Connect with us

Ongoing News

മനസ്സ് തുറക്കാതെ വടകര

Published

|

Last Updated

പ്രചാരണത്തിന്റെ തുടക്കം മുതലുള്ള ആകാംക്ഷ തന്നെയാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന വടകരയില്‍ പ്രചാരണം അവസാനിക്കുമ്പോഴും. മുന്‍തൂക്കം ആര്‍ക്കാണെന്ന് പറയാന്‍ പറ്റാത്ത അവസ്ഥ. എണ്ണയിട്ട യന്ത്രം പോലെ, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്നേവരെ നടത്താത്ത പ്രചാരണങ്ങള്‍ക്കൊടുവില്‍ ഇരു മുന്നണികളും വിജയാവകാശങ്ങള്‍ ഉന്നയിക്കുമ്പോഴും പോരാട്ടം കനത്തതാണെന്ന് സമ്മതിക്കുന്നു. ന്യൂനപക്ഷ, ഈഴവ വോട്ടുകളിലും രാഷ്ട്രീയ അടിയൊഴുക്കുകളിലും യു ഡി എഫ് പ്രതീക്ഷവെക്കുമ്പോള്‍ രാഷ്ട്രീയ വോട്ടുകള്‍ക്കൊപ്പം ന്യൂനപക്ഷ വോട്ടുകളിലും എല്‍ ഡി എഫ് പ്രതീക്ഷയര്‍പ്പിക്കുന്നു. ബി ജെ പി വോട്ടുകളിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും ഫലത്തെ സ്വാധീനിക്കും.
രാഷ്ട്രീയപരായി ഇടത് മണ്ഡലമാണെങ്കിലും ഇത്തവണയും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചെറിയ ഭൂരിപക്ഷത്തിന് മണ്ഡലം നിലനിര്‍ത്തുമെന്ന് യു ഡി എഫ് തറപ്പിച്ച് പറയുന്നു. ആര്‍ എം പി സ്വാധീനമുള്ള വടകരയിലും ഈഴവ വോട്ടുകള്‍ നിര്‍ണായകവും കോണ്‍ഗ്രസിന് ഏറെ സ്വാധീനവുമുള്ള കൊയിലാണ്ടിയിലുമാണ് വലിയ പ്രതീക്ഷ.
2004ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് എണ്‍പതിനായിരത്തിന് മുകളില്‍ വോട്ട് വടകരയില്‍ നിന്ന് ലഭിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ തവണ ഇത് 40,391 ആയി ചുരുങ്ങി.
നാദാപുരം, കുറ്റിയാടി മണ്ഡലങ്ങളില്‍ ലീഗിലെ ഒരു വിഭാഗം പരസ്യമായി മുല്ലപ്പള്ളിക്കെതിരെ രംഗത്തെത്തിയത് യു ഡി എഫിന് തിരിച്ചടിയാണ്. ഈ മേഖലകളില്‍ കഴിഞ്ഞ തവണ മത്സര രംഗത്തില്ലാതിരുന്ന എസ് ഡി പി ഐ നേടിയേക്കാവുന്ന വോട്ടും യു ഡി എഫിനെ ആശങ്കപ്പെടുത്തുന്നു.
എന്നാല്‍, കഴിഞ്ഞ തവണ തോറ്റെങ്കിലും മണ്ഡലം തിരിച്ചുപിടിക്കുമെന്ന് എല്‍ ഡി എഫ് അവകാശപ്പെടുന്നു. നാദാപുരം, കുറ്റിയാടി, പേരാമ്പ്ര, തലശ്ശേരി മണ്ഡലങ്ങളില്‍ ന്യൂനപക്ഷ വോട്ടുകള്‍ നല്ലൊരു ഭാഗം ഇത്തവണ തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് എല്‍ ഡി എഫ് പറയുന്നു.

---- facebook comment plugin here -----

Latest