ലോക്‌സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി

Posted on: April 7, 2014 5:30 am | Last updated: April 8, 2014 at 12:03 am

voteന്യൂഡല്‍ഹി: 16 ാം ലോക്‌സഭയിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഒന്‍പത് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ അസമിലെ അഞ്ചും ത്രിപുരയിലെ ഒരു മണ്ഡലത്തിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. അസമിലെ തേജ്പൂര്‍, കലിയാബോര്‍, ജോറബ്, ബദ്രുഘട്ട്, ലക്കിന്‍പൂര്‍ എന്നിവിടങ്ങളിലും ത്രിപുര വെസ്റ്റിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

അസമില്‍ വോട്ടെടുപ്പ് മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുക. ആകെയുള്ള 14 സീറ്റുകളില്‍ മൂന്നെണ്ണത്തില്‍ 12നും ബാക്കി വരുന്ന ആറിടത്ത് 24നുമാണ് പോളിംഗ്. ത്രിപുരയില്‍ രണ്ടില്‍ ഒരു സീറ്റില്‍ 12ന് വോട്ടെടുപ്പ് നടക്കും. അതീവ പ്രശ്‌ന സാധ്യതയുള്ള സംസ്ഥാനങ്ങള്‍ എന്ന നിലയിലാണ് ഈ രണ്ട് സംസ്ഥാനങ്ങളിലും വിവിധ ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ഉള്‍ഫ തീവ്രവാദികള്‍ ആഹ്വാനം നല്‍കിയിട്ടുണ്ട്. അസമില്‍ ആദ്യ ഘട്ടത്തില്‍ 51 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. കേന്ദ്ര മന്ത്രിമാരായ റാണീ നാരാ, പബാന്‍ സിംഗ് ഘട്ടോവാര്‍, മുന്‍ കേന്ദ്ര മന്ത്രിയും സിറ്റിംഗ് എം എല്‍ എയുമായ ബിജോയ് കൃഷ്ണ, മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ മകന്‍ ഗൗരവ് ഗൊഗോയി എന്നിവരാണ് പ്രമുഖര്‍.

രണ്ടാം ഘട്ട വോട്ടെടുപ്പ് ബുധനാഴ്ചയാണ്. കേരളമടക്കം വോട്ട് ചെയ്യുന്ന ഏപ്രില്‍ 10നാണ് മൂന്നാം ഘട്ടം. മൂന്നാം ഘട്ടത്തിന്റെ പ്രചാരണം നാളെ അവസാനിക്കും.