വിദേശ നിക്ഷേപത്തിന്റെ കരുത്തില്‍ കുതിപ്പ് തുടര്‍ന്ന് സൂചിക

Posted on: April 7, 2014 8:06 am | Last updated: April 7, 2014 at 8:06 am

വിദേശ നിക്ഷേപകരുടെ പിന്തുണയില്‍ ഇന്ത്യന്‍ ഓഹരി വിപണി പുതിയ സാമ്പത്തിക വര്‍ഷത്തിലും മുന്നേറ്റം നിലനിര്‍ത്തുമെന്ന കണക്കുകൂട്ടലിലാണ് ചെറുകിട നിക്ഷേപകര്‍. മാര്‍ച്ചില്‍ വിദേശ ഫണ്ടുകള്‍ ഏതാണ്ട് 20,000 കോടി രൂപയുടെ നിക്ഷേപം നടത്തി. ഇതില്‍ 7500 കോടി രൂപ കഴിഞ്ഞ വാരമാണ് അവര്‍ നിക്ഷേപിച്ചത്. ഫണ്ടുകളുടെ നിക്ഷേപ താത്പര്യത്തില്‍ ബി എസ് ഇ സൂചിക കഴിഞ്ഞവാരം 580 പോയിന്റും നിഫ്റ്റി 203 പോയിന്റും മുന്നേറി.
ബേങ്കിംഗ് ഓഹരികളാണ് പോയ വാരം നിക്ഷേപകരെ ഏറെ ആകര്‍ഷിച്ചത്. എസ് ബി ഐ ഓഹരി വില 12 ശതമാനം വര്‍ധിച്ചു. ബി ഒ ബി, പി എന്‍ ബി, എച്ച് ഡി എഫ് സി തുടങ്ങിയവയും മുന്നേറി. ഡോ. റെഡീസ്, സണ്‍ ഫാര്‍മ, ഇന്‍ഫോസീസ്, വിപ്രോ, എച്ച് സി എല്‍ എന്നിവയും മികവിലാണ്. നിഫ്റ്റിയിലെ 1428 ഓഹരികളില്‍ 855 എണ്ണം വാങ്ങല്‍ താത്പര്യത്തില്‍ മുന്നേറി. അതേസമയം, നിക്ഷേപകരുടെ ലാഭമെടുപ്പും വില്‍പ്പനയും മൂലം 535 ഓഹരികള്‍ക്ക് തിരിച്ചടി നേരിട്ടു.
വിപണിയുടെ റെക്കോര്‍ഡ് മുന്നേറ്റത്തിനിടയില്‍ പത്ത് പ്രമുഖ ഓഹരികളില്‍ എട്ടെണ്ണത്തിന്റെ വിപണി മുല്യം കുതിച്ചു. മൊത്തം 72,095 കോടി രൂപയാണ് വര്‍ധിച്ചത്. എസ് ബി ഐ, ഒ എന്‍ ജി സി, കോള്‍ ഇന്ത്യ ഓഹരികള്‍ക്കാണ് വന്‍ നേട്ടം. റിലയന്‍സ്, ഐ സി ഐ സി ഐ, എച്ച് ഡി എഫ് സി, എച്ച് ഡി എഫ് സി ബേങ്ക്, ഐ റ്റി സി എന്നിവയും തിളങ്ങി.
ചെവ്വാഴ്ച നടക്കുന്ന റിസര്‍വ് ബേങ്ക് വായ്പ്പ അവലോകനത്തില്‍ പലിശ നിരക്കുകളില്‍ മാറ്റം വരുത്തില്ലെന്ന കണക്കുകൂട്ടലിലാണ് വിപണി. വിനിമയ വിപണിയില്‍ ഡോളറിനു മുന്നില്‍ രൂപ കൈവരിച്ച നേട്ടം ഓപറേറ്റര്‍മാരുടെ വിശ്വാസത്തിനു ശക്തിപകരുന്നു. ഡോളറിനു മുന്നില്‍ രൂപയുടെ മുല്യം ആഗസ്റ്റിനു ശേഷമുള്ള ഏറ്റവും മികച്ച നിലവാരമായ 59.68 ലാണ്. നേരത്തെ രൂപയുടെ മുല്യം 69 ലേക്ക് തകര്‍ന്നിരുന്നു.
