ക്രമസമാധാന പാലനത്തിന് 4234 അംഗ സുരക്ഷാ സേന

Posted on: April 9, 2014 11:35 am | Last updated: April 9, 2014 at 11:35 am

മലപ്പുറം: തിരഞ്ഞെടുപ്പ് ക്രമസമാധാന പാലനത്തിനായുള്ള സുരക്ഷാസേന ഇന്ന് വൈകീട്ടോടെ അതത് കേന്ദ്രങ്ങളില്‍ ചുമതലയേല്‍ക്കും. ബൂത്തുകളുടെ സുരക്ഷ, ഗ്രൂപ്പ് പട്രോള്‍, ക്രമസമാധാന പാലനം എന്നിങ്ങനെ മൂന്ന് സെക്റ്ററുകളാക്കി തിരിച്ചാണ് പോലീസിനെ വിന്യസിക്കുന്നത്.
അടിയന്തര ഘട്ടങ്ങളില്‍ പ്രതിരോധം തീര്‍ക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ച സായുധ സേനയെയും സജ്ജമാക്കിയിട്ടുണ്ട്. എസ് പി, ഡി വൈ എസ് പിമാര്‍, സി ഐമാര്‍ എന്നിവരുടെ കീഴിലായി 333 സായുധ സേനാ സംഘമാണുള്ളത്.
ഓരോ പോലീസ് സ്റ്റേഷന് കീഴിലും തിരഞ്ഞെടുപ്പ് ക്രമസമാധാന പാലനത്തിനായി രണ്ട് വീതം സെക്റ്റര്‍ പോലീസിനെ വിന്യസിക്കും. ജില്ലയിലെ പോളിംഗ് ബൂത്തുകളെ 131 ഗ്രൂപ്പുകളാക്കി തിരിച്ചാണ് പോലീസ് സുരക്ഷ ഒരുക്കുന്നത്. പത്ത് പോളിംഗ് ബില്‍ഡിങുകള്‍ അടങ്ങുന്നതാണ് ഒരു ഗ്രൂപ്പ്. പോലീസ് സ്റ്റേഷനുകളില്‍ നിന്ന് വേഗത്തില്‍ എത്തിപ്പെടാവുന്ന ബൂത്തുകളെ ഉള്‍പ്പെടുത്തിയാണ് ഗ്രൂപ്പുകളാക്കിയത്. ഒരു ബൂത്തില്‍ ഒന്ന് വീതം പോലീസുകാരെയും ആവശ്യത്തിന് സ്‌പെഷല്‍ പോലീസ് ഓഫീസര്‍വരെയുള്ള (എസ്.പി.ഒ.) വരെയും നിയോഗിക്കും. ബംഗാളില്‍ നിന്നുള്ള 90 അംഗ സി ഐ എസ് എഫ് സംഘം, മൂന്ന് കമ്പനി കര്‍ണാടക സായുധ പൊലീസ് എന്നിവരും ജില്ലയില്‍ ക്രമസമാധാന പാലനത്തിനുണ്ട്.
ജില്ലയിലെ 2164 പൊലീസുകാര്‍, 948 സ്‌പെഷന്‍ പൊലീസ് ഓഫീസര്‍മാര്‍, വിവിധ ബറ്റാലിയനുകളിലെ പൊലീസുകാര്‍, വിജിലന്‍സ്, ക്രൈംബ്രാഞ്ച്, എക്‌സൈസ്, വനം, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരടക്കം 4234 അംഗ സുരക്ഷാ സേനയാണ് സജ്ജമായത്. 15 ബസുകള്‍, 28 മിനി ബസുകള്‍, 300 ജീപ്പുകള്‍ എന്നിവയും അനുവദിച്ചിട്ടുണ്ട്.
ജില്ലാ പൊലീസ് ചീഫ് എസ് ശശികുമാറിന്റെ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന തിരഞ്ഞെടുപ്പ് സെല്‍ കേന്ദ്രീകരിച്ചാണ് പൊലീസ് വിന്യാസവും മറ്റ് സുരക്ഷാ നടപടി ക്രമങ്ങളും ഒരുക്കുന്നത്.