ചോക്കാട് വേങ്ങാപരത പൊട്ടി നിവാസികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കും

Posted on: April 4, 2014 8:17 am | Last updated: April 4, 2014 at 8:17 am

കാളികാവ്: മഴക്കാലത്ത് പൂര്‍ണമായും ഒറ്റപ്പെടുന്ന പ്രദേശമായ പൊട്ടി വേങ്ങാപരത നിവാസികള്‍ വോട്ട് ബഹിഷ്‌കരിക്കുന്നു. ചോക്കാട് പഞ്ചായത്തിലെ പൊട്ടി വേങ്ങാപരത പ്രദേശത്തേക്കുള്ള റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നത്.

നിരവധി വര്‍ഷങ്ങളായി പെടയന്താള്‍ പൊട്ടി റോഡിലൂടെ ഗതാഗതം ദുരിത പൂര്‍ണമാണ്. നാല്‍പത്‌സെന്റ് ഭാഗത്ത് നിന്നും വരുന്ന തോട് റോഡാക്കിയാണ് നാട്ടുകാര്‍ ഉപയോഗിക്കുന്നത്. മഴക്കാലം മുഴുവന്‍ വെള്ളം നിറഞ്ഞൊഴുകുന്ന തോടിലൂടെ കാല്‍നട യാത്രപോലും ദുഷ്‌കരമാണ്. നൂറ് കണക്കിന് പാവപ്പെട്ട കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് നിന്ന് ആളുകളെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും പ്രയാസമാണ്. ചോക്കാട് അങ്ങാടിയില്‍ നിന്നും ഓട്ടോ ടാക്‌സികള്‍ പൊട്ടി പ്രദേശത്തേക്ക് വരാന്‍ മടിക്കുകയാണ്. അടുത്തിടെ രോഗിയായ ഒരാളെ ആശുപത്രിയില്‍ എത്തിച്ചത് കൊട്ട ജീപ്പിലാണ്. ഇയാളെ പിന്നീട് മരണപ്പെട്ടതിന് ശേഷവും പൊട്ടിയിലെ വീട്ടിലേക്ക് എത്തിച്ചത് കൊട്ട ജീപ്പില്‍ തന്നെയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
പ്രദേശത്തെ റോഡ് വികസനത്തിനായി മന്ത്രി അനില്‍കുമാറിന്റെ ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കാര്‍ അഭിവാദ്യം അര്‍പ്പിച്ച് ഫഌക്‌സും സ്ഥാപിച്ചിരുന്നു. എന്നാല്‍ രണ്ടര വര്‍ഷം കഴിഞ്ഞിട്ടും റോഡ് വികസനത്തിന് ഒരു നടപടിയും ഉണ്ടായില്ല. ഫഌക്‌സ് ബോര്‍ഡ് അപ്രത്യക്ഷമാവുകയും ചെയ്തു. വാര്‍ഡ് മെമ്പര്‍ക്ക് പോലും ഫണ്ടിനെ കുറിച്ച് ഒന്നും അറിയില്ല.
അവഗണനയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പൊട്ടിയിലെത്തിയ ഒരു സ്ഥാനാര്‍ഥിയുടെ പ്രചരണ വാഹനം തടഞ്ഞിരുന്നു. മന്ത്രി അനില്‍കുമാര്‍ നടത്തിയ അനുരഞ്ജന ശ്രമങ്ങളും വിജയം കണ്ടില്ല. ഇതോടെ ബഹിഷ്‌കരണ തീരുമാനത്തില്‍ നാട്ടുകാര്‍ ഉറച്ച് നില്‍ക്കുകയാണ്. പൊട്ടിയുടെ മറുഭാഗത്ത് പുഴയും ആയതിനാല്‍ പ്രദേശം മഴക്കാലത്ത് പൂര്‍ണ്ണമായി ഒറ്റപ്പെടും. ശക്തമായ മഴയില്‍ പല വീടുകളും വെള്ളത്തിനടിയിലാകുന്നതും ഈ പ്രദേശത്തുകാര്‍ക്ക് ആറ് മാസക്കാലം ദുരിതമാണ് നല്‍കുന്നത്.