എ കെ ആന്റണി അഴിമതി രക്ഷാ മന്ത്രി: വൃന്ദാ കാരാട്ട്

Posted on: April 4, 2014 8:16 am | Last updated: April 4, 2014 at 8:16 am

വണ്ടൂര്‍: എ കെ ആന്റണി രാജ്യരക്ഷാ മന്ത്രിയല്ലെന്നും അഴിമതിയുടെ രക്ഷാമന്ത്രിയാണെന്നും സി പി എം കേന്ദ്ര പോളിറ്റ് ബ്യൂറോ അംഗം വൃന്ദകാരാട്ട് പറഞ്ഞു. വയനാട് മണ്ഡലം സി പി ഐ സ്ഥാനാര്‍ഥി സത്യന്‍ മൊകേരിയുടെ തിരഞ്ഞെടുപ്പ് പ്രചരണ പൊതുസമ്മേളനം നടുവത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
വയനാട് ലോകസഭ മണ്ഡലത്തിലെ നിലവിലെ എം പിയെ മണ്ഡലത്തില്‍ കാണാന്‍പോലും കിട്ടില്ലെന്നും ചാനല്‍ സ്റ്റുഡിയോയില്‍ മാത്രമെ കാണാന്‍ സാധിക്കുകയുള്ളുവെന്നും അവര്‍ കുറ്റപ്പെടുത്തി.
ബി ജെ പിയും കോണ്‍ഗ്രസും കൊടിയുടെ കാര്യത്തില്‍ മാത്രമാണ് വ്യത്യാസമുള്ളത്. അംബാനിമാര്‍ക്കും മറ്റു കോര്‍പ്പറേറ്റുകള്‍ക്കും കൂടുതല്‍ നേട്ടമുണ്ടാക്കാനാണ് ഇരുകൂട്ടരും ശ്രമിച്ച്‌കൊണ്ടിരിക്കുന്നത്.
കോര്‍പ്പറേറ്റുകള്‍ക്ക് വില വര്‍ദ്ദന പിടിച്ചുനിര്‍ത്താനവില്ല. കേന്ദ്രത്തില്‍ മൂന്നാം ബദല് അധികാരത്തിലെത്തിയില്ലെങ്കില്‍ കസ്തുരിരംഗന്‍ റിപ്പോര്‍ട്ട് അടക്കമുള്ള വിഷയങ്ങളില്‍ ജനങ്ങള്‍ക്ക് അനുഭാവപൂര്‍ണമായ നിലാപാട് പ്രതീക്ഷിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. ഇന്നലെ രാവിലെ പതിനൊന്നിനായിരുന്നു പ്രചരണ സമ്മേളനം നടക്കേണ്ടിയിരുന്നെങ്കിലും ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് വൃന്ദകാരാട്ട് സമ്മേളനത്തിനെത്തിയത്. വൈകിയതിനെ തുടര്‍ന്ന് ഇംഗ്ലീഷിലും മലയാളത്തിലും ക്ഷമ ചോദിക്കാനും വൃന്ദ മറന്നില്ല. സി പി എം വണ്ടൂര്‍ ഏരിയാ സെക്രട്ടറി പി രധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.