സോണിയയുടെ യാത്ര മുടക്കി മഴ

Posted on: April 8, 2014 6:00 am | Last updated: April 8, 2014 at 12:13 am

sonia gandhiനെടുമ്പാശ്ശേരി: അപ്രതീക്ഷിതമായി വന്ന വേനല്‍മഴ സോണിയ ഗാന്ധിയുടെ യാത്ര തടസ്സപ്പെടുത്തി. ഇന്നലെ ഉച്ചതിരിഞ്ഞ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലും പരിസരപ്രദേശങ്ങളിലും പെയ്ത കനത്ത വേനല്‍മഴയെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്നും സോണിയ വന്ന പ്രത്യേക വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറക്കാനാവാതെ ഒരു മണിക്കൂറോളം ആകാശത്ത് വട്ടമിട്ടു പറന്നു.
മൂന്ന് മണിയോടെ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യേണ്ട വിമാനം 4 മണിയോടെയാണ് എത്തിചേര്‍ന്നത്. കൊച്ചിയിലെത്തിയ ശേഷം ഹെലികോപ്റ്ററില്‍ തൃശൂരിലേക്കും തുടര്‍ന്ന് കോഴിക്കോട്ടേക്കും പോകാനായിരുന്നു തീരുമാനം. എന്നാല്‍ മഴ ശക്തമായതോടെ ഹെലികോപ്റ്റര്‍ യാത്ര റദ്ദാക്കി സോണിയ റോഡ് മാര്‍ഗം തൃശൂര്‍ക്ക് പോയി.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി, കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍, എക്‌സൈസ് തുറമുഖ മന്ത്രി കെ ബാബു, കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ ടി പി ഹസന്‍, കെ എം ഐ മേത്തല്‍, ഡി സി സി പ്രസിഡന്റ് വി ജെ പൗലോസ്, അന്‍വര്‍ സാദത്ത് എംഎല്‍ എ, ബെന്നി ബെഹനാന്‍ എം എല്‍ എ, അജയ് തറയില്‍, ഐ കെ രാജു സോണിയാഗാന്ധിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു.