Connect with us

Malappuram

മുസ്‌ലിം ലീഗ് 'മണി' ലീഗായി: വൃന്ദ കാരാട്ട്

Published

|

Last Updated

മഞ്ചേരി: സമുദായത്തിന്റെ പേരു പറഞ്ഞ് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് കച്ചവടക്കണ്ണുകളോടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. മതത്തിനോ സമുദായത്തിനോ ഒരു ഗുണവും ചെയ്യാത്ത മുസ്‌ലിം ലീഗ് കേവലം “മണി” ലീഗായി അധഃപതിച്ചിരിക്കയാണ്.
സാധാരണ മുസ്‌ലിംകളുടെ മതവികാരം ചൂഷണം ചെയ്ത് കച്ചവട തന്ത്രം മെനയുന്ന ലീഗ് മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തുകയാണ്. ഡല്‍ഹിയിലെ ചേട്ടന്‍ബാവയായ മന്‍മോഹന്‍സിംഗിനെയും തിരുവനന്തപുരത്തെ അനിയന്‍ബാവയായ ഉമ്മര്‍ചാണ്ടിയെയും പരാജയപ്പെടുത്താന്‍ ലഭിച്ച ഈ അവസരം പാഴാക്കരുത്. സംസ്ഥാന ഖജനാവ് കാലിയാണ്. കഴിഞ്ഞ ഒമ്പതു മാസമായി വിധവ പെന്‍ഷന്‍, ആറുമാസമായി തൊഴിലുറപ്പു പദ്ധതി ജോലിക്കാര്‍ക്കുള്ള വേതനം എന്നിവ വിതരണം ചെയ്തിട്ടില്ല. ലോകത്ത് ഏറ്റവുമധികം ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്ന രാജ്യമായി ഇന്ത്യമാറിയിരിക്കയാണ്. രക്തദാഹികളായ ഇസ്രായേലുമായാണ് ഇന്ത്യയുടെ ആയുധമിടപാട്. പന്ത്രണ്ട് ദശലക്ഷം കോടി രൂപയുടെ ബിസിനസാണ് ഇരു രാജ്യങ്ങളും ആയുധമിടപാടിലൂടെ നടത്തുന്നത്. ഈ പണം ഫലസ്ഥീനികളെ കൊലചെയ്യാനായാണ് ഉപയോഗപ്പെടുത്തുന്നത്. ഫലസ്തീനോട് ഐക്യദാര്‍ഡ്യം പാലിക്കാതെ ലീഗും കോണ്‍ഗ്രസും പാലിക്കുന്ന മൗനം അപലപനീയമാണ്. ഇന്ത്യയുടെ നിലവിലുള്ള വിദേശനയം മാറ്റം വരുത്തണമെന്നാണ് ഇടതു നയം. ആര്‍ എസ് എസിനെതിരെ ഇടത് ബദല്‍ മത നിരപേക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടത് നാടിന്റെ ആവശ്യമാണ്.
1991 മുതല്‍ ജില്ലയില്‍ നിന്നുള്ള എം പിയും മൂന്ന് തവണ മന്ത്രിയുമായ ഇ അഹമ്മദ് മലപ്പുറത്തിന്റെ വികസനത്തിനായി ഒന്നും പ്രവര്‍ത്തിച്ചില്ല. സിറ്റിംഗ് എം പി എന്നാല്‍ കസേരയില്‍ ഇരിക്കുകമാത്രം ചെയ്യുന്ന മന്ത്രിയാണെന്ന് ഇ അഹമ്മദ് തെളിയിച്ചു. റെയില്‍വേ മന്ത്രിയായിട്ടും നിലമ്പൂര്‍ നഞ്ചന്‍കോട് പാത സാക്ഷാത്കരിക്കാന്‍ അഹമ്മദിനായില്ല. മാനവ വിഭവ ശേഷി മന്ത്രിയായപ്പോള്‍ മലപ്പുറത്തിന് യൂണിവേഴ്‌സിറ്റി, ഉന്നത കോളജ് എന്നിവ ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു.
എന്നാല്‍ പെരിന്തല്‍മണ്ണയില്‍ അലിഗര്‍ ക്യാമ്പസിന് 365 ഏക്കര്‍ സ്ഥലം ഏറ്റെടുത്തത് കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരാണ്. പിന്നീട് ഇ അഹമ്മദ് വിദേശ കാര്യ മന്ത്രിയായെങ്കിലും സൗദിയിലെ നിതാഖാത്ത് പ്രശ്‌നത്തില്‍ മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍ ആലംബമില്ലാതെ നാട്ടിലെത്തിയപ്പോള്‍ ഇവര്‍ക്ക് വേണ്ടി എന്തെങ്കിലും നേടിക്കൊടുക്കാനും അദ്ദേഹത്തിനായില്ല.
മലപ്പുറം ലോക്‌സഭാ മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ഥി പി കെ സൈനബയുടെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു വൃന്ദ കാരാട്ട്. പ്രൊഫ. പി ഗൗരി അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി പി കെ സൈനബ, വി എം ഷൗക്കത്ത്, അഡ്വ. ഐ ടി നജീബ്, അഡ്വ. പി എം സഫറുള്ള, അഡ്വ. ബാബു കാര്‍ത്തികേയന്‍, അഡ്വ. ഒ കെ കുഞ്ഞിക്കോയ തങ്ങള്‍ പ്രസംഗിച്ചു.