പ്രായം വകവെക്കാതെ ആഇശുമ്മ വോട്ടിനെത്തി

  Posted on: April 10, 2014 11:26 pm | Last updated: April 10, 2014 at 11:26 pm

  04കോഴിക്കോട്: പ്രായത്തെ തോല്‍പ്പിച്ച് ആഇശുമ്മ എത്തി, പതിനാറ് വര്‍ഷം തന്നോട് പിണങ്ങിനിന്ന വോട്ടവകാശം വിനിയോഗിക്കാന്‍. ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടറാണ് പൂവ്വാട്ടുപറമ്പ് സ്വദേശി ആഇശുമ്മ. തിരഞ്ഞെടുപ്പ് ആവേശത്തോടൊപ്പം പോളിംഗ് ബൂത്തില്‍ ആഇശുമ്മ താരമായി.
  പെരുവയല്‍ പഞ്ചായത്തിലെ ആനക്കുഴിക്കര പേരോട്ട് ആഇശുമ്മക്ക് 103 വയസ്സാണ്. പ്രായത്തിന്റെ അവശതകള്‍ ബാധിച്ചെങ്കിലും വോട്ട് ചെയ്യാനുള്ള ആഗ്രഹത്തിന് മുന്നില്‍ ആഇശുമ്മ ചെറുപ്പമാണ്.
  രാവിലെ പതിനൊന്നോടെയായിരുന്നു ആഇശുമ്മ പൂവാട്ട്പറമ്പ് സ്‌കുളിലെ 68ാം നമ്പര്‍ ബൂത്തിലെത്തിയത്. ബുത്തിലെത്തിയ ആഇശുമ്മയെ കാറില്‍ നിന്ന് കസേരയിലിരുത്തിയാണ് വോട്ടിംഗിനെത്തിച്ചത്. 1998 ലായിരുന്നു ആഇശുമ്മ അവസാനമായി വോട്ട് ചെയ്തത്.
  ബാലറ്റ് പേപ്പര്‍ മാറി ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രവും തിരിച്ചറിയല്‍ കാര്‍ഡും വന്നതോടെ വോട്ടര്‍ പട്ടികയില്‍ പേരില്ലാതെ പോയത് തുടര്‍ന്നുള്ള തിരഞ്ഞെടുപ്പുകളില്‍ നിന്ന് ആഇശുമ്മയെ അകറ്റി. ഇത്തവണ വോട്ടര്‍ പട്ടികയില്‍ ഇടം പിടിച്ചതോടെയാണ് സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായമേറിയ വോട്ടറായി ആഇശുമ്മ മാറിയത്. തുടര്‍ന്ന് ജില്ലാ കലക്ടര്‍ സി എ ലത നേരിട്ട് വീട്ടിലെത്തി വോട്ടിംഗ് യന്ത്രം ഉപയോഗിക്കാന്‍ ആഇശുമ്മയെ പഠിപ്പിക്കുകയും ചെയ്തു. ആഇശുമ്മക്ക് സഹായിയായി വോട്ട് ചെയ്യാന്‍ മകന്‍ സുലൈമാന്‍ എത്തിയിരുന്നു. ചാനല്‍ ക്യാമറകള്‍ പൊതിഞ്ഞതോടെ ചെറുപുഞ്ചിരി സമ്മാനിച്ചാണ് ആഇശുമ്മ മടങ്ങിയത്, ഇനിയും വരാമെന്ന ഉറപ്പോടെ തന്നെ.
  ആഇശുമ്മയുടെ ഭര്‍ത്താവ് മൊയ്തീന്‍ 32 വര്‍ഷം മുമ്പ് മരിച്ചു. നാല് മക്കളുള്ള ആഇശുമ്മ രണ്ടാമത്തെ മകനായ സുലൈമാന്റെ കൂടെയാണ് താമസം. വോട്ടവകാശത്തിന്റെ മഹത്വത്തെ അര്‍ഥപൂര്‍ണമാക്കുകയാണ് 103ാം വയസ്സിലും പോളിംഗ് ബുത്തിലെത്തി ആഇശുമ്മ.
  1998ല്‍ തിരിച്ചറിയല്‍ കാര്‍ഡ് പ്രാബല്യത്തില്‍ വന്നതോടെ ആഇശുമ്മയുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യപ്പെട്ടിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ കാരണം ഹിയറിംഗിന് ഹാജരാകാന്‍ കഴിയാതായതോടെ വോട്ടവകാശം നഷ്ടപ്പെടുകയായിരുന്നു.
  എന്നാല്‍, ഇപ്പോഴും പ്രായത്തെ വെല്ലുന്ന ചുറുചുറുക്കും പ്രസരിപ്പും കൊണ്ട് 16 വര്‍ഷം പിടിതരാതെ തന്നില്‍ നിന്ന് മാറി നിന്ന വോട്ടവകാശത്തെ ആവേശപൂര്‍വം സ്വന്തമാക്കുകയാണ് ആഇശുമ്മ.