മരണ ദൂതുമായി ഹൈടെക് ബസുകള്‍; നടപടിയെടുക്കാതെ അധികൃതര്‍

Posted on: April 5, 2014 12:32 am | Last updated: April 5, 2014 at 12:34 am

കൊല്ലം: സംസ്ഥാനത്തെ നിരത്തുകളില്‍ നടന്ന വിവിധ അപകടങ്ങളില്‍ 13 വര്‍ഷത്തിനുള്ളില്‍ പൊലിഞ്ഞത് 46,371 ജീവനുകള്‍. 2001 മുതല്‍ 2013 ഡിസംബര്‍ വരെ വാഹനാപകടങ്ങളില്‍ മരിച്ചവരുടെ കണക്കാണിത്. ഈ കാലയളവില്‍ സംസ്ഥാനത്ത് അഞ്ച് ലക്ഷത്തോളം വാഹനാപകടങ്ങളാണുണ്ടായത്. ഇതില്‍ പരുക്കേറ്റവരാകട്ടെ ആറ് ലക്ഷത്തോളവും. സാരമായി പരുക്കേറ്റവരില്‍ പലരും ഇപ്പോഴും എഴുന്നേറ്റ് നടക്കാന്‍ പോലുമാകാതെ കിടപ്പിലും ചികിത്സയിലുമാണ്.

മറ്റു ചിലര്‍ മരണത്തിന് കീഴടങ്ങി. അമിത വേഗതയും ഓടിക്കുന്നവരുടെ അശ്രദ്ധയുമാണ് മിക്ക അപകടങ്ങളുടെയും പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.
ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്തെ റോഡുകളില്‍ സ്വകാര്യ ബസുകള്‍ മാത്രം കവര്‍ന്നെടുത്തത് 610 പേരുടെ ജീവനാണ്. ഇന്നലെ ഹരിപ്പാട് ഉണ്ടായ അപകടത്തില്‍ മരിച്ച അഞ്ച് പേര്‍ ഉള്‍പ്പടെയുള്ള 2014ലെ കണക്കുകള്‍ ഇതില്‍ പെടില്ല. അമിത വേഗതയില്‍ കെ എസ് ആര്‍ ടി സി ബസ് മറികടന്ന് വന്ന സ്വകാര്യ ഹൈ ടെക് ബസാണ് ഒരു കുടുംബത്തിലെ നാലു പേരടക്കം അഞ്ച് പേര്‍ സഞ്ചരിച്ചിരുന്ന കാറിനു മുകളിലൂടെ കയറി ഇറങ്ങിയത്.
വേഗപ്പൂട്ട് ഘടിപ്പിക്കാതെയും നിയമം കാറ്റില്‍ പറത്തിയും ചീറിപ്പായുന്ന അന്തര്‍സംസ്ഥാന ബസുകളുടെ നിയമലംഘനം പിഴയില്‍ ഒതുക്കി മോട്ടോര്‍ വാഹന വകുപ്പും പോലീസും നടപടി അവസാനിപ്പിക്കുകയാണ് മിക്കപ്പോഴും ചെയ്യുന്നത്. ബംഗളൂരു, കോയമ്പത്തൂര്‍ ഉള്‍പ്പടെയുള്ള അന്യസംസ്ഥാനങ്ങളിലേക്ക് ദിനംപ്രതി രാവിലെയും വൈകീട്ടും സര്‍വീസ് നടത്തുന്ന വന്‍കിട ടൂറിസ്റ്റ് കമ്പനിക്കാര്‍ ലക്ഷം രൂപവരെയാണ് ഒരു മാസം അമിതവേഗത്തിന് പിഴ കൊടുത്ത് തടിയൂരുന്നത്.
കൊല്ലത്തിന് പുറമേ തലസ്ഥാന നഗരിയില്‍ നിന്നുമുള്‍പ്പടെ നിരവധി ബസുകളാണ് പ്രതിദിന ബംഗളൂരു സര്‍വീസ് നടത്തുന്നത്.
നിയമം അനുവദിക്കുന്ന പരമാവധി വേഗ പരിധി സംസ്ഥാനത്ത് 65 മുതല്‍ 70 കിലോ മീറ്റര്‍ വരെയാണെന്നിരിക്കെ 160 കിലോമീറ്റര്‍ വേഗത്തില്‍ വരെ നിരത്തിലൂടെ ഹൈടെക് ബസുകള്‍ ചീറിപ്പായുന്നതായി പോലീസ് ക്യാമറകളില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ തുടര്‍ച്ചയായി അമിതവേഗത്തില്‍ ഓടുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ക്ക് അധികൃതര്‍ വിമുഖത കാട്ടുകയാണ്.
ഉന്നതങ്ങളില്‍ സ്വാധീനമുള്ള ബസ് മുതലാളിമാരുടെ സമ്മര്‍ദത്തിന് വഴങ്ങി പേരിന് മാത്രം നടപടിയെടുക്കുന്നുണ്ടെന്ന് വരുത്തി തീര്‍ക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്.
സംസ്ഥാനത്ത് വേഗ പൂട്ട് നിര്‍ബന്ധമായതിനാല്‍ ഇത് ബാധകമാക്കാത്ത കര്‍ണാടക സംസ്ഥാനത്ത് രജിസ്‌ട്രേഷന്‍ നടത്തിയാണ് ഈ ബസുകളില്‍ ഏറിയ പങ്കും നിരത്തുകളില്‍ വിലസുന്നത്.
നേരത്തെ കെ എസ് ആര്‍ ടി സി നടത്തിയിരുന്ന അന്തര്‍ സംസ്ഥാന സര്‍വീസായ ഗരുഡ നിര്‍ത്തിയത് ഇത്തരം കമ്പനികളെ സഹായിക്കാനാണെന്ന് ആരോപണമുയര്‍ന്നിരുന്നു.
ജനങ്ങളുടെ ജീവനെടുത്ത് ചീറിപ്പായുന്ന ഹൈ ടെക് ബസുകള്‍ക്ക് വേഗപ്പൂട്ട് ഘടിപ്പിക്കുന്നതിനും നിയമം കര്‍ശനമാക്കുന്നതിനും അധികൃതര്‍ അലംഭാവം തുടര്‍ന്നാല്‍ നിരവധി ജീവനുകള്‍ ഇനിയും നിരത്തുകളില്‍ പിടഞ്ഞ് മരിക്കുന്നത് കാണേണ്ടി വരും.