ജി എം വിത്തുകള്‍

Posted on: April 7, 2014 7:36 am | Last updated: April 7, 2014 at 7:36 am

ജനിതക മാറ്റം വരുത്തിയ വിത്തിനങ്ങള്‍ ഒരിക്കല്‍ കൂടി സജീവ ചര്‍ച്ചയിലേക്ക് വന്നിരിക്കുന്നു. ശാസ്ത്രീയമായ മുന്നേറ്റങ്ങള്‍ കാര്‍ഷിക മേഖലയില്‍ പ്രതിഫലിക്കുന്നതിന്റെ പ്രതീകമായി ഇത്തരം വിത്തിനങ്ങളുടെ പരീക്ഷണത്തെ കാണണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. ഭക്ഷ്യസുരക്ഷക്കായുള്ള ചുവടുവെപ്പെന്നും കേന്ദ്രം വാദിക്കുന്നു. വര്‍ധിച്ച ഭക്ഷ്യ വസ്തു ഉപഭോഗത്തെ അഭിമുഖീകരിക്കുന്നതിന് പാരമ്പരാഗത വിത്തിനങ്ങളോ ഇപ്പോള്‍ നിലവിലുള്ള അത്യുത്പാദന ശേഷിയുളള വിത്തിനങ്ങളോ പര്യാപ്തമല്ലത്രേ. അടിക്കടി മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയിലും നിരന്തരം അതിജീവന ശേഷി നേടിക്കൊണ്ടിരിക്കുന്ന രോഗ കീടങ്ങളുടെ ആക്രമണത്തിലും ഈ വിത്തിനങ്ങള്‍ക്ക് വിളവ് തരാനാകില്ലെന്നും കൃഷി, പരിസ്ഥിഹ മന്ത്രാലയങ്ങള്‍ സംയുക്തമായി സമര്‍പ്പിച്ച സത്യവാങ്മൂലം വിശദീകരിക്കുന്നു. ലോകത്താകെയുള്ള പരിസ്ഥിതിസ്‌നേഹികളുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് ജി എം വിളകളുടെ പരീക്ഷണവുമായി ഇന്ത്യയെപ്പോലെ ജനനിബിഡമായ ഒരു രാജ്യം മുന്നോട്ട് പോകേണ്ടതുണ്ടോ എന്ന് ഉറക്കെ ചിന്തിക്കേണ്ട സമയമാണ് ഇത്.
ജി എം വിളകള്‍ ഇന്ത്യന്‍ മണ്ണില്‍ പരീക്ഷിക്കരുതെന്ന സാങ്കേതിക വിദഗ്ധ സമിതിയുടെ ശിപാര്‍ശ തള്ളിക്കളയണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. ജനിതക മാറ്റം വരുത്തിയ വിത്തിനങ്ങള്‍ ഇന്ത്യന്‍ പാടങ്ങളില്‍ പരീക്ഷിക്കുന്നതിനെതിരെ ഒരു കൂട്ടം പരിസ്ഥിതി സംഘടനകള്‍ പൊതുതാത്പര്യ ഹരജികളുമായെത്തിയപ്പോള്‍ ഇതു സംബന്ധിച്ച് വിശദമായ പരിശോധനക്കായി 2012ലാണ് സുപ്രീം കോടതി ആറംഗ വിദഗ്ധ സമിതിയെ നിയോഗിച്ചത്. പഴുതടച്ച പരിശോധനാ സംവിധാനം ആവിഷ്‌കരിക്കും വരെ ജി എം വിളകള്‍ പാടങ്ങളില്‍ പരീക്ഷിക്കുന്നത് സമിതി വിലക്കി. ഈ വിലക്ക് മറികടക്കാന്‍ കോര്‍പ്പറേറ്റ് വിത്ത് കമ്പനികള്‍ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കേയാണ് പരിസ്ഥിതി സംഘടനകള്‍ വീണ്ടും സുപ്രീം കോടതിയില്‍ എത്തിയത്. ജയന്തി നടരാജന്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്നപ്പോള്‍ ജി എം വിളകളുടെ കാര്യത്തില്‍ ശക്തമായ നിലപാട് കൈക്കൊണ്ടിരുന്നു. ജയന്തി പോയി വീരപ്പ മൊയ്‌ലി വന്നപ്പോള്‍ നയം അപ്പടി മാറി. ജി എം വിളകള്‍ മണ്ണിനും പരിസ്ഥിതിക്കും ദോഷകരമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നാണ് പുതിയ നിലപാട്. കേസില്‍ ഈ മാസം മൂന്നാം വാരം വാദം കേള്‍ക്കും.
