Connect with us

Editorial

രോഗങ്ങള്‍ പതിയിരിക്കുന്ന ശീതള പാനീയങ്ങള്‍

Published

|

Last Updated

ഭക്ഷ്യയോഗ്യമല്ലാത്ത ജലവും ഐസും ഉപയോഗിക്കുന്ന വഴിയോര കച്ചവടക്കാര്‍ക്കും കടകള്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ ഉത്തരവ് നല്‍കിയിരിക്കയാണ്. പിഴ ഈടാക്കല്‍, ഫുഡ് ബിസിനസ് രജിസ്‌ട്രേഷനും ലൈസന്‍സുകളും റദ്ദാക്കല്‍ തുടങ്ങി കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാണ് ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ക്കും ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്കും ഇന്റലിജന്‍സ് വിഭാഗം അസിസ്റ്റന്റ് കമ്മിഷണര്‍മാര്‍ക്കും നല്‍കിയ നിര്‍ദേശം. വഴിയോരങ്ങളില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ശീതളപാനീയം വില്‍പ്പന നടത്തുന്ന താത്കാലിക കടകള്‍ അടപ്പിക്കാന്‍ ആരോഗ്യ വകുപ്പും നിര്‍ദേശിക്കുന്നു. ടൈഫോയിഡ്, മഞ്ഞപ്പിത്തം തുടങ്ങിയ സാംക്രമിക രോഗങ്ങള്‍ പടരുകയും, പാനീയങ്ങള്‍ നിര്‍മിക്കുന്നതും സൂക്ഷിക്കുന്നതും വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് കണ്ടെത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് ഈ നടപടികള്‍.

