Connect with us

Kerala

കടകംപള്ളി- കളമശ്ശേരി ഭൂമി തട്ടിപ്പ് സി ബി ഐ വിവരശേഖരണം തുടങ്ങി

Published

|

Last Updated

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട കടകംപളളി- കളമശ്ശേരി ഭൂമിതട്ടിപ്പ് കേസില്‍ സി ബി ഐ പ്രാഥമികാന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി നിലവില്‍ കേസ് അന്വേഷിക്കുന്ന റവന്യൂ വിജിലന്‍സില്‍ നിന്നാണ് സി ബി ഐ വിവരശേഖരണം നടത്തിയത്.
ക്രമക്കേട് സംബന്ധിച്ച് എന്തെങ്കിലും തെളിവുകള്‍ ലഭിച്ചോ, അന്വേഷണം എവിടെ വരെയെത്തി തുടങ്ങിയ പ്രാഥമിക വിവരങ്ങളാണ് സി ബി ഐ ഉദ്യോഗസ്ഥര്‍ ശേഖരിച്ചത്. തട്ടിപ്പിനിരയായവര്‍ നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തില്‍ കടകംപള്ളി- കളമശ്ശേരി ഭൂമി തട്ടിപ്പുകേസ് സി ബി ഐഅന്വേഷിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നാണ് നടപടി. സി ബി ഐയുടെ തിരുവനന്തപുരം യൂനിറ്റിനാണ് അന്വേഷണച്ചുമതല. അന്വേഷണത്തിന്റെ ഭാഗമായി കടകംപള്ളി വില്ലേജ് ഓഫിസില്‍ പരിശോധന നടത്തി ചില രേഖകള്‍ സി ബി ഐ പിടിച്ചെടുത്തു.
തട്ടിപ്പിനിരയായവരില്‍നിന്നും സി ബി ഐ സംഘം പ്രാഥമികവിവരങ്ങള്‍ തേടി. തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു പങ്കുണ്ടോയെന്ന കാര്യവും അന്വേഷണപരിധിയില്‍ വരുമെന്നാണ് സൂചന. കടകംപള്ളി വില്ലേജിലെ 147 കുടുംബങ്ങളുടെ 44 ഏക്കര്‍ ഭൂമിയും കളമശ്ശേരി സ്വദേശിനി ഷെരീഫയുടെ പേരിലുള്ള ഒന്നര ഏക്കര്‍ ഭൂമിയും വ്യാജരേഖകള്‍ ചമച്ച് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.
ലാന്‍ഡ് റവന്യൂ കമ്മീഷനര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കും വില്ലേജ് ഓഫീസിലെ ജീവനക്കാര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും റവന്യൂ വിജിലന്‍സും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ തട്ടിപ്പില്‍ ഇവര്‍ക്കുള്ള പങ്കും സി ബി ഐ അന്വേഷിക്കും. പ്രാഥമികാന്വേഷത്തിന് ശേഷമായിരിക്കും സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്യുക.
അതിനിടെ, കരം സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഭൂമിതട്ടിപ്പിനിരയായവര്‍ കടകംപള്ളി വില്ലേജ് ഓഫിസ് ഉപരോധിച്ചു. കേസിലുള്‍പ്പെട്ട 147 കുടുബങ്ങളുടെ 44 ഏക്കറോളം ഭൂമിയുടെ ഉടമസ്ഥരാണ് കരമട ക്കാനെത്തിയത്. എന്നാല്‍, പ്രത്യേക ഉത്തരവൊന്നും നിലവിലില്ലെങ്കിലും ഉന്നത നിര്‍ദേശപ്രകാരം കരമടച്ചുനല്‍കാനാകില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് സ്ഥലത്ത് നേരിയ സംഘര്‍ഷമുണ്ടായി.