മാനന്തവാടി മണ്ഡലം: വികസനങ്ങള്‍ ഉയര്‍ത്തി കാട്ടി യു ഡി എഫും; അട്ടിമറി വിജയം പ്രതീക്ഷിച്ച് എല്‍ ഡി എഫ്

Posted on: April 4, 2014 6:00 am | Last updated: April 3, 2014 at 9:40 pm

കല്‍പ്പറ്റ: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി മാനന്തവാടിയില്‍ യു ഡി എഫ് ഭൂരിപക്ഷം കൊയ്ത കോണ്‍ഗ്രസ് നേതാവ് എം ഐ ഷാനവാസ് ഇത്തവണ നില മെച്ചപ്പെടുത്തുമെന്നുമാണ് യു ഡി എഫ് നേതാക്കളുടെ കണക്കുകൂട്ടല്‍.
19,463 വോട്ടിന്റെ ഭൂരിപക്ഷമാണ് മാനന്തവാടി മണ്ഡലം നല്‍കിയത്. മാനന്തവാടി മണ്ഡലം പലപ്പോഴും യു ഡി എഫിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന പ്രദേശമാണ്.
എന്നാല്‍, ഇത്തവണ കാറ്റ് മാറി വീശുമെന്നും അട്ടിമറി ഉണ്ടാകുമെന്നുമാണ് ഇടതു മുന്നണിയുടെ പ്രതീക്ഷ. തര്‍ക്കങ്ങളും പരാതികളും വിമര്‍ശങ്ങളും യു ഡി എഫ് ക്യാമ്പിലുണ്ടെങ്കിലും കണക്കുകൂട്ടല്‍ തെറ്റില്ലെന്ന് അവര്‍ ആവര്‍ത്തിക്കുന്നു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 12,734 ആണ് യു ഡി എഫിന്റെ പി കെ ജയലക്ഷ്മിക്ക് ലഭിച്ച ഭൂരിപക്ഷം.
മാനന്തവാടി നിയോജക മണ്ഡലത്തില്‍ 1,74,907 വോട്ടര്‍മാരാണുള്ളത്. പുതിയ കണക്കുകള്‍ വരുമ്പോള്‍ ഇതില്‍ അല്‍പംകൂടി കൂടും.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും അതിന്റെ ഭാഗമായ ലോലപ്രദേശങ്ങളുമാണ് യു ഡി എഫിനെ കുഴക്കുന്ന പ്രധാന വിഷയം. ഇടതുമുന്നണിയുടെ പ്രചാരണായുധവും ഇതുതന്നെ.
എന്നാല്‍, എം പി ഫണ്ടില്‍നിന്നുള്ള വികസന പദ്ധതികളും ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളില്‍ യു ഡി എഫിന്റെ നേതൃത്വത്തിലുള്ള വികസന പരിപാടികളും മറ്റുമാണ് യു ഡി എഫ് മുന്നോട്ടുവെക്കുന്നത്.
തിരുനെല്ലി, തവിഞ്ഞാല്‍, തൊണ്ടര്‍നാട് പഞ്ചായത്തുകളിലാണ് കസ്തൂരി പുകയുന്നത്. കുടിയേറ്റ കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും നിര്‍ണായക സ്വാധീനമുള്ള പ്രദേശങ്ങളാണിത്. ശ്രീചിത്തിര സെന്ററിന് തറക്കല്ലിട്ടില്ലെങ്കിലും ആഗോള നിലവാരത്തിലുള്ള ഈ മെഡിക്കല്‍ സെന്റര്‍ മാനന്തവാടി താലൂക്കില്‍ വരുന്നത് അഭിമാനമായാണ് യു ഡി എഫ് ഉയര്‍ത്തിക്കാണിക്കുന്നത്. വെള്ളമുണ്ട ഗ്രാമപഞ്ചായത്തില്‍ ലീഗിലെ പടലപ്പിണക്കങ്ങള്‍ യു ഡി എഫിനെ ഉലക്കുന്നുണ്ട്. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തിന്റെ ഗതി നിയന്ത്രിക്കുന്നതാണെന്ന് കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
പ്രാദേശിക വിഷയങ്ങള്‍ ആ കാര്യത്തില്‍ വോട്ടിനെ ബാധിക്കുന്നില്ല. എന്നാല്‍, യു ഡി എഫിലെ ഭിന്നത മുതലെടുത്ത് മുന്നോട്ടുപോകാനുള്ള ശ്രമത്തിലാണ് എല്‍ ഡി എഫ് മാനന്തവാടി താലൂക്കില്‍ സി പി എമ്മും സി പി ഐയും തമ്മില്‍ നിലനില്‍ക്കുന്ന ഭിന്നത തിരഞ്ഞെടുപ്പില്‍ പാരയാകുമോയെന്ന ആശങ്കയും മുന്നണിക്കകത്തുണ്ട്.
തവിഞ്ഞാല്‍, മാനന്തവാടി, തിരുനെല്ലി, എടവക എന്നിവിടങ്ങളില്‍ സഹകരണ ബാങ്കുകളിലേക്കുനടന്ന മത്സരത്തില്‍ സി പി ഐയും സി പി എമ്മും കൈകോര്‍ക്കുന്നതിനു പകരം വേറിട്ടാണ് മത്സരിച്ചത്. ഇതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇരുകൂട്ടരും ഒരുമിച്ചാണ് നീങ്ങുന്നത്.
യു ഡി എഫിന്റെ എം ഐ ഷാനവാസും എല്‍ ഡി എഫിന്റെ സത്യന്‍ മൊകേരിയും മാനന്തവാടി നിയോജക മണ്ഡലത്തെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ന്യൂനപക്ഷങ്ങളും ആദിവാസി വിഭാഗങ്ങളും ഇവിടെ നിര്‍ണായകമാണ്.ബി ജെ പിയും മണ്ഡലത്തില്‍ പ്രചാരണം സജീവമാക്കിയിട്ടുണ്ട്.