Connect with us

International

മലേഷ്യന്‍ വിമാനം: തിരച്ചില്‍ വിമാനത്തിനും സിഗ്‌നല്‍ ലഭിച്ചു

Published

|

Last Updated

പെര്‍ത്ത്/ ക്വലാലംപൂര്‍: കാണാതായ മലേഷ്യന്‍ വിമാനത്തിന് വേണ്ടി തിരച്ചില്‍ നടത്തുന്ന വ്യോമസേനാ വിമാനത്തിന് തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് പുതിയ സിഗ്‌നല്‍ ലഭിച്ചതായി ആസ്‌ത്രേലിയന്‍ അധികൃതര്‍ അറിയിച്ചു. തിരച്ചില്‍ കപ്പലിന് പള്‍സ് സിഗ്നലുകള്‍ ലഭിച്ച അതേ മേഖലയില്‍ നിന്നാണ് ആസ്‌ത്രേലിയന്‍ വ്യോമസേനയുടെ റാഫ് പി-3 ഓറിയോണ്‍ വിമാനത്തിന് സിഗ്‌നല്‍ ലഭിച്ചത്. ഇത് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും കൃത്രിമമാണോയെന്ന് അറിയില്ലെന്നും അധികൃതര്‍ അറിയിച്ചു.
തിരച്ചില്‍ നടത്തുന്ന ആസ്‌ത്രേലിയയുടെ ഓഷ്യന്‍ ഷീല്‍ഡ് കപ്പലിലെ അമേരിക്കന്‍ നാവിക സേനയുടെ സിഗ്നല്‍ പിടിച്ചെടുക്കുന്ന യന്ത്രത്തിനാണ് നേരത്തെ ഇവിടെ നിന്ന് ഓഡിയോ സിഗ്‌നലുകള്‍ ലഭിച്ചത്. ഇന്നലെ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതോടെ ഈ മേഖലയിലാകാം വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് എന്ന പ്രതീക്ഷക്ക് കരുത്തേറി. കഴിഞ്ഞ ഞായറാഴ്ചയും ചൊവ്വാഴ്ചയുമായി ആസ്‌ത്രേലിയന്‍ കപ്പലിന് ഈ മേഖലയില്‍ നിന്ന് നാല് തവണ സിഗ്‌നലുകള്‍ ലഭിച്ചിരുന്നു. സിഗ്‌നല്‍ പരിശോധിച്ച് ഇന്ന് തന്നെ ഉറപ്പുവരുത്തുമെന്ന് തിരച്ചിലിന് നേതൃത്വം നല്‍കുന്ന വിരമിച്ച എയര്‍ ചീഫ് മാര്‍ഷല്‍ അംഗസ് ഹൂസ്റ്റണ്‍ പറഞ്ഞു.
അതേസമയം, ഒന്നും ഒളിച്ചുവെക്കാനില്ലെന്നും തിരച്ചില്‍ സംഘങ്ങള്‍ക്ക് ലഭിച്ച സിഗ്നലുകളില്‍ ജാഗ്രത പാലിക്കുന്നുണ്ടെന്നും മലേഷ്യന്‍ ഗതാഗത മന്ത്രി ഹിശാമുദ്ദീന്‍ ഹുസൈന്‍ ബി ബി സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വിമാനം കാണാതായതിന് ശേഷം ആദ്യമായാണ് പടിഞ്ഞാറന്‍ മാധ്യമത്തിന് അദ്ദേഹം അഭിമുഖം നല്‍കുന്നത്. ദക്ഷിണ ചൈനാ സമുദ്രം മുതല്‍ മലാക്കാ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ സമുദ്രം വരെയുള്ള മേഖലകളില്‍ നിന്ന് ലഭിക്കുന്ന എന്ത് വിവരവും ശ്രദ്ധിക്കുകയും തുടരന്വേഷണം നടത്തുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ മാസം എട്ടാം തീയതിയാണ് 239 പേരുമായി എം എച്ച് 370 വിമാനം കാണാതായത്.