Connect with us

Ongoing News

ധീരതയോടെ ഇടത്; വീര്യം വിടാതെ വലത്‌

Published

|

Last Updated

ഇരു മുന്നണിക്കും പാലക്കാട്ട് ഇത്തവണ ജീവന്മരണ പോരാട്ടമാണ്. ആദ്യ ഘട്ടത്തില്‍ ഇടതു മുന്നണി ഭൂരിപക്ഷം കൂട്ടാമെന്ന കണക്കുകള്‍ മാത്രം മനസ്സിലിരുത്തി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചെങ്കിലും പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലെത്തുമ്പോള്‍ ചിത്രമാകെ മാറി മറിഞ്ഞിരിക്കുകയാണ്. യു ഡി എഫ് സ്ഥാനാര്‍ഥി എം പി വീരേന്ദ്രകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടു പിടിച്ചതോടെയാണ് പോരാട്ടം ശക്തമാകുന്നത്. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിനേക്കാള്‍ ഇത്തവണ യു ഡി എഫ് ഒറ്റക്കെട്ടാണ്. കോണ്‍ഗ്രസുകാരെല്ലാം ഗ്രൂപ്പിസം മറന്ന് വീരന് പിന്നില്‍ അണിനിരക്കുന്നതുകൊണ്ട് കഴിഞ്ഞ തവണ ഇടത് സ്ഥാനാര്‍ഥിയായ എം ബി രാജേഷ് കഷ്ടിച്ച് ജയിച്ചത് ഇത്തവണ ആവര്‍ത്തിക്കില്ലെന്നാണ് യു ഡി എഫ് കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. അതേസമയം, വിജയം ആവര്‍ത്തിക്കുമെന്ന് ഇടത് നേതൃത്വം വിലയിരുത്തുന്ന മണ്ഡലങ്ങളില്‍ മുന്നിലാണ് പാലക്കാട്. ഇത്തവണ ഇടതു മുന്നണി തിരഞ്ഞെടുപ്പ് വിജയിക്കാത്ത പക്ഷം അത് കനത്ത തിരച്ചടിയാകും. അതുപോലെ വീരേന്ദ്ര കുമാറിനെ പോലെ ഒരാളെ സ്ഥാനാര്‍ഥിയാക്കിയിട്ടും ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാക പറക്കാതെയിരുന്നാല്‍ പാലക്കാട്ട് ഇനി ഒരിക്കലും തിരിച്ചു പിടിക്കാന്‍ സാധ്യമാകില്ലെന്ന മുന്നറിയിപ്പാകും യു ഡി എഫിനത്.

ഇരു മുന്നണികള്‍ക്കും വളക്കൂറുള്ള മണ്ണാണ് പാലക്കാട്. അതുകൊണ്ട് തന്നെയാണ് നെല്ലറയുടെ കോട്ട കാക്കാന്‍ സിറ്റിംഗ് എം പിയും ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എം ബി രാജേഷിനെ രംഗത്തിറക്കിയിട്ടും പിടിച്ചെടുക്കാമെന്ന ഉറച്ച പ്രതീക്ഷയില്‍ സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡന്റായ എം പി വീരേന്ദ്രകുമാര്‍ ശക്തമായ പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. വിജയ പ്രതീക്ഷയില്ലെങ്കിലും കരുത്ത് തെളിയിക്കുന്നതിനുള്ള ശ്രമത്തിലാണ് തീപ്പൊരി പ്രാസംഗികയായ ബി ജെ പിയുടെ ശോഭാ സുരേന്ദ്രനും.