കഴിഞ്ഞ വെള്ളിയാഴ്ച യോഗം ചേര്‍ന്ന ജനറ്റിക് എന്‍ജിനീയറിംഗ് അപ്രൈസല്‍ കമ്മിറ്റി (ജി ഇ എ സി)യില്‍ ഉയര്‍ന്നു വന്ന നിലപാടാണ് സത്യവാങ്മൂലമായി സുപ്രീം കോടതിയില്‍ എത്തിയത്. നെല്ലിന്റെ നാലും ഗോതമ്പിന്റെയും പരുത്തിയുടെയും രണ്ട് വീതവും ചോളത്തിന്റെയും കടലയുടെയും ഒന്ന് വീതവും ജി എം വിത്തിനങ്ങള്‍ പരീക്ഷിക്കാന്‍ കമ്മിറ്റി അനുമതി നല്‍കി. അതത് സംസ്ഥാനങ്ങളുടെ അനുമതി വേണമെന്നത് മാത്രമാണ് കമ്മിറ്റി മുന്നോട്ടു വെച്ച നിബന്ധന. ഇപ്പോള്‍ എന്‍ ഒ സി ആവശ്യപ്പെട്ട് രംഗത്തുള്ള കമ്പനികളില്‍ ഏറ്റവും പ്രധാനം അമേരിക്കന്‍ കമ്പനിയായ മോണ്‍സാന്റോ തന്നെയാണ്. കമ്മിറ്റിക്ക് മുമ്പാകെ എത്തിയത് 60 അപേക്ഷകളാണ്. ഇവയില്‍ 25 എണ്ണം പരിഗണിച്ചു. 24നും അനുമതി നല്‍കി. പരിസ്ഥിതി മന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന മന്ത്രി വീരപ്പ മൊയ്‌ലി ഈ അനുമതിക്ക് താഴെ ഒപ്പ് വെക്കുകയും ചെയ്തിരിക്കുന്നു. ജയന്തി നടരാജന്‍ ഈ അപേക്ഷകളെല്ലാം മരവിപ്പിച്ച് നിര്‍ത്തിയിരിക്കുകയായിരുന്നുവെന്ന് മനസ്സിലാക്കണം. അവരുടെ മുന്‍ഗാമിയായ ജയറാം രമേഷാണ് സംസ്ഥാനങ്ങളുടെ എന്‍ ഒ സി വേണമെന്ന നിബന്ധന കൊണ്ടുവന്നത്. കൃഷി സംസ്ഥാന വിഷയമാണെന്ന വസ്തുത കണക്കിലെടുത്തായിരുന്നു രമേഷ് ഈ നിലപാടെടുത്തത്. ആന്ധ്രാ പ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, ഹരിയാനാ സംസ്ഥാനങ്ങള്‍ തങ്ങളുടെ കൃഷിയിടങ്ങളില്‍ നിയന്ത്രിത രീതിയില്‍ ജി എം വിത്തുകള്‍ പരീക്ഷിക്കാന്‍ സമ്മതം മൂളിയിട്ടുണ്ട്. എന്നാല്‍ കേരളം, തമിഴ്‌നാട്, കര്‍ണടക, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ബീഹാര്‍, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ അനുമതി നിഷേധിച്ചിരിക്കുന്നു. ജി ഇ എ സിയുടെ പുതിയ തീരുമാനം ജനവിരുദ്ധവും ശാസ്ത്രവിരുദ്ധവുമാണെന്ന് ജി എം ഫ്രീ ഇന്ത്യ സംഘടനയുടെ കണ്‍വീനര്‍ രാജേഷ് കൃഷ്ണന്‍ പറയുന്നു.
