നിറവ് പദ്ധതിയിലെ നെല്‍ക്കൃഷി നശിക്കുന്നു

Posted on: April 5, 2014 9:25 am | Last updated: April 5, 2014 at 9:25 am

മാള: പുത്തന്‍ചിറ പഞ്ചായത്ത് പരിധിയില്‍ എം എല്‍ എ കൊട്ടിഘോഷിക്കപ്പെട്ട് നടപ്പാക്കിയ നിറവ് പദ്ധതി പ്രദേശത്തെ നെല്‍കൃഷി ഉപ്പുകേറി നശിക്കുന്നു. കര്‍ഷകര്‍ക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്ന്് എല്‍ ഡി എഫ് കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അതിരൂക്ഷമായ വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ പുഞ്ചകൃഷി ചെയ്ത കര്‍ഷകരാണ് വ്യാപക കൃഷിനാശത്തെ നേരിടുന്നത്. പാണ്ടിപ്പാടം മാങ്കുഴിപ്പാടം എന്നീ പാടശേഖരങ്ങളില്‍ കൃഷിയിറക്കിയ കര്‍ഷകരാണ് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. ഇവരുടെ പുഞ്ചകൃഷി പര്‍ണ തകര്‍ച്ചയാണ് നേരിടുന്നത്. ഇടതുപക്ഷ മുന്നണി നേതാക്കളായ അമ്പാടി വേണു, പി കെ ഡേവിസ്, കെ വി വസന്തകുമാര്‍, എം കെ രാമകൃഷ്ണന്‍, വി എം ചന്ദ്രബോസ്, ലീലാമണി പ്രസന്‍, കെ അരവിന്ദന്‍ എന്നിവര്‍ പാടശേഖരം സന്ദര്‍ശിച്ചു. കൃഷി വകുപ്പ് ഉദ്യോഗസ്ഥരോടും മറ്റും ധനസഹായം അനുവദിക്കാനും കനാല്‍ വഴി വെള്ളമെത്തിക്കാനും പുഞ്ചകൃഷിക്കുള്ള സഹായം നല്‍കാനും നടപടി സ്വീകരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.