സ്വകാര്യ വിദ്യാലയങ്ങള്‍ക്ക് ഫീസായി ലഭിച്ചത് 470 കോടി

Posted on: April 4, 2014 8:01 pm | Last updated: April 4, 2014 at 8:01 pm

tuition feeദുബൈ: 2013 – 2014 അധ്യായന വര്‍ഷം എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങള്‍ക്ക് ട്യൂഷന്‍ ഫീസായി ലഭിച്ചത് 470 കോടി ദിര്‍ഹമെന്ന് കെ എച്ച് ഡി എ(നോളജ് ആന്‍ഡ് ഹ്യൂമണ്‍ ഡവലപ്‌മെന്റ് അതോറിറ്റി) വ്യക്തമാക്കി.
ദുബൈ പ്രൈവറ്റ് എജ്യുക്കേഷന്‍ ലാന്റ് സ്‌കേപ്പ് 2013 – 2014 എന്ന റിപോര്‍ട്ടിലാണ് കെ എച്ച് ഡി എ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അധ്യയന വര്‍ഷത്തില്‍ ട്യൂഷന്‍ ഫീസായി ശേഖരിച്ച തുക മാത്രമാണിത്. ചില വിദ്യാലയങ്ങള്‍ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിയിട്ടുള്ളതിനാല്‍ ഈ തുകയില്‍ ചെറിയ ശതമാനം കുറവുണ്ടാവും. 1,725 ദിര്‍ഹം മുതല്‍ 98,000 ദിര്‍ഹം വരെയാണ് ഒരു വര്‍ഷം ഓരോ വിദ്യാര്‍ഥിയും ട്യൂഷന്‍ ഫീ ഇനത്തില്‍ വിദ്യാലയങ്ങളില്‍ അടച്ചത്. 19 ശതമാനം കുട്ടികള്‍ 35,000 ദിര്‍ഹമാണ് വാര്‍ഷിക ഫീസായി അടച്ചത്. 42 ശതമാനം 10,000 ദിര്‍ഹത്തില്‍ താഴെയാണ് അടച്ചത്.
വിദ്യാലയങ്ങളില്‍ ചേരുന്ന കുട്ടികളുടെ ശതമാനത്തില്‍ മുന്‍ അധ്യയന വര്‍ഷത്തെ അപേക്ഷിച്ച് 8.3 ശതമാനത്തിന്റെ വര്‍ധനവാണ് 2013 – 2014 അധ്യയന വര്‍ഷത്തില്‍ രേഖപ്പെടുത്തിയത്. 2,43,715 കുട്ടികളായിരുന്നു 2012-2013 അധ്യയന വര്‍ഷം ഉണ്ടായിരുന്നതെങ്കില്‍ 2013 – 2014 അധ്യയന വര്‍ഷത്തില്‍ 23,000 സീറ്റുകള്‍ വര്‍ധിച്ചു.
വിദ്യാലയങ്ങളുടെ മൊത്തം എണ്ണം 158 ആയും ഉയര്‍ന്നു. കുട്ടികളില്‍ 32.2 ശതമാനം ബ്രിട്ടീഷ് വിദ്യാലയങ്ങളിലും 31 ശതമാനം ഇന്ത്യന്‍ വിദ്യാലയങ്ങളിലും 12.7 ശതമാനം യു എ ഇ വിദ്യാലയങ്ങളിലും പഠിക്കുമ്പോള്‍ 18.8 ശതമാനം പഠിക്കുന്നത് അമേരിക്കന്‍ വിദ്യാലയങ്ങളിലാണ്. ബാക്കിയുള്ള കുട്ടികള്‍ ഐ ബി, ഫ്രഞ്ച്, യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം മറ്റ് പാഠ്യ പദ്ധതികള്‍ എന്നിവയാണ് പിന്തടരുന്നത്.
വിദ്യാലയങ്ങളില്‍ ഏറ്റവും കൂടുതല്‍ പഠിക്കുന്നത് ഇന്ത്യക്കാരുടെ കുട്ടികളാണ്. ഇവരുടെ ശതമാനം 34.5 വരും. 12.7 ശതമാനം സ്വദേശികള്‍, ഒമ്പത് ശതമാനം പാക്കിസ്ഥാനികള്‍, 4.9 ശതമാനം ബ്രിട്ടീഷുകാര്‍, 4.4 ശതമാനം ഈജിപ്ഷ്യന്‍ കുട്ടികള്‍, 3.1 ഫിലിപൈന്‍സ്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ കുട്ടികള്‍, 2.8 ശതമാനം സിറിയന്‍, 2.5 ശതമാനം യു എസ്, 2.4 ശതമാനം ഇറാന്‍ എന്നിങ്ങനെയാണ്.
ഉന്നത വിദ്യാഭ്യാസത്തിന് ദുബൈയില്‍ ആകെ 52,586 സീറ്റാണുള്ളത്. മുന്‍ അധ്യയന വര്‍ഷവുമായി താരതമ്യപെടുത്തിയാല്‍ കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ സീറ്റുകളുടെ എണ്ണത്തില്‍ 9.4 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായത്. ബിരുദ പഠനത്തിനാണ് ഏറ്റവും അധികം കുട്ടികള്‍ എന്റോള്‍ ചെയ്തിരിക്കുന്നത്. 71 ശതമാനമാണിത്.
ബിരുദാനന്തര ബിരുദത്തിന് 18 ശതമാനം പേരും ഏഴു ശതമാനം ഫൗണ്ടേഷന്‍ കോഴ്‌സിനുമാണ് എന്റോള്‍ ചെയ്തിരിക്കുന്നതെന്നും കെ എച്ച് ഡി എ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.