്ങളുമായി ചെറിയ അകല്‍ച്ച സംഭവിച്ചു. ഭാവിയില്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. ലോക്പാല്‍ ബില്‍ പാസാവാത്തതിനാലാണ് രാജിവെച്ചത് എന്നതില്‍ കുറ്റബോധമില്ല. എന്നാല്‍ ഇത്ര നേരത്തെ വേണ്ടിയിരുന്നില്ല എന്നാണ് തന്റെ അഭിപ്രായമെന്ന് എ എ പി നേതാവ് പറഞ്ഞു.

‘എന്തുകൊണ്ടാണ് രാജിവെക്കുന്നത് എന്ന് ജനങ്ങളെ കുറച്ചുദിവസമെടുത്ത് ബോധിപ്പിക്കേണ്ടിയിരുന്നു. ധൃതിയില്‍ രാജിവെച്ചത് കാരണം ജനങ്ങളുമായി ചെറിയ രീതിയില്‍ അകല്‍ച്ചയുണ്ടാക്കി. ഇതില്‍ ഇറങ്ങിക്കളിച്ച ബി ജെ പിയും കോണ്‍ഗ്രസും ഞങ്ങള്‍ വെല്ലുവിളികളില്‍ നിന്ന് ഒളിച്ചോടുന്നവരാണ് എന്നടക്കമുള്ള തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചു. ഇതാണ് ഞങ്ങള്‍ ചെയ്ത തെറ്റ്. ഇത് ഭാവിയില്‍ ഞങ്ങള്‍ കൂടുതല്‍ ശ്രദ്ധാലുക്കളായിരിക്കും.’ കെജ്‌രിവാള്‍ പറഞ്ഞു

ഇതാദ്യമായാണ് അധികാരമൊഴിഞ്ഞത് തെറ്റായിപ്പോയെന്ന് കെജ്‌രിവാള്‍ സമ്മതിക്കുന്നത്. കെജ്‌രിവാളും കൂട്ടരും അധികാരമൊഴിഞ്ഞത് വ്യാപകമായ വിമര്‍ശനത്തിനിടയാക്കിയിരുന്നു. വെറും 49 ദിവസം മാത്രമാണ് കോണ്‍ഗ്രസിന്റെ പുറത്തുനിന്നുള്ള പിന്തുണയോടുകൂടി എ എ പി സര്‍ക്കാര്‍ അധികാരത്തിലിരുന്നത്.