വേനല്‍ക്കാലമായതോടെ സംസ്ഥാനത്തെ വഴിയോരങ്ങളിലുടനീളവും കടകളിലും ശീതളപാനീയ കച്ചവടം സജീവമായിട്ടുണ്ട്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വേനല്‍ കൂടുതല്‍ രൂക്ഷമാണെന്നതിനാല്‍ പാനിയ വില്‍പ്പനയും പൂര്‍വോപരി വര്‍ധിച്ചിട്ടുണ്ട്. ഐസ് ചേര്‍ത്തു തണുപ്പിച്ച ഈ പാനീയങ്ങളില്‍ അപകടം പതിയിരിക്കുന്നുണ്ടെന്ന് ഉപഭോക്താക്കള്‍ അറിയുന്നില്ല. മത്സ്യങ്ങള്‍ കേട്‌വരാതിരിക്കാന്‍ ഉപയോഗിക്കുന്ന അമോണിയം കലര്‍ന്ന ഐസാണ് ശീതളപാനീയങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ കണ്ടെത്തുകയുണ്ടായി. ചില വന്‍കിട ഹോട്ടലുകളിലും കൂള്‍ ബാറുകളിലും വരെ താണ തരം ഐസാണ് ഉപയോഗിക്കുന്നത്. പാനീയങ്ങള്‍ തണുപ്പിക്കാനായി ഫാക്ടറികളില്‍ നേരത്തേ പ്രത്യേകം തരം ഐസാണ് നിര്‍മിച്ചിരുന്നത്. ചെലവ് കൂടുതലായതിനാല്‍ മിക്ക ഫാക്ടറികളും ഇത്തരം ഐസിന്റെ ഉത്പാദനം നിര്‍ത്തിയതോടെയാണ് ശീതളപാനീയ കച്ചവടക്കാര്‍ നിലവാരം കുറഞ്ഞ ഐസിനെ ആശ്രയിക്കാന്‍ തുടങ്ങിയത്. കുഴല്‍ക്കിണറുകളില്‍ നിന്നും, മലിനമായ ജലാശയങ്ങളില്‍ നിന്നും എടുക്കുന്ന ജലം ശുദ്ധീകരിക്കാതെയാണ് ഐസ് നിര്‍മ്മാണം നടത്തുന്നതെന്നും പരിശോധനയില്‍ വ്യക്തമായതാണ്. ഇത്തരം ഐസ് ചേര്‍ത്ത പാനീയങ്ങള്‍ മഞ്ഞപ്പിത്തം, ടൈഫോയിഡ് തുടങ്ങിയ രോഗങ്ങള്‍ക്കിടയാക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ഇവയുടെ തുടര്‍ച്ചയായ ഉപയോഗം രക്തകോശങ്ങളുടെ ഉത്പാദനത്തെ ബാധിക്കുകയും അര്‍ബുദത്തിന് കാരണമാവുകയും ചെയ്യും.
കടകളില്‍ വ്യാപകമായ കവര്‍ ശീതള പാനിയങ്ങളിലും അപകടം പതിയിരിക്കുന്നുണ്ട്. അടപ്പില്ലാത്ത പാത്രങ്ങളിലും ടാങ്കുകളിലും ശേഖരിച്ച വെള്ളം ഉപയോഗിച്ചു വൃത്തിഹീനമായ ചുറ്റുപാടിലാണ് ഈ പാനീയങ്ങള്‍ നിര്‍മിക്കുന്നതും കവറിലാക്കുന്നതും. ഓറഞ്ച,് മാങ്ങ ,പൈനാപ്പിള്‍, മുന്തിരി, തണ്ണിമത്തന്‍ തുടങ്ങിയ പഴങ്ങളുടെ മണം അനുഭവപ്പെടുന്ന വിവിധ നിറങ്ങളിലുള്ള രാസവസ്തുക്കള്‍ കലര്‍ത്തിയാണ് ഇവയുടെ നിര്‍മാണം. ഗുരുതര രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതാണ് ഈ രാസവസ്തുക്കള്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ, അവയുടെ കണ്‍വെട്ടത്തമാണ് ഇവയുടെ നിര്‍മാണവും വില്‍പ്പനയും നടക്കുന്നത്. സാംക്രമിക രോഗങ്ങള്‍ പടരുകയും ജനങ്ങളുടെ പ്രതിഷേധം ശക്തമാകുകയും ചെയ്യുമ്പോള്‍ മാത്രമാണ് അധികൃതര്‍ പേരിന് എന്തെങ്കിലും നടപടി സ്വീകരിക്കുന്നത്.
വിപണിയില്‍ ലഭ്യമാകുന്ന ശീതള പാനീയങ്ങള്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കാനും അവയില്‍ ആരോഗ്യപ്ര ശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഘടകങ്ങള്‍ ഇല്ലെന്ന് ഉറപ്പ് വരുത്താനും കഴിഞ്ഞ ഒക്‌ടോബറില്‍ സുപ്രീം കോടതി ഭക്ഷ്യ സുരക്ഷാ അതോറിറ്റിക്ക് ഉത്തരവ് നല്‍കിയതാണ്. ശീതളപാനീയങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേകം സമിതിയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹരജിയിന്മേല്‍ നല്‍കിയ ഈ ഉത്തരവിന് അധികൃതര്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നില്ലെന്നാണ് പാനയോഗ്യമല്ലാത്ത ജലവും ഐസും ഉപയോഗിച്ചു നിര്‍മിക്കുന്ന ശീതള പാനീയങ്ങളുടെ വ്യാപകമായ വില്‍പ്പന നല്‍കുന്ന വ്യക്തമായ സൂചന. ഇടക്കിടെയുള്ള പരിശോധനയും നിയമനടപടികളും കര്‍ശനമാക്കുന്നതോടൊപ്പം ഇത്തരം പാനീയങ്ങളുടെ ഉപയോഗം മൂലമുള്ള ഭവിഷ്യത്തിനെക്കുറിച്ചു ജനങ്ങളിലും വിദ്യാര്‍ഥികള്‍ക്കിടയിലും നിരന്തര ബോധവത്കരണവും ആവശ്യമാണ്.