Connect with us

Editorial

കോബ്ര പോസ്റ്റിന്റെ കണ്ടെത്തല്‍

Published

|

Last Updated

ആസൂത്രിത നീക്കത്തിലൂടെയാണ് ബാബരി മസ്ജിദ് തകര്‍ത്തതെന്നും അന്നത്തെ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന നരസിംഹ റാവുവിന് ഇത് നേരത്തെ അറിയാമായിരുന്നുവെന്നും ഒളിക്യാമറ ഓപ്പറേഷനിലൂടെ കണ്ടെത്തിയതായി കോബ്ര പോസ്റ്റ്. എല്‍ കെ അഡ്വാനി, ഉമാ ഭാരതി, യു പി മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിംഗ,് സാക്ഷി മഹാരാജ്, ആചാര്യ ധര്‍മേന്ദ്ര, വിനയ് കത്യാര്‍ തുടങ്ങിയവരാണ് ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍. വി എച്ച് പിയുടെയും ശിവസേനയുടെയും നേതൃത്വത്തിലാണ് പ്രധാനമായും ഗൂഢാലോചന നടന്നത്. 1992 ജൂണില്‍ കര്‍സേവ പ്രവര്‍ത്തകര്‍ക്കായി ബജ്‌റംഗ്ദള്‍ പരിശീലന ക്യാമ്പ് നടത്തിയിരുന്നു. ഈ ക്യാമ്പിലാണ് കര്‍സേവകര്‍ക്ക് പള്ളി തകര്‍ക്കാനുള്ള നിര്‍ദേശം നല്‍കിയത്. ബാബരി മസ്ജിദ് തകര്‍ക്കുന്നതില്‍ പങ്കെടുത്ത 23 പേരുമായി നടത്തിയ അഭിമുഖത്തെ ആധാരമാക്കിയാണ് കോബ്ര പോസ്റ്റിന്റെ വെളിപ്പെടുത്തല്‍.
ഇന്ത്യക്ക് ഇതൊരു പുതിയ അറിവല്ല. ബാബ്‌രി മസ്ജിദ് ധ്വംസനം ആസൂത്രിതമാണെന്നും നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിന് നിഗൂഢമായ പങ്കാളിത്തം അതിലുണ്ടെന്നും എല്ലാവരും നേരത്തെ മനസ്സിലാക്കിയതാണ്. മസ്ജിദ് തകര്‍ത്തിട്ട് 21 വര്‍ഷങ്ങളേ ആയുള്ളുവെങ്കിലും ആറര പതിറ്റാണ്ടുകള്‍ക്ക് മുമ്പേ അതിന്റെ ആസൂത്രണവും നീക്കങ്ങളും തുടങ്ങിയിട്ടുണ്ട്. 1949ല്‍ പള്ളിയില്‍ വിഗ്രഹം ഒളിച്ചു പ്രതിഷ്ഠിച്ചത് ഇതിന്റെ ആദ്യ ഘട്ടമായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസായിരുന്നു അന്ന് രാജ്യം ഭരിച്ചിരുന്നത്. 1986ല്‍ പൂജ നടത്താനായി പള്ളി തുറന്നുകൊടുത്തതായിരുന്നു അടുത്ത ഘട്ടം. രാജീവ് ഗാന്ധിയായിരുന്നു അന്നത്തെ പ്രധാനമന്ത്രി. ശിലാന്യാസം നടത്താന്‍ അനുമതി നല്‍കിയതും അദ്ദേഹമായിരുന്നു. 1992ല്‍ പള്ളി തകര്‍ക്കുമ്പോഴും കേന്ദ്രം കോണ്‍ഗ്രസിന്റെ കരങ്ങളില്‍ തന്നെ. ഇതൊക്കെ യാദൃച്ഛികമാണെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിശദീകരണമെങ്കില്‍, സംഘ് പരിവാറിന്റെ കൈയേറ്റങ്ങളെ തടയാനോ തിരുത്താനോ ഉള്ള നീക്കങ്ങളൊന്നും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്നതും യാദൃച്ഛികമാണെന്ന് വിശ്വസിക്കണമോ? മസ്ജിദ് ധ്വംസനത്തിനെതിരെ മതേതര ഇന്ത്യയുടെ പ്രതിഷേധം ആളിപ്പടര്‍ന്നപ്പോള്‍, പള്ളി തത്സ്ഥാനത്ത് തന്നെ പുനര്‍നിര്‍മിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അതും പാഴ്‌വാക്കായി എന്നു മാത്രമല്ല, തകര്‍ത്ത പള്ളിയുടെ സ്ഥാനത്ത് തത്കാലിക ക്ഷേത്ര നിര്‍മാണം നടന്നപ്പോഴും ഭരണച്ചെങ്കോലേന്തിയവര്‍ കാഴ്ചക്കാരായി നിന്നു.
