ശക്തിമില്‍ കൂട്ടമാനഭംഗം: മൂന്ന് പ്രതികള്‍ക്ക് വധശിക്ഷ

Posted on: April 4, 2014 4:30 pm | Last updated: April 5, 2014 at 5:20 pm

rapeമുംബൈ: മുംബൈ ശക്തിമില്ലില്‍ പത്രഫോട്ടോഗ്രാഫര്‍ കൂട്ടബലാത്സംഗത്തിനിരയായ കേസില്‍ മൂന്ന് പേര്‍ക്ക് വധശിക്ഷ വിധിച്ചു. വിജയ് യാദവ്(19), കാസിം ബംഗാളി(21), മുഹമ്മദ് സാലിം അന്‍സാരി(28) എന്നിവര്‍ക്കാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ശാലിനി ഫന്‍സാല്‍കര്‍ വധശിക്ഷ വിധിച്ചത്.

ഇതേ സ്ഥലത്ത് ടെലിഫോണ്‍ ഓപറേറ്ററെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസില്‍ ഈ മൂന്ന് പേര്‍ പ്രതികളായിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ഇവര്‍ക്കെതിരെ കടുത്ത ശിക്ഷ വിധിച്ചത്. 2012ലെ ഡല്‍ഹി കൂട്ടബലാത്സംഗത്തിന് ശേഷമാണ് 376(ഇ) വകുപ്പ് നിലവില്‍ വന്നത്.

‘ഈ കേസിലെ പ്രതികള്‍ക്ക് എന്തെങ്കിലും ദാക്ഷീണ്യം നല്‍കിയാല്‍ അത് നീതിയെ പരിഹസിക്കലാകും. ജീവപര്യന്തം ശിക്ഷ ഇരകള്‍ക്കുള്ള നീതിയാകില്ല’ – വധശിക്ഷ വിധിച്ചുകൊണ്ട് കോടതി വ്യക്തമാക്കി.

18കാരിയായ ടെലിഫോണ്‍ ഓപറേറ്റര്‍ കൂട്ടബലാത്സംഗം ചെയ്യപ്പെട്ടത് കഴിഞ്ഞ ജൂലൈയിലാണ്. ശക്തിമില്ലിന്റെ ഫോട്ടോയെടുക്കാന്‍ സുഹൃത്തിനൊപ്പം പോയ പത്രപ്രവര്‍ത്തക ബലാത്സംഗത്തിനിരയായത് ആഗസ്റ്റിലും. ഈ കേസ് അന്വേഷിക്കാന്‍ തുടങ്ങിയ സംഘത്തിന് ഇതേ സ്ഥലത്ത് വെച്ച് നടന്ന മറ്റൊരു ക്രൂരതയെക്കുറിച്ച് വിവരം ലഭിക്കുകയായിരുന്നു. രണ്ട് സംഭവങ്ങളിലുമായി ഏഴ് പേരെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.