Connect with us

Ongoing News

ദമ്പതികളെ കൊലപ്പെടുത്തിയത് ആഭരണങ്ങള്‍ കവരാന്‍

Published

|

Last Updated

പറവൂര്‍: വടക്കേക്കര തുരുത്തിപ്പുറം കുനിയന്‍ തോടത്ത് വീട്ടില്‍ ജോസ് വര്‍ഗീസ്(70) ഭാര്യ റോസിലി(63) എന്നിവരെ വീടിനുള്ളില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി നീണ്ടൂര്‍ മേയ്ക്കാട്ട് വീട്ടില്‍ ജോഷി(45)യെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇപ്പോള്‍ മലപ്പുറം പുളിക്കല്‍ ചേവാലില്‍ ഭാര്യ വീട്ടില്‍ താമസിച്ചുവരുന്ന പ്രതിയെ അവിടെനിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ രണ്ടിന് വൈകീട്ട് ഏഴോടെയാണ് വൃദ്ധ ദമ്പതികള്‍ ഇരുനില വീട്ടില്‍ ദാരുണമായി കൊലചെയ്യപ്പെട്ടത്. പിറ്റേന്ന് രാവിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയവരാണ് ഇവര്‍ കൊലചെയ്യപ്പെട്ട വിവരം അറിയുന്നത്. വൃദ്ധ ദമ്പതികള്‍ തനിച്ചായിരുന്നു താമസം. മകന്‍ റോണോ രണ്ട് വര്‍ഷത്തോളമായി ഒളിവിലാണ്. മകള്‍ ജോസ്‌ലിയും ഭര്‍ത്താവും വിദേശത്താണ്. ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മലപ്പുറം ഭാഗത്തേക്ക് ഒരാള്‍ ടാക്‌സി വിളിച്ചു പോയതായി പോലീസിന് വിവരം ലഭിച്ചത്. തുടരന്വേഷണത്തിലാണ് പ്രതിയെ പിടികൂടാന്‍ കഴിഞ്ഞതെന്ന് പോലീസ് പറഞ്ഞു.
മരിച്ച ദമ്പതികളുടെ മകന്‍ റോണോയുടെ സുഹൃത്താണ് ജോഷി. റോണോയോടൊപ്പം പലവട്ടം വീട്ടില്‍ വന്നിട്ടുണ്ട്. ദമ്പതികളെ ഡാഡി, മമ്മി എന്നാണ് പ്രതി വിളിച്ചിരുന്നത്. റോണോയുടെ സുഹൃത്ത് എന്ന നിലയിലാണ് ഇവര്‍ രാത്രി പ്രതിയെ വീട്ടില്‍ കയറ്റിയത്.
ഇവരെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ച്ച ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ് വെട്ടുകത്തിയുമായി വീട്ടില്‍ ചെന്നതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. വീടിന്റെ മുകള്‍ നിലയില്‍ വെച്ച് ജോസിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം താഴേക്ക് വരുന്ന വഴി കോണിപ്പടിയില്‍ വെച്ച് റോസിലിയെ കാണ്ടപ്പോള്‍ വെട്ടികൊല്ലുകയുമായിരുന്നു. കൊലക്ക് ഉപയോഗിച്ച വെട്ടുകത്തി പോലീസ് കണ്ടെടുത്തിട്ടുണ്ട്.
മരിച്ച ദമ്പതികളുടെ ശരീരത്തില്‍ നിന്നും കവര്‍ന്ന മോതിരം, വള, മാല എന്നിവ മലപ്പുറത്തെ സ്വര്‍ണക്കടയില്‍ പണയം വെച്ചിരിക്കുകയാണ്. മോതിരം പണയം വെച്ചാണ് ടാക്‌സി കൂലി നല്‍കിയത്. ടാക്‌സി ഡ്രൈവര്‍ കൊടുത്ത വിസിറ്റിംഗ് കാര്‍ഡിലെ നമ്പറിലേക്ക് പ്രതി വിളിച്ച് നാട്ടിലെ വിവരങ്ങള്‍ തിരക്കിയത് കേസില്‍ നിര്‍ണായകമായി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങും.