കാലിക്കറ്റില്‍ വെബ്‌സെന്റര്‍ ഉദ്ഘാടന വേദിയില്‍ നിന്ന് വി സി ഇറങ്ങിപ്പോയി

Posted on: April 8, 2014 1:00 am | Last updated: April 8, 2014 at 1:00 am

തേഞ്ഞിപ്പലം: വെബ്‌സെന്റര്‍ ഉദ്ഘാടന വേദിയില്‍ നിന്ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുസ്സലാം ഇറങ്ങിപ്പോയി. ജീവനക്കാര്‍ക്കുള്ള ട്രെയിനിംഗ് സെന്റര്‍ തയ്യാറാക്കാത്തതിന് ഉദ്യോഗസ്ഥരെ ശകാരിച്ചതിനു ശേഷമായിരുന്നു വി സി ചടങ്ങ് പൂര്‍ത്തീകരിക്കാതെ ബഹിഷ്‌കരിച്ച് ഇറങ്ങിപോയത്.
തിങ്കളാഴ്ച വൈകുന്നേരം നാലോടെയായിരുന്നു വെബ് സെന്ററിന്റെ ഉദ്ഘാടനം തീരുമാനിച്ചിരുന്നത്. ഇതനുസരിച്ച് നാട മുറിച്ചതിനു ശേഷം ജീവനക്കാര്‍ക്കായി ഒരുക്കിയ ട്രെയിനിംഗ് സെന്റര്‍ കാണണമെന്ന് വൈസ് ചാന്‍സലര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കമ്പ്യൂട്ടറുകള്‍ സ്ഥാപിക്കാത്തതിനാല്‍ അത് പൂട്ടിക്കിടക്കുകയായിരുന്നു. തുറന്നു കാണണമെന്നാവശ്യപ്പെട്ടതോടെ ജീവനക്കാര്‍ തുറന്നുനല്‍കി. ട്രെയിനിംഗ് സെന്റര്‍ തയ്യാറായിട്ടില്ലെന്ന് ബോധ്യമായതോടെ ഉദ്യോഗസ്ഥരെ ശകാരിച്ച് ഉദ്ഘാടന പ്രസംഗം നടത്താതെ ഇറങ്ങിപ്പോകുകയായിരുന്നു.