ബാബരി മസ്ജിദ് തകര്‍ക്കാന്‍ പോകുന്ന വിവരം രഹസ്യാന്വേഷണ ഏജന്‍സികള്‍ മുഖേന നേരത്തെ മനസ്സിലാക്കിയിരുന്നതായും രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മയടക്കം പല ഉന്നത നേതാക്കളെയും ഇക്കാര്യം അറിയിച്ചിരുന്നുവെന്നും സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയതാണ്. ഇത് മറ്റാരോടും പറയേണ്ടെന്നും ബാബരി മസ്ജിദ് പൊളിക്കപ്പെടേണ്ടത് തന്നെയാണെന്നുമായിരുന്നുവത്രെ അന്നേരം രാഷ്ട്രപതിയുടെ പ്രതികരണം. അന്നത്തെ കേന്ദ്ര ഭരണ കൂടത്തിന്റെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും ഉള്ളിലിരിപ്പ് നന്നായി പ്രതിഫലിപ്പിക്കുന്നുണ്ട് ഈ പ്രതികരണം. മതേതരത്വത്തിനെതിരെ ഹിന്ദുത്വ ഫാസിസം ഉയര്‍ത്തിയ വെല്ലുവിളികളെ പ്രതിരോധിക്കുന്നതിന് പകരം അതിനോട് രാജിയാകുക മാത്രമല്ല, അതിന്റെ വക്താക്കളായി മാറുകയുമായിരുന്നു പാര്‍ട്ടിയുടെ ഉന്നതങ്ങളിലിരുന്ന പലരും.
ഇന്നും സ്ഥിതി വ്യത്യസ്ഥമല്ല. തിരഞ്ഞെടുപ്പടുക്കുമ്പോള്‍ മുസ്‌ലിം സമൂഹത്തിന്റെ പിന്നാക്കാവസ്ഥയെക്കുറിച്ചു വ്യാകുലപ്പെടുന്നതും ചില വാഗ്ദാനങ്ങള്‍ നല്‍കുന്നതുമൊഴിച്ചാല്‍, കാലാകാലങ്ങളായി അവഗണിക്കപ്പെട്ട ഈ വിഭാഗത്തിന്റെ ഉന്നമനത്തിനു വേണ്ടി ക്രിയാത്മകമായ പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെടുന്നില്ല. മാത്രമല്ല, സംഘ്പരിവാറിന്റെ പ്രചാരണ തന്ത്രങ്ങളെ അനുകരിച്ചു “മതേതര” പാര്‍ട്ടികളും സര്‍ക്കാറുകളും മുസ്‌ലിം സമൂഹത്തെ മൊത്തം സംശയ ദൃഷ്ടിയോടെ കാണുകയും, തീവ്രവാദമുദ്ര ചാര്‍ത്തി അകറ്റി നിര്‍ത്തുകയും ചെയ്യുന്നു. ബാബരി മസ്ജിദ് പൊളിച്ചവരും, വംശീയഹത്യയിലൂടെ മുസ്‌ലിം സമൂഹത്തെ ഉന്മൂലനാശം വരുത്താന്‍ തുനിഞ്ഞിറങ്ങിയവരും രാജ്യത്ത് സൈ്വര്യമായി വിഹരിക്കുമ്പോള്‍, ബാബരി ധ്വംസനത്തെ വിമര്‍ശിച്ചവരെയും ചോദ്യം ചെയ്തവരെയും തീവ്രവാദമുദ്ര ചാര്‍ത്തി അഴിക്കുള്ളില്‍ അടച്ചിടുന്നത് ഇന്ത്യന്‍ മതേതരത്വം എവിടെയെത്തിയിരിക്കുന്നുവെന്ന് വ്യക്തമാക്കത്തിരുന്നുണ്ട്. ഈ സാഹചര്യത്തില്‍ സമുദായത്തിന്റെ ശാക്തീകരണത്തിന് മുന്‍കൈയടുക്കേണ്ട മുസ്‌ലിം നേതാക്കള്‍ അധികാര രാഷ്ട്രീയത്തിനു വേണ്ടി പരസ്പരം കടിച്ചു കീറുകയും സമുദായ ശൈഥില്യത്തിന് ആക്കം വര്‍ധിപ്പിക്കുകുയം ചെയ്യുന്നുവെന്നതാണ് ദുഃഖകരം.

Latest