സമ്മതിദാനം സ്വാഭിമാനം വിനിയോഗിച്ച് നേതാക്കള്‍

Posted on: April 10, 2014 11:24 pm | Last updated: April 10, 2014 at 11:24 pm

തിരുവനന്തപുരം: സംസ്ഥാനത്തെ നേതാക്കളെല്ലാം സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ അവരവരുടെ ബൂത്തുകളിലെത്തിയത് കുടുംബസമേതം. വിവിധ പാര്‍ട്ടികളുടെ ദേശീയ നേതാക്കളും കേന്ദ്ര മന്ത്രിമാരുമുള്‍പ്പെടെ നേതാക്കളെല്ലാം രാവിലെ പത്ത് മണിക്ക് മുമ്പെ വോട്ട് രേഖപ്പെടുത്താന്‍ എത്തിയിരുന്നു. ഒപ്പം തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിന്റെ ഗൗരവം ഉയര്‍ത്തിക്കാട്ടി സിനിമാ താരങ്ങളുള്‍പ്പെടെ പ്രശ്‌സതരും നേരത്തെ തന്നെ വോട്ട് ചെയ്യാനെത്തിയിരുന്നു. ചലച്ചിത്ര താരം സുരേഷ് ഗോപി ദുബൈയില്‍ നിന്നാണ് വോട്ട് ചെയ്യാനെത്തിയത്. മൂന്ന് ദിവസം മുമ്പ് ദുബൈയിലേക്ക് പോയ അദ്ദേഹം ഇന്നലെ പുലര്‍ച്ചെയോടോയാണ് എത്തിയത്. ശാസ്തമംഗലത്തെ സ്‌കൂളിലായിരുന്നു അദ്ദേഹത്തിന്റെ വോട്ട്. അതേസമയം, മെഗാ താരം മമ്മൂട്ടി വോട്ട് ചെയ്യാനായി ഷൂട്ടിംഗ് നിര്‍ത്തിവെച്ച് എത്തിയിരുന്നെങ്കിലും വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതിനാല്‍ വോട്ട് ചെയ്യാനാകാതെ മടങ്ങേണ്ടി വന്നു. എറണാകുളം പനമ്പിള്ളി നഗര്‍ സ്‌കൂളിലാണ് മമ്മുട്ടി വോട്ട് ചെയ്യാനെത്തിയത്. പതിവായി ഇതേ സ്‌കൂളിലായിരുന്നു താരം വോട്ട് ചെയ്തിരുന്നത്.
കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി കുടുംബസമേതം തിരുവനന്തപുരം ജഗതി യു പി സ്‌കൂളില്‍ രാവിലെ ഒമ്പതരയോടെ തന്നെ വോട്ട് രേഖപ്പെടുത്താനെത്തിയിരുന്നു. എം എം ഹസന്റെ കുടുംബത്തോടൊപ്പം വീട്ടില്‍ നിന്ന് നടന്നാണ് ബൂത്തിലെത്തിയത്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആലപ്പുഴ പുന്നപ്രയിലെ പനയകുളങ്ങര ഗവ. ഹൈസ്‌കൂളിലെത്തിയതും കുടുംബസമേതമായിരുന്നു. ഭാര്യക്കും മക്കള്‍ക്കുമൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാവിലെ ഒമ്പത് മണിയോടെ പുതുപ്പള്ളി സെന്റ്‌ജോര്‍ജ് പബ്ലിക് സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രവര്‍ത്തകര്‍ക്കൊപ്പം മറ്റു ബൂത്തുകളിലേക്ക് പോയി.
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, കാന്തപുരം ജി എം എല്‍ പി സ്‌കൂളില്‍ രാവിലെ ഏഴ് മണിയോടെ തന്നെ വോട്ട് രേഖപ്പെടുത്താനെത്തിയിരുന്നു. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കണ്ണൂര്‍ പിണറായി ഓയമ്പലം ആര്‍ സി അമല ബേസിക് സ്‌കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. അരമണിക്കൂറിലേറെ ക്യൂവില്‍ നിന്നാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ രാവിലെ പത്തുമണിയോടെയാണ് കുന്നുകുഴി യു പി സ്‌കൂളില്‍ കുടുംബത്തോടൊപ്പം വോട്ടുചെയ്യാനെത്തിയത്. സി പി എം നേതാക്കളായ കോടിയേരി ബാലകൃഷ്ണന്‍ കോടിയേരി ജൂനിയര്‍ ബേസിക് സ്‌കൂളിലും, എസ് രാമചന്ദ്രന്‍പിള്ള പി എം ജിയിലെ സിറ്റി സ്‌കൂളിലും വോട്ട് ചെയ്തു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തൃപ്പെരുന്തുറ യു പി സ്‌കൂളിലും സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ ശാസ്തമംഗലം എന്‍ എസ് എസ് സ്‌കൂളിലും, സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ കണ്ണൂര്‍ കക്കാട് കോര്‍ജാന്‍ യു പി സ്‌കൂളിലും, ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ കോഴിക്കോട് കാരപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും, ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും പാണക്കാട്ട് എല്‍ പി സ്‌കൂളിലും മന്ത്രി എം കെ മുനീര്‍ കോഴിക്കോട്ട് സെന്റ്‌വിന്‍സെന്റ് കോളനി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും വോട്ട് ചെയ്തു. അതേസമയം രോഗ കാരണങ്ങളാല്‍ വിശ്രമിക്കുന്ന പി ടി തോമസിനും, എം വി രാഘവനും, ജഗതി ശ്രീകുമാറിനും വോട്ട് ചെയ്യാനായില്ല.
ഒ എന്‍ വി കുറുപ്പ് വഴുതക്കാട് കോട്ടണ്‍ ഹില്‍ ജി എച്ച് എസ് എസിലും, സുഗതകുമാരി നന്ദാവനത്തും വോട്ട് രേഖപ്പെടുത്തി. സക്കറിയ തിരുവനന്തപുരം മ്യൂസിയം സത്യന്‍ മെമ്മോറിയല്‍ ഹാളിലും, ആര്‍ച്ച് ബിഷപ്പ് ഡോ. സൂസൈപാക്യം ജവഹര്‍ നഗറിലും കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കത്തോലിക്ക ബാവ പട്ടം ഗേള്‍സ് ഹൈസ്‌കൂളിലും വോട്ട് രേഖപ്പെടുത്തി. സിനിമാ താരങ്ങളായ മുകേഷ് കൊല്ലം പട്ടത്താനം എല്‍ പി സ്‌കൂളിലും ദിലീപ് ആലുവ ദേശീയപാത അതോറിറ്റി സ്‌കൂളിലും, കെ പി എസി ലളിത തൃശൂരിലെ വടക്കാഞ്ചേരി സ്‌കൂളിലും, കലാഭവന്‍ മണി ചാലക്കുടി ഗവ. സ്‌കൂളിലും, സനൂഷ കണ്ണൂരിലും വോട്ട് ചെയ്തു. എന്നാല്‍, സ്ഥലത്തില്ലാത്തതിനാല്‍ മോഹന്‍ലാല്‍ വോട്ട് ചെയ്യാനെത്തിയിരുന്നില്ല.