യുവതിയെ നിരീക്ഷിച്ച സംഭവം: വിചിത്ര വാദങ്ങളുമായി മോഡി സുപ്രീം കോടതിയില്‍

Posted on: April 3, 2014 2:30 pm | Last updated: April 4, 2014 at 7:59 am

modiന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി യുവതിയെ നിരീക്ഷിച്ചത് യുവതിയുടെയും പിതാവിന്റെയും അറിവോടെയായിരുന്നുവെന്ന വിചിത്രവാദവുമായി ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. യുവതിക്ക് ഭീഷണിയുണ്ടായിരുന്നുവെന്നും അതിനാല്‍ സുരക്ഷ കണക്കിലെടുത്താണ് നിരീക്ഷണമേര്‍പ്പെടുത്തിയതെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നു. തനിക്ക് നിരീക്ഷണം ഏര്‍പ്പെടുത്തിയതിന് യുവതി നന്ദി പറഞ്ഞുവെന്ന വാദവും സത്യവാങ്മൂലത്തില്‍ നിരത്തുന്നുണ്ട്. കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഐ എ എസ് ഉദ്യോഗസ്ഥനായ പ്രദീപ് ശര്‍മ നല്‍കിയ ഹരജി പിന്‍വലിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ഗുജറാത്തിലെ ബുജ് സ്വദേശിനിയായ യുവതിയെ 2008 ആഗസ്റ്റ് മുതല്‍ ഒരു വര്‍ഷക്കാലം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് നരേന്ദ്രമോഡി നിരീക്ഷിച്ചുവെന്ന കേസിലാണ് സര്‍ക്കാറിന്റെ സത്യവാങ്മൂലം. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയിലെ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ നിയമിക്കാന്‍ തീരുമാനിച്ചിരുന്നു. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മോഡിയും ഹൈക്കോടതിയിലെ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ രണ്ടംഗ സമിതിയെ നിയോഗിച്ചിരുന്നു.