കൊല്ലത്ത് കണ്ടറിയാം

    Posted on: April 9, 2014 12:17 am | Last updated: April 9, 2014 at 12:17 am

    ആര്‍ എസ് പിയുടെ ചേരിമാറ്റം കൊണ്ടുമാത്രം ദേശീയ ശ്രദ്ധ പതിഞ്ഞ മണ്ഡലമാണ് കൊല്ലം. സംസ്ഥാനത്ത് സി പി എമ്മിന്റെ പോളിറ്റ്ബ്യൂറോ മത്സരിക്കുന്നുവെന്ന പ്രത്യേകതയും കൊല്ലത്തിനുണ്ട്. പരസ്യ പ്രചാരണം അവസാനിച്ചപ്പോള്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് തീര്‍ത്തു പറയാതെ എല്ലാം മനസ്സിലൊളിപ്പിച്ചിരിക്കുകയാണ് മണ്ഡലം. മണ്ഡലത്തില്‍ ഇടതു മുന്നണിയുടെ വിജയത്തെക്കുറിച്ച് യാതൊരു ആശങ്കയുമില്ലെന്ന് പ്രചാരണം അവസാനിക്കുമ്പോള്‍ മുന്നണി ജില്ലാ കണ്‍വീനര്‍ ആര്‍ രാമചന്ദ്രന്‍ അവകാശപ്പെടുന്നുണ്ട്. സംസ്ഥാനത്തും ദേശീയതലത്തിലും നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ അനുകൂലമായതാണ് ഇതിന് കാരണം. ആര്‍ എസ് പി നേതൃത്വത്തിന്റെ ഈ കൂറുമാറ്റം അണികള്‍ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ലെന്നാണ് ഇടതുപക്ഷത്തിന്റെ വിശ്വാസിക്കുന്നത്. ആര്‍ എസ് പിയുടെ വരവുകൊണ്ടു മാത്രം മുന്നണി ശക്തിപ്പെട്ടുവെന്ന് യു ഡി എഫ് ക്യാമ്പ് കരുതുന്നു. ആര്‍ എസ് പിക്ക് നിര്‍ണായക സ്വാധീനമുള്ള മേഖലയാണ് കൊല്ലം. യു ഡി എഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രന് വ്യക്തമായ ഭൂരിപക്ഷമുണ്ടാകുമെന്നാണ് മുന്നണിയുടെ വിലയിരുത്തല്‍.