പത്ത് തവണ ഇടതുപക്ഷവും നാല് തവണ വലതു പക്ഷവും ഇവിടെ വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സി പി എം സ്ഥാനാര്‍ഥിയായി എം ബി രാജേഷ് മത്സരിച്ചപ്പോള്‍ സതീശന്‍ പാച്ചേനിയായിരുന്നു കോണ്‍ഗ്രസിന് വേണ്ടി രംഗത്തിറങ്ങിയിരുന്നത്. ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തില്‍ 1820 വോട്ടിനാണ് രാജേഷിന്റെ വിജയം. അതുതന്നെയാണ് യു ഡി എഫിന് ഈ മണ്ഡലത്തില്‍ പ്രതീക്ഷയേകുന്ന പ്രധാന ഘടകം. എന്നാല്‍, 2009ല്‍ നടന്ന മണ്ഡല പുനര്‍നിര്‍ണയം ഭൂമിശാസ്ത്രപരമായി മാത്രമല്ല, രാഷ്ട്രീയമായും മാറ്റങ്ങളുടെ വിത്ത് പാകിയതാണ് ഭൂരിപക്ഷം കുറയാന്‍ കാരണമെന്ന് എല്‍ ഡി —എഫ് വാദിക്കുന്നു.
മണ്ഡല പുനര്‍നിര്‍ണയം കൂടാതെ, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം ബി രാജേഷിന് ഭൂരിപക്ഷം കുറയാന്‍ മറ്റൊരു കാരണം സി പി എം വിമതനായ എം ആര്‍ മുരളിയുടെ സാന്നിധ്യമായിരുന്നു. ജനകീയ വികസന സമിതിയുടെ ബാനറില്‍ 20,896 വോട്ടുകളാണ് മുരളി പിടിച്ചെടുത്തത്. ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ 9,815 വോട്ടുകളും ഒറ്റപ്പാലത്ത് 3,538 വോട്ടുകളും അന്ന് മുരളി നേടിയിരുന്നു. എന്നിട്ടുപോലും ഷൊര്‍ണൂരില്‍ എതിര്‍ സ്ഥാനാര്‍ഥിയായ സതീശന്‍ പാച്ചേനിയേക്കാള്‍ 12,547 വോട്ടും ഒറ്റപ്പാലത്ത് 5,866 വോട്ടും എം ബി രാജേഷ് അധികം നേടി. ഇപ്പോള്‍ എം ആര്‍ മുരളി വീണ്ടും സി പി എമ്മുമായി അടുത്തു കഴിഞ്ഞു. ഈ അടുപ്പം തങ്ങളുടെ ഭൂരിപക്ഷം ഉയര്‍ത്തുമെന്നാണ് എല്‍ ഡി എഫിന്റെ പ്രതീക്ഷ. എന്നാല്‍, മുരളി സി പി എമ്മിനോട് അടുത്തെങ്കിലും അണികള്‍ ഒപ്പമില്ലെന്നും അവര്‍ വിമതരായി തുടരുന്നു എന്നുമാണ് സൂചന. കഴിഞ്ഞ തവണ ഷൊര്‍ണൂരില്‍ കുറച്ച് വ്യക്തിഗത വോട്ടുകള്‍ കിട്ടിയിരുന്നുവെങ്കിലും മറ്റിടങ്ങളില്‍ മാര്‍ക്‌സിസ്റ്റ് വിരുദ്ധ വോട്ടുകളാണ് മുരളി നേടിയതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ആ വോട്ടുകള്‍ ഇപ്പോള്‍ മുരളിക്കൊപ്പം നില്‍ക്കില്ലെന്നാണ് യു ഡി എഫിന്റെ പ്രതീക്ഷ.

