Connect with us

Ongoing News

കോണ്‍ഗ്രസ് രാജ്യം കുളംതോണ്ടിയെന്ന് ബി ജെ പി കുറ്റപത്രം

Published

|

Last Updated

ന്യൂഡല്‍ഹി: പത്ത് വര്‍ഷത്തെ യു പി എ സര്‍ക്കാറിന്റെ കോട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ബി ജെ പി കുറ്റപത്രമിറക്കി. വന്‍ അഴിമതിയിലൂടെ കോണ്‍ഗ്രസ് രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ കുളം തോണ്ടിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. രാജ്യത്തെ ഏറ്റവും വലിയ അഴിമതി സര്‍ക്കാറാണ് യു പി എ. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അന്തസ്സ് യു പി എ കളഞ്ഞുകുളിച്ചെന്നും കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്തെ സാമ്പത്തിക രംഗം താറുമാറായെന്നും ദാരിദ്ര്യനിര്‍മാര്‍ജനത്തിന്റെ കാര്യത്തില്‍ സമ്പൂര്‍ണ പരാജയമായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു.
പ്രധാനമായി ഒമ്പത് ആരോപണങ്ങളാണ് കുറ്റപത്രത്തില്‍ നിരത്തിയിരിക്കുന്നത്. വന്‍ കുംഭകോണങ്ങളാണ്് സര്‍ക്കാറിന്റെ മുഖമുദ്രയെന്നും കുറ്റപത്രത്തില്‍ വിലയിരുത്തുന്നു. രാജ്യം നേരിടുന്ന വിവിധ ഭീഷണികള്‍ക്കു നേരെ കണ്ണടച്ച സര്‍ക്കാര്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ പൂര്‍ണമായി അവഗണിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ സമ്പൂര്‍ണമായി പരാജയപ്പെട്ട സര്‍ക്കാര്‍, പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിച്ചു.
രാജ്യത്തിന്റെ തലവനായ പ്രധാനമന്ത്രി, സോണിയയും രാഹുലും നയിക്കുന്ന കമ്പനിയുടെ സി ഇ ഒ യെ പോലെയാണ് പ്രവര്‍ത്തിച്ചത്. പൊതു ഖജനാവ് കൊള്ളയടിക്കപ്പെടുന്നത് തടയാന്‍ പ്രധാനമന്ത്രി ഒരു നടപടിയും സ്വീകരിച്ചില്ല. അഴിമതിക്ക് വഴിവെച്ച പല തീരുമാനങ്ങള്‍ക്കും സോണിയയുടെയും രാഹുലിന്റെ അനുവാദം ഉണ്ടായിരുന്നു. ഇതുവഴി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മാന്യത സര്‍ക്കാര്‍ കളഞ്ഞുകുളിച്ചിരിക്കുകയാണ്. ഭരണനിര്‍വഹണത്തിലെ വൈകല്യങ്ങള്‍ക്കും സാമ്പത്തികരംഗത്തിന്റെ തകര്‍ച്ചക്കും രാജ്യത്തിന്റെ സത്കീര്‍ത്തിക്കും ഇത് കളങ്കം ചാര്‍ത്തി.
യു പി എ ഭരണത്തിന്റെ കീഴില്‍ രാജ്യത്തെ ആളോഹരി വരുമാനവും വ്യാവസായിക വളര്‍ച്ചാ നിരക്കും കുറയുകയും ധനക്കമ്മി കൂടുകയും ചെയ്തു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാറിന്റെ ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികള്‍ക്കും ലക്ഷ്യം കാണാനായില്ല. 2ജി സ്‌പെക്ട്രം, കല്‍ക്കരി ഇടപാട്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഐ എസ് ആര്‍ ഒ ദേവാസ് ഇടപാട്, എയര്‍ ഇന്ത്യ അഴിമതി, പ്രതിരോധ ഭൂമി ഇടപാട്, എല്‍ ഐ സി ഭവന വായ്പാ തിരിമറി എന്നിവ വഴി കോടിക്കണക്കിന് രൂപയാണ് പൊതുഖജനാവിന് നഷ്ടമായത്. ഇതിന് പുറമെ ആദര്‍ശ് കുംഭകോണം, അഗുസ്ത വെസ്റ്റ്‌ലാന്‍ഡ് കോപ്റ്റര്‍ ഇടപാട്, റെയില്‍വേ നിയമന തട്ടിപ്പ്, റോബര്‍ട്ട് വദേരയുടെ ഭൂമി ഇടപാട്, ടട്ര ട്രക്ക് തിരിമറി എന്നിവയും സര്‍ക്കാറിന്റെ മുഖമുദ്രകളായിയിരുന്നു.
രാജ്യത്തെ ഐ ഐ ടികളിലെ നാല്‍പ്പത് ശതമാനവും കേന്ദ്ര സര്‍വകലാശാലകളിലെയും മുപ്പത് ശതമാനവും ഐ ഐ എമ്മിലെ 25 ശതമാനവും അധ്യാപക തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. നിയമങ്ങള്‍ ലംഘിച്ചാണ് 27,150 കല്‍പ്പിത സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കിയത്. ആരോഗ്യ സംരക്ഷണത്തിന് ഊന്നല്‍ നല്‍കിയില്ല. ആരോഗ്യം, സാമൂഹിക ക്ഷേമം എന്നിവക്കുള്ള വാര്‍ഷിക വിഹിതം ഓരോ ബജറ്റിലും 20.6 ശതമാനം വെട്ടിക്കുറച്ചുവെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

Latest