അതേസമയം, രൂപയുടെ തിരിച്ചുവരവ് കയറ്റുമതി മേഖലക്ക് തിരിച്ചടിയാകും. 2013 ഏപ്രില്‍ 2014 ഫെബ്രുവരി കാലയളവില്‍ കയറ്റുമതി 4.85 ശതമാനം വര്‍ധിച്ച് 282.77 ബില്യന്‍ ഡോളറായി. തൊട്ട് മുന്ന് വര്‍ഷം ഇതേ കാലയളവില്‍ കയറ്റുമതി 269.85 ബില്യന്‍ ഡോളറായിരുന്നു. അതേ സമയം, ഫെബ്രുവരിയില്‍ രൂപയുടെ തിരിച്ചുവരവ് മൂലം കയറ്റുമതി 25.68 ബില്യന്‍ ഡോളറായി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 26.66 ബില്യന്‍ ഡോളറായിരുന്നു.
ബോംബെ സൂചിക പിന്നിട്ടവാരം മുന്ന് ശതമാനം മുന്നേറി ക്കൊണ്ട് 580 പോയിന്റ് വര്‍ധിച്ചു. സൂചിക 21,922 ല്‍ നിന്ന് 22,363.97 വരെ ഉയര്‍ന്ന റെക്കോര്‍ഡ് സ്ഥാപിച്ച ശേഷം വാരാന്ത്യം 22,340 ലാണ്. ഈവാരം ബി എസ് ഇ യുടെ ആദ്യ തടസ്സം 22,495-22,650 ലാണ്. വിപണി ഒരു സാങ്കേതിക തിരുത്തലിനു മുതിര്‍ന്നാല്‍ 22,053-21,766 പോയിന്റില്‍ താങ്ങ് പ്രതീക്ഷിക്കാം.
നിഫ്റ്റി 6510 ല്‍ നിന്നുള്ള മുന്നേറ്റത്തില്‍ വാരാവസാനം 6702 വരെ ഉയര്‍ന്ന് റെക്കോര്‍ഡ് സ്ഥാപിച്ചു. ക്ലോസിംഗ് വേളയില്‍ സൂചിക 6696 ലാണ്. ഈവാരം നിഫ്റ്റിക്ക് 6772-6828 ല്‍ പ്രതിരോധമുണ്ട്. ഇത് മറികടന്നാല്‍ ഏപ്രിലില്‍ സൂചിക 6954 വരെ മുന്നേറാം. അതേസമയം, സൂചികയുടെ താങ്ങ് 6570-6444ലാണ്.
ബ്രിക്‌സ് രാജ്യങ്ങളില്‍ എറ്റവും കുടുതല്‍ നിക്ഷേപം ഇപ്പോള്‍ ഇന്ത്യയിലാണ്. ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്കയുമായി താരതമ്യം ചെയുമ്പോള്‍ വിദേശ ഫണ്ടുകള്‍ ഇന്ത്യയില്‍ നിക്ഷേപം ഇറക്കാനാണ് കൂടുതല്‍ ഉത്സാഹിക്കുന്നത്.
അമേരിക്കന്‍ മാര്‍ക്കറ്റ് തടര്‍ച്ചയായ രണ്ടാം വാരത്തിലും ചാഞ്ചാട്ടത്തിലാണ്. ഡൗ ജോണ്‍സ് സൂചിക വാരാന്ത്യം 16,323 ലും എസ് ആന്‍ഡ് പി 1857 ലും നാസ്ഡാക് സുചിക 4155 ലുമാണ്.