കഴിഞ്ഞ തവണ രാജേഷിന് ഭൂരിപക്ഷം കിട്ടിയ മണ്ഡലമാണ് പട്ടാമ്പി. തങ്ങളുടെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണമാണ് അന്ന് രാജേഷിന് വോട്ടുകള്‍ ചോര്‍ന്നു പോയതെന്ന് കോണ്‍ഗ്രസുകാര്‍ വിശ്വസിക്കുന്നു. ഇത്തവണ നാട്ടുകാരുടെ ചിരകാല സ്വപ്‌നമായ പട്ടാമ്പി താലൂക്ക് നിലവില്‍ വന്നതും പിന്നാക്ക വികസന കോര്‍പറേഷന്‍ ഓഫീസ് തുറന്നതും ഉള്‍പ്പെടെ അനേകം വികസന പ്രവര്‍ത്തനങ്ങള്‍ യു ഡി എഫിന് അനുഗ്രഹമായേക്കും. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധമുയര്‍ന്ന മൂന്ന് മണ്ഡലങ്ങളാണ് മണ്ണാര്‍ക്കാട്, മലമ്പുഴ, കോങ്ങാട് എന്നിവ. കഴിഞ്ഞ വര്‍ഷം അട്ടപ്പാടിയിലുണ്ടായ ആദിവാസി ശിശുമരണങ്ങളും ദേശീയ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. കസ്തൂരിരംഗനും ശിശു മരണവും ഇരു മുന്നണികളും പ്രചാരണ വിഷയമാക്കുന്നുണ്ടെങ്കിലും അത് ആര്‍ക്ക് നേട്ടമുണ്ടാക്കുമെന്ന് പറയാനാകില്ല. ഈ മേഖലകളിലെ ആദിവാസി വോട്ടുകള്‍ എങ്ങോട്ടുപോകുമെന്ന കാര്യവും പ്രവചനാതീതമാണ്.

പതിവ് രാഷ്ട്രീയ തന്ത്രങ്ങള്‍ മാറ്റിവെച്ച്, സിറ്റിംഗ് എം പിയായ രാജേഷിന്റെ എം പി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ പ്രചാരണായുധമാക്കിയുള്ള ചുവരെഴുത്തുകളുമായാണ് എല്‍ —ഡി എഫ് രംഗത്തിറങ്ങിയിരിക്കുന്നത്. എന്നാല്‍, എം പി ഫണ്ടില്ലാതെ മറ്റു പദ്ധതികള്‍ കൊണ്ടുവരുന്നതില്‍ രാജേഷ് പരാജയപ്പെട്ടെന്നാണ് യു ഡി എഫ് പ്രചാരണത്തിന്റെ കാതല്‍. സംസ്ഥാന സര്‍ക്കാറിന്റെ മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള നേട്ടങ്ങളുടെ നീണ്ട പട്ടികയാണ് അവര്‍ നിരത്തുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് കഞ്ചിക്കോട് കോച്ച് ഫാക്ടറിയെക്കുറിച്ച് വിവാദം ഉയര്‍ന്നെങ്കിലും പ്രചാരണ രംഗത്ത് അത് സജീവമാകുന്നില്ല. മുന്നണികള്‍ പരസ്പരം പാഴിചാരി അതിനെ വിസ്മരിക്കാനാണ് ശ്രമിക്കുന്നത്. യു ഡി എഫിലേക്കുള്ള ആര്‍ എസ് പിയുടെ വരവ് ഗുണകരമാകുമെന്ന കണക്കുകൂട്ടലില്‍ കോണ്‍ഗ്രസ് നില്‍ക്കുമ്പോള്‍ കെ കൃഷ്ണന്‍കുട്ടി പാര്‍ട്ടി വിട്ടതോടെ സോഷ്യലിസ്റ്റ് ജനതയിലുണ്ടായ ഭിന്നിപ്പ് അനുകൂലമാകുമെന്ന് ഇടതു മുന്നണിയും പ്രതീക്ഷിക്കുന്നു.
ദേശീയ സമിതിയംഗം ശോഭാ സുരേന്ദ്രനിലൂടെ വോട്ടുകള്‍ വര്‍ധിപ്പിക്കാനാണ് ബി ജെ പി ലക്ഷ്യമിടുന്നതെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സി കെ പത്മനാഭന്‍ നേടിയ 68,804 വോട്ടെങ്കിലും നിലനിര്‍ത്താനാകുമോ എന്ന ആശങ്കയും ബി ജെ പിക്കുണ്ട്. ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയായി വന്നതില്‍ ബി ജെ പിയിലെ ഒരു വിഭാഗത്തിനുണ്ടായ അസംതൃപ്തി തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് സൂചന.