ഈ സാഹചര്യത്തില്‍ സുപ്രീം കോടതിയുടെ തീര്‍പ്പ് നിര്‍ണായകമാണ്. ലോകത്താകെയുള്ള പരിസ്ഥിതി ഗവേഷകരും വിദഗ്ധരും കാര്‍ഷിക രംഗത്തെ കുലപതികളും നഖശിഖാന്തം എതിര്‍ത്ത ജി എം വിളകളുടെ പരീക്ഷണത്തിന് ഇന്ത്യന്‍ മണ്ണ് വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വീണ്ടുവിചാരത്തിന് തയ്യാറാകേണ്ടതുണ്ട്. കാര്‍ഷിക രംഗത്തെ പരീക്ഷണങ്ങള്‍ ദൂരവ്യാപകമായ ഫലങ്ങളുളവാക്കുമെന്ന് തിരിച്ചറിയാത്തവരല്ല ഭരണകര്‍ത്താക്കള്‍. ആഗോള കോര്‍പ്പറേറ്റുകളുടെ തീട്ടൂരങ്ങള്‍ക്ക് കീഴ്‌പ്പെടുകയാണ് അവര്‍. ഹരിതവിപ്ലവം ഇന്ത്യന്‍ പാടങ്ങളില്‍ വരുത്തിയ ഭീകരമായ പ്രത്യാഘാതങ്ങള്‍ രാജ്യത്തിന് മുന്നിലുണ്ട്. അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങള്‍. ചാക്ക് കണക്കിന് രാസവളം. മാരകമായ കീടനാശിനികള്‍. തീര്‍ച്ചയായും വിളവ് കൂടി. പക്ഷേ, മണ്ണിന്റെ ജൈവഘടനയില്‍ വലിയ പരുക്കേറ്റു. വന്‍ മുതല്‍മുടക്കുള്ള ഏര്‍പ്പാടായി കൃഷി മാറിയതോടെ ചെറുകിട കര്‍ഷകര്‍ ദുരിതത്തിലായി. ഹരിത വിപ്ലവത്തിന് മുമ്പ് നമ്മുടെ വയനാട്ടില്‍ മാത്രം 120 ഇനം നാടന്‍ നെല്‍ വിത്തിനങ്ങള്‍ ഉണ്ടായിരുന്നു. ഇന്നത് 40 ല്‍ താഴെ ആയി ചുരുങ്ങി. ജി എം വിത്തിനങ്ങള്‍ വരുമ്പോള്‍ ദീര്‍ഘകാലത്ത് എന്തെല്ലാം പ്രത്യാഘാതങ്ങളാണ് വരാന്‍ പോകുന്നതെന്ന് ആര്‍ക്കും പ്രവചിക്കാവതല്ല. കോടിക്കണക്കിന് ഡോളറിന്റെ കച്ചവടമാണ് നടക്കാന്‍ പോകുന്നത്. ബൗദ്ധിക സ്വത്തവകാശ പ്രശ്‌നങ്ങള്‍ വേറെയും. പരമ്പരാഗത വിത്തിനങ്ങളുടെ നശിച്ചാല്‍ പിന്നെ മുന്നോട്ട് പോകാന്‍ കോര്‍പ്പറേറ്റുകളെ ആശ്രയിക്കേണ്ടി വരും. പാശ്ചാത്യരാജ്യങ്ങളില്‍ ജി എം വിത്തിനങ്ങള്‍ വിളയുന്നുണ്ടാകാം. അതിനവര്‍ കൃത്യമായ മുന്‍കരുതലുകള്‍ കൈക്കൊള്ളുന്നുണ്ട്. ജി എം വിളയുന്ന മണ്ണ് സ്വാഭാവിക മണ്ണിനോട് ചേരാതിരിക്കാന്‍ വരെ അവര്‍ നോക്കുന്നു. അതുകൊണ്ട് ജി എം വിളകളുടെ കാര്യത്തില്‍ തീരുമാനമെടുക്കുമ്പോള്‍ ഇന്ത്യ അങ്ങേയറ്റത്തെ സുക്ഷ്മത പുലര്‍ത്തണം.